'ഇന്ത്യന്‍ ടീമിനെ ഭയമില്ല, അടിക്ക് തിരിച്ചടി തന്നെ നല്‍കും'; മുന്നറിയിപ്പുമായി ഇംഗ്ലണ്ട് പരിശീലകന്‍

Last Updated:

രണ്ടാം ടെസ്റ്റിലേറ്റ അടിക്ക് തിരിച്ചടി അടുത്ത ടെസ്റ്റുകളില്‍ നല്‍കിയിരിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

News18
News18
ആവേശകരമായ ലോര്‍ഡ്സ് ടെസ്റ്റില്‍ ഐതിഹാസിക ജയമാണ് വിരാട് കോഹ്ലിയും സംഘവും ആതിഥേയര്‍ക്കെതിരെ നേടിയത്. ഒരു ഘട്ടത്തില്‍ തോല്‍വി മുന്നില്‍ക്കണ്ടതിന് ശേഷമാണ് ഇന്ത്യന്‍ സംഘം ക്രിക്കറ്റിന്റെ മക്കയില്‍ വെന്നിക്കൊടി പാറിച്ചത്. ക്രിക്കറ്റിന്റെ തറവാട്ടുമുറ്റത്ത് ആതിഥേയരായ ഇംഗ്ലണ്ടിനെ 151 റണ്‍സിനാണ് ഇന്ത്യ മുട്ടുകുത്തിച്ചത്. ഇതോടെ അഞ്ച് മത്സര പരമ്പരയില്‍ ഇന്ത്യ 1-0ന് മുന്നിലെത്തി.
ഇപ്പോഴിതാ ലോര്‍ഡ്‌സ് ടെസ്റ്റില്‍ ആക്രമണോത്സുക സമീപനത്തിലൂടെ വിജയം കരസ്ഥമാക്കിയ ഇന്ത്യന്‍ ടീമിന് മുന്നറിയിപ്പുമായി രംഗത്തെത്തുകയാണ് ഇംഗ്ലീഷ് ടീം പരിശീലകന്‍ ക്രിസ് സില്‍വര്‍വുഡ്. വിരാട് കോഹ്ലിയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ടീമിനെ ഒട്ടും ഭയക്കുന്നില്ലെന്ന് സില്‍വര്‍വുഡ് വ്യക്തമാക്കി. രണ്ടാം ടെസ്റ്റിലേറ്റ അടിക്ക് തിരിച്ചടി അടുത്ത ടെസ്റ്റുകളില്‍ നല്‍കിയിരിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
ലോര്‍ഡ്‌സ് ടെസ്റ്റ് ആരാധകര്‍ക്ക് ഇത്രയുമധികം ആവേശകരമാക്കിയത് മത്സരത്തിനിടയില്‍ ഇരു ടീമിലെയും താരങ്ങള്‍ തമ്മില്‍ നടന്ന വാക്‌പോരുകള്‍ ആയിരുന്നു. അവസാന ദിനവും ഇതു തുടര്‍ന്നിരുന്നു. അവസാന ദിനം മുഹമ്മദ് ഷമി- ജസ്പ്രപീത് ബുംറ ജോടി തകര്‍പ്പന്‍ കൂട്ടുകെട്ടുമായി ഇന്ത്യയെ മുന്നോട്ടു നയിക്കവെ വിക്കറ്റ് കീപ്പര്‍ ജോസ് ബട്ട്ലര്‍ ഒട്ടേറെ തവണ പ്രകോപിപ്പിക്കാന്‍ ശ്രമം നടത്തിയിരുന്നു. തൊട്ടുമുമ്പത്തെ ദിവസങ്ങളില്‍ വിരാട് കോഹ്ലിയും ജെയിംസ് ആന്‍ഡേഴ്സനും തമ്മിലും റിഷഭ് പന്തും ജോ റൂട്ടും തമ്മിലുമെല്ലാം ഇത്തരം കൊമ്പുകോര്‍ക്കലുകള്‍ നടന്നിരുന്നു.
advertisement
'ചെറിയ തോതിലുള്ള ഏറ്റുമുട്ടലുകള്‍ ഒന്നും ഞങ്ങള്‍ ഭയക്കുന്നില്ല. അടിച്ചാല്‍ ഞങ്ങള്‍ തിരിച്ചടിക്കും. ഇതൊക്കെയാണ് ടെസ്റ്റ് ക്രിക്കറ്റ് എന്ന് വിശ്വസിക്കുന്ന വ്യക്തിയാണ് ഞാന്‍. അതി ഗംഭീര മത്സരമായിരുന്നു അത്. രണ്ട് രാജ്യങ്ങളെ പ്രതിനിധീകരിക്കുന്ന താരങ്ങള്‍ പരസ്പരം മത്സരിക്കാന്‍ ഇറങ്ങുമ്പോള്‍ ഇത്തരം സംഭവങ്ങള്‍ സ്വാഭാവികമല്ലേ? ഈ വാശി നല്ലതാണെന്നാണ് ഞാന്‍ കരുതുന്നത്. ഞാന്‍ അത് ആസ്വദിക്കുകയും ചെയ്യുന്നു. മത്സരം തോറ്റതില്‍ ഞങ്ങള്‍ നിരാശരാണ്. ഇന്ത്യന്‍ നിരയിലെ വാലറ്റക്കാരാണ് കളി ഞങ്ങളില്‍ നിന്നും പിടിച്ചെടുത്തത്. അതില്‍ നിന്നും ഞങ്ങള്‍ പിഴവുകള്‍ പഠിച്ചുകഴിഞ്ഞു.'- സില്‍വര്‍വുഡ് പറഞ്ഞു.
advertisement
അതേസമയം മൈതാനത്ത് നടന്ന വൈകാരിക സംഭവങ്ങള്‍ ഇന്ത്യ ഫലപ്രദമായി ഉപയോഗിച്ചുവെന്നാണ് ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ട് പറയുന്നത്. 'വിരാട് കോഹ്ലിക്ക് അദ്ദേഹത്തിന്റേതായ ശൈലിയുണ്ട്. ഞാന്‍ വിശ്വസിക്കുന്നതില്‍ നേര്‍ വിപരീതമാണത്. കോഹ്ലിയുടെ നേതൃത്വത്തിലുള്ള ടീം നന്നായി കളിച്ചു. അവര്‍ വൈകാരിമായി എന്തോ ഒന്നിലേക്ക് എത്തിപ്പെട്ടു. അതോടെ അവര്‍ക്ക് മേല്‍ക്കൈ ലഭിച്ചു. അവര്‍ അത് തന്ത്രപരമായി ഉപയോഗിക്കുകയും ചെയ്തു. ഗ്രൗണ്ടില്‍ ആരെങ്കിലും തമ്മില്‍ ഏതെങ്കിലും തരത്തില്‍ വെറുപ്പോ വിദ്വേഷമോ ഉണ്ടെന്ന് കരുതുന്നില്ല.'- റൂട്ട് പറഞ്ഞു.
advertisement
ഒന്നും അവസാനിച്ചിട്ടില്ലെന്നും പരമ്പരയില്‍ ഇംഗ്ലണ്ട് ശക്തമായി തിരിച്ചുവരുമെന്നും ജോ റൂട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 'ഇന്ത്യ മികച്ച കളിയാണ് പുറത്തെടുത്തത്. ഒരു നായകനെന്ന നിലയില്‍ ഈ തോല്‍വിയുടെ ഭാരം എന്റെ തോളിലാണെന്നാണ് ഞാന്‍ കരുതുന്നത്. ലോര്‍ഡ്‌സില്‍ അവസാന ദിവസത്തെ കടമ്പ കടക്കുവാന്‍ സാധിക്കാത്തതില്‍ നിരാശയുണ്ട്. എന്നാല്‍ ഒന്നും അവസാനിച്ചിട്ടില്ല. പരമ്പരയില്‍ ഇനിയും മത്സരങ്ങള്‍ ബാക്കിയുണ്ടെന്ന് ഓര്‍ക്കണം'- ജോ റൂട്ട് പറഞ്ഞു.
മലയാളം വാർത്തകൾ/ വാർത്ത/Sports/
'ഇന്ത്യന്‍ ടീമിനെ ഭയമില്ല, അടിക്ക് തിരിച്ചടി തന്നെ നല്‍കും'; മുന്നറിയിപ്പുമായി ഇംഗ്ലണ്ട് പരിശീലകന്‍
Next Article
advertisement
ന്യൂമാഹി ഇരട്ടക്കൊലപാതകം; കൊടി സുനിയും ഷാഫിയും ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു
ന്യൂമാഹി ഇരട്ടക്കൊലപാതകം; കൊടി സുനിയും ഷാഫിയും ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു
  • കോടതി, ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരായ വിജിത്തും ഷിനോജും കൊല്ലപ്പെട്ട കേസിലെ പ്രതികളെ വെറുതെവിട്ടു.

  • കോടതി 16 പ്രതികളെയും വെറുതെവിട്ടു, 2 പ്രതികൾ വിചാരണക്കാലയളവിൽ മരണപ്പെട്ടു.

  • പ്രോസിക്യൂഷന്‍ 44 സാക്ഷികളെ വിസ്തരിച്ചു, 14 ദിവസമാണ് വിസ്താരം നടന്നത്.

View All
advertisement