വര്‍ഷങ്ങളുടെ തയ്യാറെടുപ്പുകളും നിക്ഷേപങ്ങളും ആവശ്യമായ ഒന്നാണ് ഫിഫ ലോകകപ്പ്. ഇത്തവണത്തെ ലോകകപ്പില്‍ ഫിഫ നേടിയത് ഏകദേശം 7.5 ബില്യണ്‍ ഡോളറിന്റെ (ഏകദേശം 62,000 കോടി രൂപയുടെ) വരുമാനമാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. 2018 ലെ റഷ്യ ലോകകപ്പില്‍ നേടിയതിനേക്കാള്‍ 1 ബില്യണ്‍ ഡോളര്‍ വര്‍ധനവാണ് ഫിഫ സ്വന്തമാക്കിയിരിക്കുന്നത്.
ഖത്തര്‍ ലോകകപ്പിൽ നിന്ന് ഫിഫ ഏകദേശം 4.7 ബില്യണ്‍ ഡോളർ വരുമാനമാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ഇതിനകം ഫിഫ ഏകദേശം 3.8 മില്യണ്‍ ഡോളറിന്റെ വാണിജ്യ കരാറുകള്‍ സ്വന്തമാക്കിയിരുന്നു. ഇത്തവണ ലോകകപ്പ് നടക്കുന്ന എട്ട് സ്റ്റേഡിയങ്ങളും 50 കിലോമീറ്റര്‍ ചുറ്റളവിലാണ്. ഇത് യാത്രയുടെയും താമസത്തിന്റെയും കാര്യത്തിലുള്ള ചെലവ് ഗണ്യമായി കുറക്കാന്‍ സഹായകമായി.
ഇതിലൂടെ 700,000 ഡോളര്‍ അധിക വരുമാനം നേടാന്‍ ഫിഫക്ക് സാധിച്ചു. ഇതില്‍ 300,000 ഡോളര്‍ കോവിഡ് ദുരിതാശ്വസത്തിനായി നല്‍കുമെന്ന് ഫിഫ അധികൃതർ വ്യക്തമാക്കിയിരുന്നു. അഞ്ച് വിഭാഗങ്ങളില്‍ നിന്നാണ് ഫിഫയ്ക്ക് പ്രധാനമായും വരുമാനം ലഭിക്കുന്നത്. ടെലിവിഷന്‍ സംപ്രേക്ഷണാവകാശം, മാര്‍ക്കറ്റിംഗ് റൈറ്റ്‌സ്, ഹോസ്പിറ്റാലിറ്റി റൈറ്റ്‌സ്, ടിക്കറ്റ് വില്‍പ്പന, ലൈസന്‍സിംഗ് അവകാശങ്ങള്‍, മറ്റ് വരുമാനങ്ങൾ.
ഇതില്‍ ടെലിവിഷന്‍ സംപ്രേക്ഷണാവകാശമാണ് ഫിഫക്ക് ഏറ്റവും കൂടുതല്‍ വരുമാനം നല്‍കുന്നത്. അതായത്, മൊത്തം വരുമാനത്തിന്റെ 56 ശതമാനം ലഭിക്കുന്നത് ടെലിവിഷന്‍ സംപ്രേക്ഷണാവകാശത്തിൽ നിന്നാണ്. തൊട്ടുപിന്നല്‍ 29 ശതമാനം വരുമാനവുമായി മാര്‍ക്കറ്റിംഗ് റൈറ്റ്‌സാണുള്ളത്. ബാക്കിയുള്ളത് 2022 ലെ മൊത്തം റവന്യൂ ബജറ്റിന്റെ 15 ശതമാനമാണ്.
Also read- ഗോൾഡൻ ഗ്ലൗ പുരസ്കാരം വച്ച് അശ്ലീല ആംഗ്യം; അര്‍ജന്റീനന്‍ ഗോളി മാർട്ടിനെസ് വിവാദത്തില്‍
ഫിഫയുടെ ഔദ്യോഗിക വെബ്സൈറ്റിലെ റിപ്പോര്‍ട്ട് അനുസരിച്ച്, 2022 ഫുട്‌ബോള്‍ ലോകകപ്പില്‍ ടെലിവിഷന്‍ സംപ്രേക്ഷണാവകാശത്തിന്റെ വരുമാനത്തിലൂടെ 2.64 ബില്യണ്‍ ഡോളറായിരുന്നു ലക്ഷ്യമിട്ടത്. മാര്‍ക്കറ്റിംഗ് റൈറ്റ്‌സ് വില്‍പനയ്ക്കുള്ള മൊത്തം ബജറ്റ് 1.35 മില്യണ്‍ ഡോളര്‍ ആയിരുന്നു. ഈ വര്‍ഷത്തെ ലൈസന്‍സിംഗ് അവകാശ ബജറ്റ് 140 മില്യണ്‍ ഡോളര്‍ ആയിരുന്നു.
എന്നാല്‍, 2018-ലെ റഷ്യ ലോകകപ്പിനെ അപേക്ഷിച്ച് ഖത്തര്‍ ലോകകപ്പിലെ ടിക്കറ്റുകള്‍ക്ക് 40 ശതമാനം വില കൂടുതലാണെന്ന് ജര്‍മ്മനി ആസ്ഥാനമായുള്ള സ്പോർട്സ് സംഘടനയായ കെല്ലര്‍ സ്‌പോര്‍ട്‌സ് പറയുന്നു. ഫൈനല്‍ മത്സരത്തിനുള്ള ടിക്കറ്റുകള്‍ക്ക് ശരാശരി 684 പൗണ്ട് (ഏകദേശം 66,200 രൂപ) ആയിരുന്നു വില. മൂന്ന് ദശലക്ഷത്തിലധികം ടിക്കറ്റുകള്‍ വിറ്റഴിഞ്ഞതിനാല്‍, മൊത്തം ടിക്കറ്റ് വരുമാനം ഏകദേശം 1 ബില്യണ്‍ ഡോളര്‍ ആണെന്നാണ് റിപ്പോര്‍ട്ടുകൾ.
Also read- ‘അഭിനന്ദനങ്ങള്‍ സഹോദരാ’; മെസിക്ക് സന്ദേശവുമായി നെയ്മര്‍
അതേസമയം, ബ്രോഡ്കാസ്റ്റിംഗ്, സ്‌പോണ്‍സര്‍ഷിപ്പ് ഡീലുകള്‍, ടിക്കറ്റിംഗ്, ഹോസ്പിറ്റാലിറ്റി എന്നിവയിൽ നിന്ന് 2026 ലോകകപ്പില്‍, 50 ശതമാനം വരുമാന വര്‍ദ്ധനവാണ് ഫിഫ പ്രതീക്ഷിക്കുന്നത്. ഫിഫ ലോകകപ്പ് 2022-ലെ ആവേശകരമായ പോരാട്ടത്തിനൊടുവില്‍ അര്‍ജന്റീന കിരീടം സ്വന്തമാക്കി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.