Copa America | സ്വപ്ന ഫൈനലില്‍ ബ്രസീലിന് തിരിച്ചടി; ഗബ്രിയേല്‍ ജീസസിന് കളിക്കാന്‍ കഴിയില്ല
- Published by:Sarath Mohanan
- news18-malayalam
Last Updated:
ചിലെക്കെതിരായ മത്സരത്തില്‍ മെനയെ അപകടകരമായ രീതിയില്‍ ചലഞ്ച് ചെയ്ത ജീസസിനെ രണ്ട് മത്സരങ്ങളില്‍ നിന്ന് കോണ്‍മെബോള്‍ സസ്‌പെന്റ് ചെയ്യുകയായിരുന്നു.
കോപ്പ അമേരിക്കയില്‍ ഇന്ന് നടന്ന രണ്ടാം സെമി ഫൈനലില്‍ അര്‍ജന്റീന കൊളംബിയയെ തോല്‍പ്പിച്ചതോടെ ലോകമൊട്ടാകെയുള്ള ഫുട്ബോള്‍ ആരാധകര്‍ കാത്തിരുന്ന സ്വപ്ന ഫൈനല്‍ മോഹം പൂവണിഞ്ഞിരിക്കുകയാണ്. ഞായറാഴ്ച മാറക്കാന സ്റ്റേഡിയത്തില്‍ വെച്ചാണ് ഫൈനല്‍ മത്സരം നടക്കുന്നത്. അതേസമയം ഫൈനലിന് ഒരുങ്ങുന്ന ബ്രസീല്‍ ടീമിന് മറ്റൊരു തിരിച്ചടി നേരിട്ടിരിക്കുകയാണ്. ചിലെക്കെതിരായ ക്വാര്‍ട്ടര്‍ ഫൈനലില്‍ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തുപോയ ഗബ്രിയേല്‍ ജീസസിന് ഫൈനലിലും കളിക്കാനാകില്ല.
താരത്തിന് കോണ്‍മെബോള്‍ രണ്ട് മല്‍സരത്തിലാണ് വിലക്ക് നല്‍കിയിരിക്കുന്നത്. പെറുവിനെതിരായ സെമിയില്‍ താരം കളിച്ചിരുന്നില്ല. വിലക്കിനെ കൂടാതെ ജീസസിന് 5000 ഡോളര്‍ പിഴയും വിധിച്ചിട്ടുണ്ട്. ചിലെക്കെതിരായ മത്സരത്തില്‍ മെനയെ അപകടകരമായ രീതിയില്‍ ചലഞ്ച് ചെയ്ത ജീസസിനെ രണ്ട് മത്സരങ്ങളില്‍ നിന്ന് കോണ്‍മെബോള്‍ സസ്‌പെന്റ് ചെയ്യുകയായിരുന്നു. 48ആം മിനിട്ടില്‍ 10 പേരായി ചുരുങ്ങിയിട്ടും ഒരു ഗോള്‍ ബലത്തില്‍ പ്രതിരോധിച്ച് നിന്നാണ് ബ്രസീല്‍ സെമി ഫൈനല്‍ ഉറപ്പിച്ചത്. കഴിഞ്ഞ കോപ്പാ അമേരിക്ക ടൂര്‍ണമെന്റിലും ജീസസിന് ചുവപ്പ് കാര്‍ഡ് ലഭിച്ചിരുന്നു. ഒരു ഗോള്‍ അടിക്കുകയും ഒരു ഗോളിന് വഴിയൊരുക്കുകയും ചെയ്ത ശേഷമായിരുന്നു ജീസസിന്റെ പുറത്താവല്‍. കോച്ച് ടിറ്റെയ്ക്ക് കീഴില്‍ രണ്ട് തവണ ചുവപ്പ് കാര്‍ഡ് വാങ്ങിയ ഏക താരമാണ് മാഞ്ചസ്റ്റര്‍ സിറ്റിയുടെ ജീസസ്.
advertisement
ബ്രസീലിനെതിരായ ഫൈനലില്‍ അര്‍ജന്റീന നായകന്‍ ലയണല്‍ മെസ്സി കളിച്ചേക്കില്ലെന്ന തരത്തില്‍ ചില തെറ്റായ വാര്‍ത്തകളും പ്രചരിക്കുന്നുണ്ട്. കൊളംബിയക്കെതിരായ സെമി ഫൈനല്‍ പോരാട്ടത്തിനിടെ മെസ്സിക്ക് പരിക്ക് പറ്റിയിരുന്നു. മത്സരത്തിനിടെ മെസ്സിയുടെ കണങ്കാലില്‍ നിന്ന് രക്തം ഒലിക്കുന്നത് കാണാമായിരുന്നു. മെസ്സിയുടെ കണങ്കാലിലെ പരുക്ക് ഗുരുതരമാണെന്നും അതുകൊണ്ട് അദ്ദേഹത്തിനു കളിക്കാന്‍ സാധിക്കുമോ എന്ന കാര്യത്തില്‍ സംശയമുണ്ടെന്നുമായിരുന്നു പ്രചാരണങ്ങള്‍.
എന്നാല്‍, ഏറ്റവും ഒടുവില്‍ ലഭിക്കുന്ന റിപ്പോര്‍ട്ട് അനുസരിച്ച് മെസ്സിയുടെ പരുക്ക് അത്ര ഗുരുതരമല്ലെന്നാണ് അറിയുന്നത്. കണങ്കാലില്‍ മെസ്സിക്ക് കഠിനമായ വേദനയുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഫൈനല്‍ വരെയുള്ള ദിവസങ്ങളില്‍ താരത്തിന് പൂര്‍ണ വിശ്രമം അനുവദിച്ചേക്കും. കലാശ പോരാട്ടത്തില്‍ മെസ്സി തന്നെയായിരിക്കും അര്‍ജന്റീനയുടെ തുറുപ്പുചീട്ട്.
advertisement
അര്‍ജന്റീന ജേഴ്‌സിയില്‍ ഒരു കിരീടം തന്റെ കൂടെ ചേര്‍ത്ത് വെക്കുക എന്ന ദീര്‍ഘകാലത്തെ സ്വപ്നം ഇത്തവണ എന്ത് വില കൊടുത്തും പൂര്‍ത്തീകരിക്കാനുള്ള തയ്യാറെടുപ്പിലാണ് മെസ്സി. മിന്നും ഫോമില്‍ കളിക്കുന്ന താരത്തിന് കിരീടം നേടി തന്റെ വിമര്‍ശകരുടെ വായടപ്പിക്കാനുള്ള സുവര്‍ണാവസരമാണിത്. അര്‍ജന്റീന ആരാധകര്‍ കാത്തിരിക്കുന്നതും ഈ ഒരു കാഴ്ച കാണാനാണ്.
ഇതിനു മുമ്പ് 2007ല്‍ ആയിരുന്നു കോപ്പ അമേരിക്ക ഫൈനലില്‍ ബ്രസീലും അര്‍ജന്റീനയും നേര്‍ക്കുനേര്‍ വന്നത്. അന്ന് ബ്രസീല്‍ 3-0ന് വിജയിച്ച് കിരീടം ഉയര്‍ത്തിയിരുന്നു. 2004ലെ കോപ്പ അമേരിക്ക ഫൈനലിലും ബ്രസീല്‍ അര്‍ജന്റീനയെ തോല്‍പ്പിച്ചിരുന്നു. യൂറോ കപ്പിന്റെ ആവേശത്തിനിടയില്‍പ്പെട്ട് മുങ്ങിപ്പോയ കോപ്പയ്ക്ക് ഒരു ഉയിര്‍ത്തെഴുന്നേല്‍പ്പ് നല്‍കാന്‍ ഈ ഒരു സ്വപ്ന ഫൈനലിന് സാധിക്കും. ലോകമെമ്പാടുമുള്ള ആരാധകരെ പോലെ ടൂര്‍ണമെന്റിന്റെ സംഘാടകരും ഇത് തന്നെയാണ് ആഗ്രഹിക്കുന്നതും.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
July 08, 2021 1:44 AM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
Copa America | സ്വപ്ന ഫൈനലില്‍ ബ്രസീലിന് തിരിച്ചടി; ഗബ്രിയേല്‍ ജീസസിന് കളിക്കാന്‍ കഴിയില്ല