പാരീസ്: ക്ലബ് ഫുട്ബോളിൽ കഴിഞ്ഞ മത്സരങ്ങളിൽ ഗോൾ കണ്ടെത്താൻ വിഷമിച്ച കീലിയൻ എംബാപ്പെയുടെ ഗംഭീര തിരിച്ചുവരവ്. ഫ്രഞ്ച് ലീഗ് വണ്ണിൽ 12 മിനിട്ടിനിടെ നേടിയ ഹാട്രിക്ക് ഉൾപ്പടെ അഞ്ചു ഗോളടിച്ചാണ് എംബാപ്പെ തകർപ്പൻ ഫോമിലേക്ക് തിരിച്ചെത്തിയത്. എംബാപ്പെയുടെ ഗോളടി മികവിൽ പി.എസ്.ജി ഡീകാസിലിനെതിരെ ഏകപക്ഷീയമായ ഏഴു ഗോളിന് തകർത്തു.
കരുത്തരായ മാഴ്സയ്ക്കെതിരായ മത്സരത്തിന് മുന്നോടിയായി ആത്മവിശ്വാസം വർദ്ധിപ്പിക്കാൻ സഹായിക്കുന്നതായിരുന്നു പി.എസ്.ജിയുടെ മിന്നുംവിജയം. ഈ സീസണില്‍ 24 മത്സരങ്ങളില്‍ നിന്ന് 25 ഗോളുകൾ നേടി കഴിഞ്ഞ എംബാപ്പെ, ടോപ് സ്കോറർമാരുടെ പട്ടികയിൽ ഏറെ മുന്നിലാണ്. 23കാരനായ എംബാപ്പെ ഇതോടെ പി.എസ്.ജിയ്ക്കുവേണ്ടിയുള്ള ഗോൾനേട്ടം 196 ആയി ഉയർത്തി. ഇനി നാലുഗോള്‍ കൂടി നേടിയാല്‍ ഉറുഗ്വായുടെ എഡിന്‍സന്‍ കാവാനിയുടെ റെക്കോര്‍ഡിനൊപ്പമെത്താനും എംബാപ്പെയ്ക്ക് സാധിക്കും.
ഒരു മത്സരത്തില്‍ പി.എസ്.ജിയ്ക്കുവേണ്ടി അഞ്ചുഗോള്‍ നേടുന്ന താരമെന്ന നേട്ടവും എംബാപ്പെ സ്വന്തമാക്കി. താരതമ്യേന ദുർബലരായ ടീമിനെതിരെയാണ് പി.എസ്.ജി വൻ വിജയം നേടിയത്. എന്നാൽ തങ്ങളുടെ യഥാർഥ ശക്തി പുറത്തെടുക്കാനായെന്നായിരുന്നു മത്സരശേഷമുള്ള എംബാപ്പെയുടെ പ്രതികരണം. ഈ മത്സരം തങ്ങൾക്കും എതിർ ടീമിനും നല്ല അവസരമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
മെസിക്ക് വിശ്രമം അനുവദിച്ച മത്സരത്തിലാണ് എംബാപ്പെ നിറഞ്ഞാടിയത്. നെയ്മറും എംബാപ്പെയ്ക്കൊപ്പം മത്സരത്തിൽ മുഴുവൻ സമയവും കളിച്ചു. ആദ്യ പകുതിയിലായിരുന്നു എംബാപ്പെയുടെ ഹാട്രിക് പിറന്നത്. നെയ്മറും ആദ്യ പകുതിയിൽ ഗോൾ നേടിയിരുന്നു. ആദ്യ പകുതിയിൽ 4-0ന് മുന്നിലായിരുന്നു പി.എസ്.ജി. രണ്ടാം പകുതിയിൽ പിറന്ന മൂന്നു ഗോളില്‍ രണ്ടെണ്ണം എംബാപ്പെ വകയായിരുന്നു. ഒരെണ്ണം സോളര്‍ നേടി
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.