Ajaz Patel | 'പെർഫെക്ട് ടെൻ ക്ലബ്ബിലേക്ക് സ്വാഗതം'; അജാസ് പട്ടേലിന് കുംബ്ലെയുടെ അഭിനന്ദനം
- Published by:Naveen
- news18-malayalam
Last Updated:
ഇംഗ്ലിഷ് താരം ജിം ലേക്കർ, ഇന്ത്യൻ താരം അനിൽ കുംബ്ലെ എന്നിവർക്കുശേഷം രാജ്യാന്തര ക്രിക്കറ്റിൽ ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ താരമാണ് അജാസ് പട്ടേൽ
ടെസ്റ്റിൽ ഒരു ഇന്നിങ്സിൽ 10 വിക്കറ്റ് നേട്ടം (10 Wicket in an Test Innings) സ്വന്തമാക്കി അപൂർവ റെക്കോർഡിന്റെ ഭാഗമായ ന്യൂസിലൻഡ് സ്പിന്നർ അജാസ് പട്ടേലിന് (Ajaz Patel) അഭിനന്ദനവുമായി ഇന്ത്യയുടെ ഇതിഹാസ താരമായ അനിൽ കുംബ്ലെ (Anil Kumble). അജാസിന് മുൻപ് ഈ നേട്ടം സ്വന്തമാക്കിയിരുന്ന കുംബ്ലെ താരത്തെ 'പെർഫെക്ട് 10 ക്ലബ്ബിലേക്ക്' സ്വാഗതം ചെയ്തുകൊണ്ടാണ് തന്റെ അഭിനന്ദനം രേഖപ്പെടുത്തിയത്.
'ക്ലബ്ബിലേക്ക് സ്വാഗതം അജാസ്. നന്നായി ബൗള്‍ ചെയ്തു. ടെസ്റ്റ് മത്സരത്തിന്റെ രണ്ടാം ദിനത്തിൽ തന്നെ ഈ നേട്ടത്തിൽ എത്താൻ കഴിഞ്ഞുവെന്നത് പ്രത്യേക കഴിവാണ്.' കുംബ്ലെ ട്വിറ്ററിൽ കുറിച്ചു.
Welcome to the club #AjazPatel #Perfect10 Well bowled! A special effort to achieve it on Day1 & 2 of a test match. #INDvzNZ
— Anil Kumble (@anilkumble1074) December 4, 2021
advertisement
ജിം ലേക്കർ, കുംബ്ലെ ശേഷം അജാസ്
1956 ജൂലൈയിലാണ് ഒരു ടെസ്റ്റ് ഇന്നിങ്സിലെ 10 വിക്കറ്റുകളും സ്വന്തമാക്കി ഇംഗ്ലിഷ് താരം ജിം ലേക്കർ ചരിത്രമെഴുതിയത്. അന്ന് ഓസ്ട്രേലിയയ്‌ക്കെതിരെ മാഞ്ചസ്റ്ററിലായിരുന്നു ലേക്കറിന്റെ ചരിത്രനേട്ടം. 51.2 ഓവറിൽ 53 റൺസ് മാത്രം വഴങ്ങിയാണ് ലേക്കർ 10 വിക്കറ്റും സ്വന്തമാക്കിയത്. ഇതിൽ 23 ഓവറുകൾ മെയ്ഡനായിരുന്നു. പിന്നീട് 1999ൽ ഡൽഹിയിലെ ഫിറോസ് ഷാ കോട്‍ലയിൽ ഇന്ത്യൻ താരം അനിൽ കുംബ്ലെ ഈ നേട്ടം ആവർത്തിച്ചു. ബദ്ധവൈരികളായ പാക്കിസ്ഥാനെതിരെയായിരുന്നു കുംബ്ലെയുടെ ഐതിഹാസിക പ്രകടനം. 26.3 ഓവറിൽ 74 റൺസ് വഴങ്ങിയാണ് കുംബ്ലെ 10 വിക്കറ്റ് സ്വന്തമാക്കിയത്.
advertisement
മുംബൈയിൽ നടക്കുന്ന ഇന്ത്യ - ന്യൂസിലൻഡ് ടെസ്റ്റ് പരമ്പരയിലെ രണ്ടാം ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സിലാണ് അജാസ് ഈ അപൂർവ നേട്ടം സ്വന്തമാക്കിയത്. മത്സരത്തിന്റെ ആദ്യ ദിനത്തില്‍ ഓപ്പണർ ശുഭ്മാൻ ഗില്ലിനെ പുറത്താക്കിക്കൊണ്ടാണ് അജാസ് പട്ടേൽ ചരിത്ര നേട്ടത്തിലേക്ക് ചുവടുവെച്ചത്. പിന്നാലെ പൂജാരയെയും കോഹ്ലിയെയും അജാസ് പവലിയനിലേക്ക് മടക്കി. ഒരു വശത്ത് മായങ്ക് അഗർവാൾ പൊരുതി നിന്നപ്പോഴും ശേയസ് അയ്യരിനെ മടക്കി നാലാം വിക്കറ്റും അജാസ് സ്വന്തമാക്കി.
advertisement
രണ്ടാം ദിനം കളി ആരംഭിച്ച ഉടൻ തന്നെ സാഹയെയും അശ്വിനെയും അജാസ് മടക്കി. അപ്പോഴും പത്ത് വിക്കറ്റ് നേട്ടം അജാസ് സ്വന്തമാക്കുമെന്ന് ആരും കരുതിയില്ല. 150 റൺസ് നേടിയ മായങ്ക് അഗർവാളിനെ പുറത്താക്കിയതോടെയാണ് അജാസ് ചരിത്രനേട്ടത്തിലേക്കാണ് യാത്ര ചെയ്യുന്നതെന്ന് കമന്റേറ്റർമാർ അടക്കം പറഞ്ഞത്. അടുത്ത മൂന്നു വിക്കറ്റും അതിവേഗത്തിൽ സ്വന്തമാക്കി ജനിച്ച മണ്ണിൽ പുതിയ ചരിത്രം കുറിക്കുകയായിരുന്നു അജാസ്.
മുംബൈയിൽ ജനിച്ച് എട്ടാം വയസ്സിൽ ന്യൂസീലൻഡിലേക്ക് കുടിയേറിയ താരമാണ് അജാസ് പട്ടേൽ. ജനിച്ച നഗരത്തിൽ ജന്മനാടിനെതിരെയാണ് ഈ അപൂർവ നേട്ടമെന്നത് പ്രകടനത്തിന്റെ മാറ്റ് കൂട്ടുന്നു.
advertisement
അജാസിന് പെർഫെക്ട് ടെൻ; അശ്വിൻ, സിറാജ് എന്നിവരിലൂടെ ഇന്ത്യൻ മറുപടി; ഇന്ത്യക്ക് കൂറ്റൻ ലീഡ്
അജാസിന്റെ മിന്നും പ്രകടനത്തിന്റെ ബലത്തിൽ ഇന്ത്യയെ ഒന്നാം ഇന്നിങ്സിൽ ന്യൂസിലൻഡ് 325 റൺസിന് പുറത്താക്കിയെങ്കിലും മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ അവർ ഇന്ത്യൻ ബൗളർമാർക്ക് മുന്നിൽ മുട്ടുമടക്കുകയായിരുന്നു. ഇന്ത്യയുടെ സ്കോർ പിന്തുടർന്ന് ഇറങ്ങിയ അവർക്ക് 62 റൺസ് എടുക്കുന്നതിനിടെ 10 വിക്കറ്റുകളും നഷ്ടമാവുകയായിരുന്നു. നാല് വിക്കറ്റ് വീഴ്ത്തിയ അശ്വിനും മൂന്ന് വിക്കറ്റ് വീഴ്ത്തിയ സിറാജുമാണ് കിവീസിനെ തകർത്തുവിട്ടത്.
advertisement
രണ്ടാം ഇന്നിങ്സിൽ 263 റൺസിന്റെ കൂറ്റൻ ലീഡുമായി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ അവസാനം വിവരം ലഭിക്കുമ്പോൾ വിക്കറ്റ് നഷ്ടം കൂടാതെ 58 റൺസ് എടുത്തിട്ടുണ്ട്. 321 റൺസിന്റെ ലീഡുമായാണ് ഇന്ത്യ ബാറ്റ് ചെയ്യുന്നത്. 28 റൺസ് വീതം നേടി മായങ്ക് അഗർവാളും ചേതേശ്വർ പൂജാരയുമാണ് ക്രീസിൽ. ഫീൽഡിങ്ങിനിടെ വിരലിന് പരിക്ക് പറ്റിയ ശുഭ്മാൻ ഗില്ലിന് പകരം പൂജാര മായങ്കിനൊപ്പം ഇന്നിംഗ്സ് ഓപ്പൺ ചെയ്യാൻ ഇറങ്ങുകയായിരുന്നു.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 04, 2021 5:22 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
Ajaz Patel | 'പെർഫെക്ട് ടെൻ ക്ലബ്ബിലേക്ക് സ്വാഗതം'; അജാസ് പട്ടേലിന് കുംബ്ലെയുടെ അഭിനന്ദനം