നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • IND vs NZ | മുംബൈ ടെസ്റ്റിൽ മായങ്കിന് സെഞ്ചുറി; ആദ്യ ദിനത്തിൽ ഇന്ത്യക്ക് മികച്ച സ്കോർ

  IND vs NZ | മുംബൈ ടെസ്റ്റിൽ മായങ്കിന് സെഞ്ചുറി; ആദ്യ ദിനത്തിൽ ഇന്ത്യക്ക് മികച്ച സ്കോർ

  ഓപ്പണിങ് ബാറ്റർ മായങ്ക് അഗർവാളിന്റെ സെഞ്ചുറിയാണ് ഇന്ത്യക്ക് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്. ടെസ്റ്റിൽ തന്റെ നാലാം സെഞ്ചുറിയാണ് മായങ്ക് വാങ്കഡേയിൽ കുറിച്ചത്.

  Image: BCCI, Twitter

  Image: BCCI, Twitter

  • Share this:
   ഇന്ത്യയും ന്യൂസിലൻഡും (IND vs NZ) തമ്മിലുള്ള ടെസ്റ്റ് പരമ്പരയിലെ രണ്ടാം ടെസ്റ്റിന്റെ ഒന്നാം ദിനത്തിൽ ഇന്ത്യക്ക് ഭേദപ്പെട്ട സ്കോർ. ഒന്നാം ദിനത്തിൽ കളി നിർത്തുമ്പോൾ ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തിൽ 221 റൺസെടുത്തിട്ടുണ്ട്. ഓപ്പണിങ് ബാറ്റർ മായങ്ക് അഗർവാളിന്റെ (Mayank Agarwal) സെഞ്ചുറിയാണ് ഇന്ത്യക്ക് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്. ടെസ്റ്റിൽ തന്റെ നാലാം സെഞ്ചുറിയാണ് മായങ്ക് വാങ്കഡേയിൽ കുറിച്ചത്.

   ഒന്നാം ദിനത്തിൽ കളി അവസാനിക്കുമ്പോൾ 246 പന്തുകളിൽ നിന്ന് 14 ഫോറുകളും നാല് സിക്‌സും സഹിതം 120 റൺസോടെ മായങ്കും 53 പന്തുകളിൽ നിന്നും മൂന്ന് ഫോറുകളും ഒരു സിക്‌സും സഹിതം 25 റൺസോടെ സാഹയുമാണ് ക്രീസിൽ. അഞ്ചാം വിക്കറ്റിൽ ഇതുവരെ ഇരുവരും ചേർന്ന് 61 റൺസ് കൂട്ടിച്ചേർത്തിട്ടുണ്ട്. ഇന്ത്യൻ ഇന്നിങ്സിൽ വീണ നാല് വിക്കറ്റും നേടിയത് കിവീസ് സ്പിന്നർ അജാസ് പട്ടേലാണ്.

   മഴ കാരണം ഔട്ട്ഫീല്‍ഡ് നനഞ്ഞതിനെ തുടര്‍ന്ന് വൈകിയാണ് ആദ്യ ദിനത്തിലെ മത്സരം ആരംഭിച്ചത്. 70 ഓവറുകള്‍ മാത്രമാണ് ആദ്യ ദിനം ബൗള്‍ ചെയ്യാനായത്.

   അഞ്ച് വർഷങ്ങൾക്ക് ശേഷം ഒരു അന്താരാഷ്ട്ര ടെസ്റ്റ് മത്സരത്തിന് വേദിയായ മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്കായി ഓപ്പണർമാരായ ശുഭ്മാൻ ഗില്ലും മായങ്ക് അഗർവാളും ചേർന്ന് മികച്ച തുടക്കമാണ് നൽകിയത്. ഓപ്പണിങ് വിക്കറ്റിൽ 80 റൺസാണ് ഈ സഖ്യം കൂട്ടിച്ചേർത്തത്. 71 പന്തുകളിൽ നിന്ന് ഒരു സിക്സും ഏഴു ഫോറുമടക്കം 44 റൺസെടുത്ത ഗില്ലിനെ പുറത്താക്കി അജാസ് പട്ടേലാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്.

   Also read- IND vs NZ | പന്ത് ബാറ്റിൽ തട്ടിയിട്ടും ഔട്ട് വിളിച്ച് അമ്പയർ; ബൗണ്ടറി റോപ്പിൽ അടിച്ച് അരിശം തീർത്ത് കോഹ്ലി

   മികച്ച തുടക്കം ലഭിച്ച് മുന്നേറുകയായിരുന്ന ഇന്ത്യക്ക് പിന്നീട് കാലിടറുകയായിരുന്നു. കിവീസ് സ്പിന്നർ അജാസ് പട്ടേൽ തുടരെ രണ്ട് വിക്കറ്റുകൾ നേടി ഇന്ത്യയെ ഞെട്ടിക്കുകയായിരുന്നു. ഒരോവറിൽ തന്നെ ഇന്ത്യയുടെ വിശ്വസ്ത ബാറ്റർമാരായ ചേതേശ്വർ പൂജാരയെയും ക്യാപ്റ്റൻ വിരാട് കോഹ്‍ലിയെയും അജാസ് മടക്കുകയായിരുന്നു. 30-ാം ഓവറിലെ രണ്ടാം പന്തില്‍ ചേതേശ്വര്‍ പൂജാരയെ (0) ബൗള്‍ഡാക്കിയ താരം ആറാം പന്തില്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‍ലിയെയും (0) മടക്കുകയായിരുന്നു. തനിക്കെതിരായ എല്‍.ബി.ഡബ്ല്യു അപ്പീല്‍ കോഹ്ലി റിവ്യൂ ചെയ്തെങ്കിലും അമ്പയറുടെ തീരുമാനം തിരുത്താൻ കഴിഞ്ഞില്ല.

   തുടരെ മൂന്ന് വിക്കറ്റുകൾ നഷ്ടമായി തകർച്ച മുന്നിൽ കണ്ട ഇന്ത്യയെ നാലാം വിക്കറ്റിൽ മായങ്ക് അഗർവാളും ആദ്യ ടെസ്റ്റിലെ ഹീറോ ശ്രേയസ് അയ്യരും ചേർന്നാണ് രക്ഷിച്ചെടുത്തത്. നാലാം വിക്കറ്റിൽ 80 റൺസ് കൂട്ടിച്ചേർത്ത സഖ്യം ഇന്ത്യയെ പതിയെ കരകയറ്റുകയായിരുന്നു. എന്നാൽ 41 പന്തിൽ 18 റൺസ് എടുത്ത് നിൽക്കുകയായിരുന്ന അയ്യരെ പുറത്താക്കി അജാസ് വീണ്ടും ഇന്ത്യക്ക് തിരിച്ചടി നൽകി.

   തുടർന്ന് അഞ്ചാം വിക്കറ്റിൽ സാഹയെ കൂട്ടുപിടിച്ച് മായങ്ക് കൂടുതൽ നഷ്ടങ്ങൾ വരുത്താതെ ഇന്ത്യയെ മുന്നോട്ട് നയിക്കുകയായിരുന്നു.

   നേരത്തെ മൂന്നു മാറ്റങ്ങളോടെയാണ് ഇന്ത്യ കളത്തിലിറങ്ങിയത്. വിരാട് കോഹ്ലി തിരിച്ചെത്തിയപ്പോൾ അജിങ്ക്യ രഹാനെ പുറത്തിരുന്നു. ഇഷാന്ത് ശർമ, രവീന്ദ്ര ജഡേജ എന്നിവർക്ക് പകരം മുഹമ്മദ് സിറാജ്, ജയന്ത് യാദവ് എന്നിവർ ടീമിലിടം നേടി. മറുവശത്ത് ന്യൂസിലൻഡ് ക്യാപ്റ്റൻ കെയ്ൻ വില്യംസണിന് പകരം ഡാരിൽ മിച്ചൽ കിവീസ് ടീമിൽ ഇടം നേടി. വില്യംസണിന്റെ അഭാവത്തിൽ ടോം ലാതമാണ് കിവീസിനെ നയിക്കുന്നത്.
   Published by:Naveen
   First published: