HOME /NEWS /Sports / IND vs NZ | പന്ത് ബാറ്റിൽ തട്ടിയിട്ടും ഔട്ട് വിളിച്ച് അമ്പയർ; ബൗണ്ടറി റോപ്പിൽ അടിച്ച് അരിശം തീർത്ത് കോഹ്ലി

IND vs NZ | പന്ത് ബാറ്റിൽ തട്ടിയിട്ടും ഔട്ട് വിളിച്ച് അമ്പയർ; ബൗണ്ടറി റോപ്പിൽ അടിച്ച് അരിശം തീർത്ത് കോഹ്ലി

നാല് പന്തുകൾ നേരിട്ട കോഹ്‌ലി പൂജ്യത്തിനാണ് പുറത്തായത്.

നാല് പന്തുകൾ നേരിട്ട കോഹ്‌ലി പൂജ്യത്തിനാണ് പുറത്തായത്.

നാല് പന്തുകൾ നേരിട്ട കോഹ്‌ലി പൂജ്യത്തിനാണ് പുറത്തായത്.

  • Share this:

    ഇന്ത്യയും ന്യൂസിലൻഡും (IND vs NZ) തമ്മിലുള്ള ടെസ്റ്റ് പരമ്പരയിലെ (Test series) രണ്ടാം ടെസ്റ്റിനിടെ തേർഡ് അമ്പയറുടെ തെറ്റായ തീരുമാനത്തിലൂടെ പുറത്തായതിൽ രോഷം പ്രകടിപ്പിച്ച് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി (Virat Kohli). മത്സരത്തിൽ ബാറ്റിങിനിടെ പന്ത് ബാറ്റിൽ തട്ടി എന്ന് വ്യക്തമായിട്ടും റിവ്യൂവിൽ തനിക്ക് പ്രതികൂലമായി വിധിച്ചതിലാണ് കോഹ്ലി രോഷം പ്രകടിപ്പിച്ചത്. പവലിയനിലേക്ക് മടങ്ങുന്നതിനിടെ ബൗണ്ടറി റോപ്പിൽ ബാറ്റ് കൊണ്ട് അടിച്ചാണ് ഇന്ത്യൻ ക്യാപ്റ്റൻ തന്റെ രോഷം പ്രകടിപ്പിച്ചത്. നാല് പന്തുകൾ നേരിട്ട കോഹ്‌ലി പൂജ്യത്തിനാണ് പുറത്തായത്.

    ഇന്ത്യന്‍ ഇന്നിങ്‌സിന്റെ 30ാം ഓവറിലായിരുന്നു സംഭവം. അജാസ് പട്ടേൽ എറിഞ്ഞ ഓവറിലെ അവസാന പന്തിനെ പ്രതിരോധിക്കാൻ ശ്രമിക്കുന്നതിനിടെയാണ് കോഹ്ലി പുറത്തായത്. കോഹ്‌ലിയുടെ പാഡിൽ തട്ടിയ പന്തിൽ ന്യൂസിലൻഡ് താരങ്ങൾ ഉയർത്തിയ അപ്പീലിന് ഓൺ ഫീൽഡ് അമ്പയർ ഔട്ട് വിളിക്കുകയായിരുന്നു. എന്നാൽ കോഹ്ലി ഉടൻ തന്നെ റിവ്യൂ എടുത്തു. റിവ്യൂ ദൃശ്യങ്ങളിൽ പന്ത് ബാറ്റിൽ തട്ടിയെന്നത് വ്യക്തമാകുന്നുണ്ടായിരുന്നു. എന്നാൽ ബാറ്റിന്റെയും പാഡിന്റെയും ഇടയിൽ വലിയ വിടവില്ലാതിരുന്നതിനാൽ ബാറ്റിലാണോ അതോ പാഡിലാണോ പന്ത് ആദ്യം കൊണ്ടത് എന്നതില്‍ വ്യക്തത വരുത്താന്‍ കഴിയുന്നുണ്ടായില്ല. പന്ത് ബാറ്റിൽ തട്ടിയെന്നത് വ്യക്തമായതോടെ അമ്പയറുടെ തീരുമാനം തിരുത്തപ്പെട്ടേക്കും എന്ന് ഇന്ത്യൻ ആരാധകർ ആശിച്ചെങ്കിലും പല ആംഗിളുകളില്‍ നിന്ന് റിപ്ലേ നോക്കിയതിന് ശേഷം തേർഡ് അമ്പയർ ഓൺ ഫീൽഡ് അമ്പയറുടെ തീരുമാനത്തിന് ഒപ്പം നിൽക്കുകയായിരുന്നു.

    തീരുമാനത്തിൽ വിശ്വാസം വരാതെ നിന്ന കോഹ്ലി, അമ്പയറോട് കാര്യം തിരക്കുകയും തുടർന്ന് കടുത്ത അതൃപ്തി പ്രകടിപ്പിച്ച് കൊണ്ട് തിരികെ മടങ്ങുകയുമായിരുന്നു. ഡ്രസ്സിങ് റൂമിലിരുന്ന് റിപ്ലേ കണ്ട മുഖ്യ പരിശീലകന്‍ രാഹുല്‍ ദ്രാവിഡിന്റെ മുഖത്തും അതൃപ്തി പ്രകടമായിരുന്നു.

    ക്രിക്കറ്റിൽ രണ്ട് വർഷമായി സെഞ്ചുറി നേടാൻ കഴിഞ്ഞിട്ടില്ല എന്നതിന്റെ കുറവ് കോഹ്ലി മുംബൈ ടെസ്റ്റിലൂടെ നികത്തുമെന്ന് പ്രതീക്ഷിച്ചിരുന്ന ആരാധകർക്കും ഈ തീരുമാനം നിരാശയാണ് നൽകിയത്. 2019ൽ ബംഗ്ലാദേശിനെതിരെ സെഞ്ചുറി നേടിയ ശേഷം ക്രിക്കറ്റിലെ മൂന്ന് ഫോർമാറ്റുകളിൽ ഒന്നിൽ പോലും ഇന്ത്യൻ ക്യാപ്റ്റന് സെഞ്ചുറി നേടാൻ കഴിഞ്ഞിരുന്നില്ല.

    മഴ മൂലം വൈകിയാരംഭിച്ച മത്സരത്തിൽ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ 46 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 147 റൺസ് എടുത്തിട്ടുണ്ട്. 77 റൺസോടെ മായങ്ക് അഗർവാളും 17 റൺസോടെ ശ്രേയസ് അയ്യരുമാണ് ക്രീസിൽ. ശുഭ്മാൻ ഗിൽ (44), ചേതേശ്വർ പൂജാര (0), വിരാട് കോഹ്ലി (0) എന്നിവരാണ് പുറത്തായത്. വിക്കറ്റ് നഷ്ടമില്ലാതെ 80 റൺസ് നേടി മികച്ച തുടക്കം നേടിയതിന് പിന്നാലെയായിരുന്നു ഇന്ത്യക്ക് തുടർച്ചയായി മൂന്ന് വിക്കറ്റുകൾ നഷ്ടമായത്.

    First published:

    Tags: IND vs NZ, India vs New Zealand Second Test, Virat kohli