ഇന്ത്യ-ശ്രീലങ്ക വനിതാ ടി20 പരമ്പര: മൂന്ന് മത്സരങ്ങൾക്ക് തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയം വേദിയാകും
- Published by:Nandu Krishnan
- news18-malayalam
Last Updated:
അഞ്ച് മത്സരങ്ങളുള്ള പരമ്പരയിലെ നിർണായകമായ മൂന്നു മത്സരങ്ങളാണ് തിരുവനന്തപുരത്ത് നടക്കുക
തിരുവനന്തപുരം: ഇന്ത്യ-ശ്രീലങ്ക വനിതാ ടി20 പരമ്പരയിലെ അവസാന മൂന്ന് മത്സരങ്ങൾക്ക് കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം വേദിയാകും. ഡിസംബർ 26, 28, 30 തീയതികളിലായാണ് മത്സരങ്ങൾ നടക്കുക. അഞ്ച് മത്സരങ്ങളുള്ള പരമ്പരയിലെ നിർണായകമായ മൂന്നു മത്സരങ്ങൾക്കാണ് കേരളം സാക്ഷ്യം വഹിക്കുന്നത്.
ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങളുടെ നിറവിൽ ലോകചാമ്പ്യന്മാരായ ഇന്ത്യൻ ടീം തലസ്ഥാനത്തെത്തുന്നു എന്നത് കായികപ്രേമികൾക്ക് ഇരട്ടി മധുരമാകും. വിശാഖപട്ടണത്തെ ആദ്യ രണ്ട് മത്സരങ്ങൾക്ക് ശേഷം ഡിസംബർ 24-ന് ഇരു ടീമുകളും തിരുവനന്തപുരത്ത് എത്തിച്ചേരും. ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തി ലോകകപ്പ് കിരീടം ചൂടിയ ശേഷം ഹർമൻപ്രീത് കൗറും സംഘവും ആദ്യമായി കളത്തിലിറങ്ങുന്ന പരമ്പരയാണിത് എന്ന പ്രത്യേകതയുമുണ്ട്.
ലോകജേതാക്കൾക്ക് ആതിഥ്യമരുളാൻ ലഭിച്ച അവസരം കെ.സി.എയുടെ സംഘാടനമികവിനുള്ള അംഗീകാരമാണെന്ന് കെസിഎ പ്രസിഡണ്ടും ഇന്ത്യൻ വിമൻ ലീഗ് ചെയർമാൻ കൂടിയായ ജയേഷ് ജോർജ്ജ് പറഞ്ഞു. ഈ പരമ്പര കേരളത്തിലെ വനിതാ ക്രിക്കറ്റിന് വലിയൊരു ഉണർവ് നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
advertisement
മത്സരങ്ങൾക്കായി അന്താരാഷ്ട്ര നിലവാരത്തിലുള്ള വിപുലമായ ക്രമീകരണങ്ങളാണ് ഗ്രീൻഫീൽഡിൽ ഒരുക്കുന്നതെന്ന് സെക്രട്ടറി വിനോദ് എസ് കുമാർ പറഞ്ഞു. ലോകചാമ്പ്യന്മാരുടെ പ്രകടനം കാണുവാൻ കായികപ്രേമികൾ ഗ്യാലറിയിലേക്ക് ഒഴുകിയെത്തുമെന്ന് ഉറപ്പാണെന്നും വരും വർഷങ്ങളിൽ കൂടുതൽ അന്താരാഷ്ട്ര മത്സരങ്ങൾക്ക് കേരളം സാക്ഷ്യം വഹിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
First Published :
November 27, 2025 5:30 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
ഇന്ത്യ-ശ്രീലങ്ക വനിതാ ടി20 പരമ്പര: മൂന്ന് മത്സരങ്ങൾക്ക് തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയം വേദിയാകും


