നാഗ്പുര്‍: സ്പിൻ കരുത്തിൽ ഓസ്ട്രേലിയയ്ക്കെതിരായ ആദ്യ ടെസ്റ്റിൽ ഇന്ത്യയ്ക്ക് ഉജ്ജ്വലജയം. വെറും മൂന്ന് ദിവസത്തിനിടെ അവസാനിച്ച മത്സരത്തിൽ ഇന്ത്യ ഓസ്ട്രേലിയയെ ഒരിന്നിംഗ്സിനും 132 റൺസിനമാണ് തോൽപ്പിച്ചത്. ഇതോടെ ബോർഡർ-ഗാവസ്ക്കർ ട്രോഫിക്കുവേണ്ടിയുള്ള പരമ്പരയിൽ ഇന്ത്യ 1-0ന് മുന്നിലെത്തി. ബാറ്റിങ്ങിലും ബോളിങ്ങിലും തിളങ്ങിയ രവീന്ദ്ര ജഡേജയാണ് മാൻ ഓഫ് ദ മാച്ച്.
ആദ്യ ഇന്നിംഗ്സിൽ 223 റൺസ് ലീഡ് നേടിയ ഇന്ത്യ രണ്ടാം ഇന്നിംഗ്സിൽ ഓസ്ട്രേലിയയെ 91 റൺസിന് കെട്ടുകെട്ടിക്കുകയായിരുന്നു. അഞ്ചു വിക്കറ്റുകൾ വീഴ്ത്തിയ ആർ അശ്വിനാണ് ഇത്തവണ ഓസ്ട്രേലിയയുടെ അന്തകനായത്. ആദ്യ ഇന്നിംഗ്സിൽ അഞ്ചു വിക്കറ്റെടുത്ത രവീന്ദ്ര ജഡേജയാണ് ഓസ്ട്രേലിയയെ തകർത്തത്. രണ്ടാം ഇന്നിംഗ്സിൽ ജഡേജ, മുഹമ്മദ് ഷമി എന്നിവര്‍ രണ്ടു വീതവും അക്ഷര്‍ പട്ടേല്‍ ഒരു വിക്കറ്റും വീഴ്ത്തി.
12 ഓവര്‍ എറിഞ്ഞ അശ്വിന്‍ 37 റണ്‍സ് മാത്രം വിട്ടുകൊടുത്താണ് ഓസ്ട്രേലിയയുടെ അഞ്ചു വിക്കറ്റുകൾ സ്വന്തമാക്കിയത്. ആദ്യ ഇന്നിങ്‌സില്‍ മൂന്ന് വിക്കറ്റെടുത്ത അശ്വിന്‍ രണ്ടിന്നിങ്‌സിലുമായി എട്ട് വിക്കറ്റുകള്‍ സ്വന്തമാക്കി. ഓസീസ് നിരയിൽ പുറത്താകാതെ 25 റൺസെടുത്ത സ്റ്റീവ് സ്മിത്ത് മാത്രമാണ് പിടിച്ചുനിന്നത്. മാര്‍നസ് ലബുഷെയ്ന്‍ 17 റണ്‍സും ഡേവിഡ് വാര്‍ണര്‍, അലക്‌സ് കാരി എന്നിവര്‍ പത്ത് റണ്‍സ് വീതവും കണ്ടെത്തി.
ഉസ്മാന്‍ ഖവാജ (അഞ്ച്), മാറ്റ് റന്‍ഷോ (രണ്ട്), പീറ്റര്‍ ഹാന്‍ഡ്‌സ്‌കോംപ് (ആറ്), പാറ്റ് കമ്മിന്‍സ് (ഒന്ന്), ടോഡ് മര്‍ഫി (രണ്ട്), നതാന്‍ ലിയോണ്‍ (എട്ട്), സ്‌കോട്ട് ബോളണ്ട് (പൂജ്യം) എന്നീ മുൻനിരക്കാർ അതിവേഗം പവലിയനിൽ തിരിച്ചെത്തി.
നേരത്തെ സെഞ്ച്വറി നേടിയ ക്യാപ്റ്റന്‍ രോഹിത് ശര്‍മയാണ് ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യൻ ഇന്നിംഗ്സിൽ നെടുംതൂണായത്. 212 പന്തില്‍ രോഹിത് 120 റണ്‍സ് നേടി. അക്ഷര്‍ പട്ടേല്‍, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി എന്നിവരുടെ ബാറ്റിങും മത്സരത്തിൽ ഇന്ത്യൻ സ്കോർ 400ൽ എത്തിക്കുന്നതിൽ നിർണായകമായി. അക്ഷര്‍ പട്ടേല്‍ 174 പന്തില്‍ 84 റണ്‍സെടുത്തു പുറത്തായി. ജഡേജ 70 റണ്‍സെടുത്തു. മുഹമ്മദ് ഷമി 47 പന്തില്‍ 37 റണ്‍സെടുത്തു മടങ്ങി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.