നാഗ്പൂർ: ഓസ്ട്രേലിയയ്ക്കെതിരായ ഒന്നാം ടെസ്റ്റിന്റെ രണ്ടാംദിനം ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയ്ക്ക് സെഞ്ചുറി. ടെസ്റ്റ് കരിയറിലെ ഒൻപതാം സെഞ്ചുറി 171 പന്തുകളിൽനിന്നാണ് രോഹിത് സ്വന്തമാക്കിയത്. ഇതോടെ ക്യാപ്റ്റനെന്ന നിലയിൽ ക്രിക്കറ്റിലെ മൂന്നു ഫോർമാറ്റുകളിലും സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യൻ താരമായി അദ്ദേഹം മാറി.
71 ഓവറുകൾ പിന്നിടുമ്പോൾ 5ന് 202 റൺസെന്ന നിലയിലാണ് ഇന്ത്യ. ക്യാപ്റ്റൻ രോഹിത് ശർമയും (181 പന്തിൽ 105), രവീന്ദ്ര ജഡേജയുമാണ് (54പന്തിൽ 22) ക്രീസിൽ. ആർ. അശ്വിൻ (71 പന്തിൽ 20), ചേതേശ്വർ പൂജാര (14 പന്തിൽ ഏഴ്), വിരാട് കോലി (26 പന്തിൽ 12), സൂര്യകുമാർ യാദവ് (20 പന്തിൽ എട്ട്) എന്നിവരാണ് ഇന്ത്യന്‍ നിരയിൽ രണ്ടാം ദിനം പുറത്തായത്.
Also Read- ആർ. അശ്വിൻ അതിവേഗ൦ 450 വിക്കറ്റെടുക്കുന്ന ഇന്ത്യൻ താരം; മറികടന്നത് കുംബ്ലെയുടെ റെക്കോഡ്
ആദ്യ ദിവസം 20 റണ്‍സെടുത്ത കെ എൽ രാഹുൽ പുറത്തായിരുന്നു. അരങ്ങേറ്റ മത്സരം കളിക്കുന്ന സ്പിന്നർ ടോഡ് മർഫിയാണ് ഓസ്ട്രേലിയയ്ക്കായി 4 വിക്കറ്റും വീഴ്ത്തിയത്. ഒരു വിക്കറ്റ് നഷ്ടത്തിൽ 77 റൺസെന്ന നിലയിലാണ് രണ്ടാം ദിനം ഇന്ത്യ ബാറ്റിങ് തുടങ്ങിയത്.
അശ്വിൻ എൽബിഡബ്ല്യുവിൽ കുടുങ്ങിയപ്പോൾ സ്കോട്ട് ബോളണ്ടിന് ക്യാച്ച് നൽകിയാണ് പൂജാര മടങ്ങിയത്. കോഹ്ലിയെ വിക്കറ്റ് കീപ്പർ അലക്സ് കാരി ക്യാച്ചെടുത്തു മടക്കി. ടെസ്റ്റിൽ അരങ്ങേറിയ സൂര്യകുമാർ യാദവ് നേഥൻ ലയണിനു മുന്നിൽ വീണു.
ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഓസീസിനെ 177ന് ഇന്ത്യൻ ബൗളർമാർ ഓൾഔട്ടാക്കി. 5 മാസത്തെ ഇടവേളയ്ക്കുശേഷം ഇന്ത്യൻ ടീമിലേക്കു മടങ്ങിയെത്തിയ ഓൾറൗണ്ടർ രവീന്ദ്ര ജഡേജ 47 റൺസ് വഴങ്ങി 5 വിക്കറ്റെടുത്തു. ജഡേജയുടെ കരിയറിലെ 11ാം 5 വിക്കറ്റ് നേട്ടമാണിത്. 42 റൺസ് വഴങ്ങി 3 വിക്കറ്റെടുത്ത അശ്വിനാണ് ഓസീസ് വാലറ്റത്തെ ചുരുട്ടിക്കെട്ടിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.