• HOME
  • »
  • NEWS
  • »
  • sports
  • »
  • U19 World Cup | ഓസ്‌ട്രേലിയയ്‌ക്കെതിരെ വമ്പൻ ജയം; ഇന്ത്യ ഫൈനലിൽ; കിരീടപ്പോരിൽ എതിരാളികൾ ഇംഗ്ലണ്ട്

U19 World Cup | ഓസ്‌ട്രേലിയയ്‌ക്കെതിരെ വമ്പൻ ജയം; ഇന്ത്യ ഫൈനലിൽ; കിരീടപ്പോരിൽ എതിരാളികൾ ഇംഗ്ലണ്ട്

ഓസ്ട്രേലിയയെ 96 റൺസിന് തകർത്തുവിട്ടാണ് ഇന്ത്യ ഫൈനലിലേക്ക് കടന്നത്. ഇത് ഇന്ത്യയുടെ തുടർച്ചയായ നാലാം ഫൈനലും ടൂർണമെന്റ് ചരിത്രത്തിലെ തന്നെ എട്ടാം ഫൈനൽ പ്രവേശനവുമാണ്.

Image : BCCI, Twitter

Image : BCCI, Twitter

  • Share this:
    ഓസ്‌ട്രേലിയയുടെ (Australia U19) കൗമാരപ്പടയ്ക്കെതിരെ വമ്പൻ ജയം സ്വന്തമാക്കി ഇന്ത്യയുടെ കൗമാരസംഘം (India U19) അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പ് ഫൈനലിൽ (ICC Under 19 World Cup 2022). ഇന്നലെ നടന്ന രണ്ടാം സെമി ഫൈനൽ പോരാട്ടത്തിൽ ഓസ്ട്രേലിയയെ 96 റൺസിന് തകർത്തുവിട്ടാണ് ഇന്ത്യ ഫൈനലിലേക്ക് കടന്നത്. ഇത് ഇന്ത്യയുടെ തുടർച്ചയായ നാലാം ഫൈനലും ടൂർണമെന്റ് ചരിത്രത്തിലെ തന്നെ എട്ടാം ഫൈനൽ പ്രവേശനവുമാണ്. ശനിയാഴ്ച നടക്കുന്ന ഫൈനൽ മത്സരത്തിൽ ഇന്ത്യ ഇംഗ്ലണ്ടിനെ നേരിടും. ഒന്നാം സെമി പോരാട്ടത്തിൽ അഫ്ഗാനിസ്ഥാനെ 15 റൺസിന് തോൽപ്പിച്ചാണ് ഇംഗ്ലണ്ട് കിരീടപ്പോരാട്ട മത്സരത്തിന് യോഗ്യത നേടിയത്.

    മത്സരത്തിൽ ഇന്ത്യ ഉയർത്തിയ 290 വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഓസീസിന് 41.5 ഓവറിൽ 194 റൺസ് എടുക്കാനേ കഴിഞ്ഞുള്ളൂ. അർധ സെഞ്ചുറി നേടിയ ലാച്ച്ലാൻ ഷാ ഒഴികെ മറ്റാർക്കും ഇന്ത്യയുടെ ബൗളിങ്ങിന് മുന്നിൽ കാര്യമായ പ്രകടനം കാഴ്ചവെയ്ക്കാൻ കഴിഞ്ഞില്ല. മൂന്ന് വിക്കറ്റ് വീഴ്ത്തി വിക്കി ഓസ്വാളും രണ്ട് വിക്കറ്റ് വീതം നേടി നിഷാന്ത് സിന്ധുവും രവികുമാറു൦ കംഗാരുക്കൂട്ടത്തെ കൂട്ടിലടയ്ക്കുകയായിരുന്നു.

    സ്കോർ : ഇന്ത്യ അണ്ടർ 19 - നിശ്ചിത 50 ഓവറിൽ 290/5
    ഓസ്‌ട്രേലിയ അണ്ടർ 19 - 41.5 ഓവറിൽ 194


    നേരത്തെ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യ ക്യാപ്റ്റൻ യഷ് ദുള്ളിന്റെയു൦ (Yash Dhull) വൈസ് ക്യാപ്റ്റൻ ഷെയ്‌ഖ് റഷീദിന്റെയും (Shaik Rasheed) തകർപ്പൻ ബാറ്റിംഗ് പ്രകടനങ്ങളുടെ കരുത്തിലാണ് മികച്ച സ്കോർ സ്വന്തമാക്കിയത്. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയുടെ തുടക്കം മോശമായിരുന്നു. 37 റൺസ് എടുക്കുന്നതിനിടെ ഓപ്പണർമാരെ (ആംഗ്രിഷ് രഘുവംശി (6), ഹര്‍നൂർ സിംഗ് (16)) നഷ്ടമായ ഇന്ത്യയെ മൂന്നാം വിക്കറ്റിലെ വമ്പൻ കൂട്ടുകെട്ടിലൂടെ ക്യാപ്റ്റനും വൈസ് ക്യാപ്റ്റനും ചേർന്ന് രക്ഷിച്ചെടുക്കുകയായിരുന്നു.

    Also read- Under 19 World Cup | അഫ്ഗാൻ വീര്യത്തെ ചെറുത്തുതോൽപ്പിച്ച് ഇംഗ്ലണ്ട്; ഫൈനലിൽ എത്തുന്നത് 24 വർഷങ്ങൾക്ക് ശേഷം

    മൂന്നാം വിക്കറ്റില്‍ 204 റണ്‍സ് ചേര്‍ത്ത് യഷ് ദുള്‍- ഷെയ്‌ഖ് റഷീദ് സഖ്യം ഇന്ത്യയെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവരികയായിരുന്നു. ശ്രദ്ധയോടെ ബാറ്റ് വീശിയ സഖ്യം പിന്നീട് പതിയെ സ്കോറിങ് റേറ്റ് ഉയർത്തികൊണ്ടുവരികയായിരുന്നു. ഒടുവിൽ 46-ാം ഓവറിലെ അഞ്ചാം പന്തിലാണ് ഓസ്‌ട്രേലിയയ്ക്ക് ഈ കൂട്ടുകെട്ട് പൊളിക്കാൻ കഴിഞ്ഞത്. ഇന്ത്യൻ ക്യാപ്റ്റനെ റൺ ഔട്ട് ആക്കി കൊണ്ടാണ് അവർ ബ്രേക്ത്രൂ നേടിയത്. യഷ് ദുൾ ഔട്ടാകുമ്പോൾ ഇന്ത്യൻ സ്കോർ 241ൽ എത്തിയിരുന്നു. ഏകദിന ശൈലിയിൽ ബാറ്റ് വീശിയ താരം 110 പന്തുകളിൽ നിന്നും 110 റണ്‍സ് നേടിയാണ് പുറത്തായത്. എന്നാല്‍ അത്രയും നേരം യഷിന് ഉറച്ച കൂട്ടായി ബാറ്റ് വീശിയ റഷീദിന് തനിക്ക് അർഹമായ സെഞ്ചുറി പൂർത്തിയാക്കാൻ കഴിയാതെ പോയത് നിരാശയായി. അർഹമായ സെഞ്ചുറിക്ക് കേവലം ആറ് റൺസ് അകലെ താരം പുറത്താവുകയായിരുന്നു. 108 പന്തുകളിൽ 94 റണ്‍സ് നേടിയ റഷീദിനെ ജാക്കാണ് പുറത്താക്കിയത്.

    അവസാന ഓവറുകളില്‍ സ്‌കോറുയര്‍ത്താനുള്ള ശ്രമങ്ങള്‍ക്കിടെ ഇന്ത്യക്ക് ഒരു വിക്കറ്റ് കൂടി നഷ്ടമായി. എന്നാൽ പിന്നീട് ക്രീസിൽ ഒന്നിച്ച നിഷാന്ത് സിന്ധുവും(10 പന്തിൽ 12*), വിക്കറ്റ് കീപ്പർ ബാറ്ററായ ദിനേശ് ബാനയും (നാല് പന്തിൽ 20*) ഇന്ത്യയെ ഭേദപ്പെട്ട സ്‌കോറിൽ നിന്നും മികച്ച സ്കോറിലേക്ക് നയിക്കുകയായിരുന്നു. അവസാന ഓവറിൽ 27 റൺസാണ് ഇവർ അടിച്ചുകൂട്ടിയത്.
    Published by:Naveen
    First published: