• HOME
 • »
 • NEWS
 • »
 • sports
 • »
 • IPL | 'രണ്ടാം പാദം തുടങ്ങാൻ കാത്തിരിക്കുന്നു; നഷ്ടപെട്ട ഒഴുക്ക് വീണ്ടെടുക്കണം' - ശിഖർ ധവാൻ

IPL | 'രണ്ടാം പാദം തുടങ്ങാൻ കാത്തിരിക്കുന്നു; നഷ്ടപെട്ട ഒഴുക്ക് വീണ്ടെടുക്കണം' - ശിഖർ ധവാൻ

ഐ പി എല്‍ 2021ന്റെ ആദ്യ പാദത്തിൽ എട്ട് മത്സരങ്ങളില്‍ നിന്നായി 380 റണ്‍സാണ് ഡൽഹിയുടെ ഇടംകയ്യൻ ഓപ്പണിങ് ബാറ്റ്‌സ്മാനായ ധവാൻ നേടിയത്.

ശിഖര്‍ ധവാന്‍

ശിഖര്‍ ധവാന്‍

 • Last Updated :
 • Share this:
  ഐ പി എൽ രണ്ടാം പാദ മത്സരങ്ങൾ സെപ്റ്റംബർ 19ന് ആരംഭിക്കുകയാണ്. രണ്ടാം പാദ മത്സരങ്ങൾക്കുള്ള അവസാന വട്ട ഒരുക്കങ്ങളിലാണ് ടീമുകളും അവരുടെ താരങ്ങളും. കോവിഡ് വ്യാപനം മൂലം ഇടയ്ക്ക് വെച്ച് നിർത്തേണ്ടി വന്ന ടൂർണമെന്റ് വീണ്ടും ആരംഭിക്കാൻ ആരാധകർ ആവേശത്തോടെ കാത്തിരിക്കുകയാണ്. എന്നാൽ ആരാധകർക്ക് മാത്രമല്ല ആ ആവേശമുള്ളത്, ടൂർണമെന്റിന്റെ ഭാഗമാകുന്ന താരങ്ങൾക്കും അതേ ആവേശമാണ് പങ്കുവെക്കാനുള്ളത്. ഇപ്പോഴിതാ രണ്ടാം പാദ ഐ പി എൽ തുടങ്ങാനായി ആവേശത്തോടെ കാത്തിരിക്കുകയാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഡൽഹി ക്യാപിറ്റൽസിന്റെ താരമായ ശിഖർ ധവാൻ.

  'വീണ്ടും കളത്തിലേക്ക് തിരിച്ചുവരാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. ടീമിനുള്ളില്‍ ഒരു മികച്ച അന്തരീക്ഷമുണ്ട്. എല്ലാവരും കഠിനാധ്വാനം ചെയ്യുന്നു, ഞാന്‍ ഈ ഐ പി എല്‍ സീസണിനായി കാത്തിരിക്കുകയായിരുന്നു. വരാനിരിക്കുന്ന മത്സരങ്ങള്‍ കളിക്കാന്‍ ഞാന്‍ വളരെ ആവേശത്തിലാണ്.' സീസണില്‍ നിലവില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയിട്ടുള്ള ധവാന്‍ പറഞ്ഞു. ഐ പി എല്‍ 2021ന്റെ ആദ്യ പാദത്തിൽ എട്ട് മത്സരങ്ങളില്‍ നിന്നായി 380 റണ്‍സാണ് ഡൽഹിയുടെ ഇടംകയ്യൻ ഓപ്പണിങ് ബാറ്റ്‌സ്മാനായ ധവാൻ നേടിയത്.

  നിലവിൽ പകുതിയോളം മത്സരങ്ങൾ പൂർത്തിയായ ടൂർണമെന്റിന്റെ രണ്ടാം പാദം ആരംഭിക്കുമ്പോൾ തുടക്കത്തിൽ തന്നെ മികച്ച പ്രകടനങ്ങൾ നടത്തുക എന്നത് പ്രധാനമാണെന്നും ധവാൻ പറഞ്ഞു.

  രണ്ടാം പകുതിയില്‍ ശ്രേയസ് അയ്യര്‍ കൂടി ടീമിനൊപ്പം ചേരുന്നത് ടീമിനെ കൂടുതല്‍ ശക്തമാക്കുമെന്നും ധവാന്‍ കൂട്ടിച്ചേർത്തു. 'സീസണിന്റെ ആദ്യ പകുതിയില്‍ ഞങ്ങള്‍ നല്ല ഒഴുക്കിലായിരുന്നു, ടൂര്‍ണമെന്റ് താല്‍ക്കാലികമായി നിര്‍ത്തിവച്ചതോടെ ആ ഒഴുക്ക് നഷ്ടപ്പെടുകയായിരുന്നു. അതിനാല്‍ ഊര്‍ജം കണ്ടെത്തുകയും ഞങ്ങള്‍ക്ക് ഉണ്ടായിരുന്ന ഒഴുക്ക് തിരിച്ചുപിടിക്കുകയും വേണം. ഞങ്ങളുടെ ടീം സന്തുലിതമാണ് എന്നത് നല്ല കാര്യമാണ്, ശ്രേയസ് അയ്യരും ടീമില്‍ തിരിച്ചെത്തി, ഞങ്ങളുടെ ടീം ഇപ്പോള്‍ കൂടുതല്‍ ശക്തമാണ്," ധവാന്‍ പറഞ്ഞു.

  യുഎഇയിലെ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാന്‍ കഴിഞ്ഞിട്ടുണ്ടോ എന്ന ചോദ്യത്തിന് ചൂടിനേയും തോൽപ്പിക്കും എന്നാണ് ധവാൻ പറഞ്ഞത്.

  അതേസമയം, ഇംഗ്ലണ്ടിലായിരുന്ന ഡല്‍ഹി ക്യാപിറ്റല്‍സിലെ എല്ലാ താരങ്ങളും ദുബായിൽ എത്തിയിട്ടുണ്ട്. ഋഷഭ് പന്ത്, ആര്‍ അശ്വിന്‍, അജിങ്ക്യ രഹാനെ, ഇഷാന്ത് ശര്‍മ, അക്സര്‍ പട്ടേല്‍, പൃഥ്വി ഷാ, ഉമേഷ് യാദവ് എന്നിവരുള്‍പ്പെടെയുള്ള കളിക്കാരാണ് ഇംഗ്ലണ്ടിൽ നിന്നും ചാർട്ടേർഡ് വിമാനത്തിൽ ദുബായിലെത്തിയത്. കോവിഡ് പരിശോധനയ്ക്ക് വിധേയരായ ഇവർ ഐ പി എൽ പ്രോട്ടോക്കോള്‍ പ്രകാരം ആറ് ദിവസം ക്വാറന്റീനിൽ പോകും, ഇതിനിടയിലും ഇവർ കോവിഡ് പരിശോധനയ്ക്ക് വിധേയരാകും. ക്വാറന്റീൻ പൂർത്തിയായ ശേഷം ഇവർ ടീമിനൊപ്പം ചേരും.

  നേരത്തെ കോവിഡ് വ്യാപനം മൂലം ഐ പി എൽ നിർത്തിവയ്ക്കുമ്പോൾ എട്ട് മത്സരങ്ങളിൽ നിന്നും 12 പോയിന്റുമായി ഡൽഹിയാണ് ഒന്നാം സ്ഥാനത്ത്. കഴിഞ്ഞ വർഷത്തെ ഐ പി എല്ലിൽ ഫൈനലിൽ മുംബൈ ഇന്ത്യൻസിനോട് തോറ്റ അവർ ഇക്കുറി കിരീടം നേടിയെടുക്കുക എന്ന ലക്ഷ്യവുമായി തന്നെയാണ് ഇറങ്ങിയിരിക്കുന്നത്.

  സെംപ്റ്റംബർ 19ന് ആരംഭിക്കുന്ന രണ്ടാം പാദത്തിലെ ആദ്യ മത്സരം നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസും ചെന്നൈ സൂപ്പർ കിങ്‌സും തമ്മിലാണ്. 22ന് ദുബായിൽ സൺറൈസേഴ്‌സ് ഹൈദരാബാദുമായാണ് ഡൽഹിയുടെ ആദ്യ മത്സരം
  Published by:Naveen
  First published: