• HOME
 • »
 • NEWS
 • »
 • sports
 • »
 • ISL | കേരള ബ്ലാസ്റ്റേഴ്സ് ഫൈനലില്‍; വാസ്‌കോയില്‍ വമ്പ്കാട്ടി മഞ്ഞപ്പട

ISL | കേരള ബ്ലാസ്റ്റേഴ്സ് ഫൈനലില്‍; വാസ്‌കോയില്‍ വമ്പ്കാട്ടി മഞ്ഞപ്പട

ഐഎസ്എല്ലില്‍ ബ്ലാസ്റ്റേഴ്സിന്റെ മൂന്നാം ഫൈനലാണിത്. 2014, 2016 വര്‍ഷങ്ങളിലാണ് ടീം ഇതിനുമുമ്പ് കലാശക്കളിക്ക് യോഗ്യത നേടിയത്.

 • Share this:
  മഡ്ഗാവിലെ വാസ്‌കോ തിലക് മൈതാന്‍ സ്റ്റേഡിയത്തില്‍ ജംഷദ്പൂര്‍ എഫ്സിയെ (Jamshedpur FC) തറപറ്റിച്ച് മഞ്ഞപ്പട ഐഎസ്എല്‍ (ISL) ഫൈനലില്‍. രണ്ടാം പാദ സെമി ഫൈനലില്‍ ഇരുടീമുകളും 1-1ന് സമനില പാലിച്ചപ്പോള്‍ ആദ്യ പാദത്തില്‍ അഡ്രിയാന്‍ ലൂണ നേടിയ ഗോളാണ് ബ്ലാസ്റ്റേഴ്സിന്റെ രക്ഷക്കെത്തിയത്. ഇരുപാദങ്ങളിലുമായി കേരള ബ്ലാസ്റ്റേഴ്സ് 2-1ന്റെ വിജയമാണ് സ്വന്തമാക്കിയത്.

  2016ന് ശേഷം ആദ്യമായിട്ടാണ് ബ്ലാസ്റ്റേഴ്സ് ഫൈനലിലെത്തുന്നത്. പ്രണോയ് ഹാള്‍ഡറാണ് ജംഷഡ്പൂരിന്റെ ഗോള്‍ നേടിയത്. ഐഎസ്എല്ലില്‍ ബ്ലാസ്റ്റേഴ്സിന്റെ മൂന്നാം ഫൈനലാണിത്. 2014, 2016 വര്‍ഷങ്ങളിലാണ് ടീം ഇതിനുമുമ്പ് കലാശക്കളിക്ക് യോഗ്യത നേടിയത്.


  കേരള ബ്ലാസ്റ്റേഴ്‌സിന്റെ (Kerala Blasters) ആദ്യ പകുതിക്ക് ആവേശകരമായ തുടക്കമാണ് ലഭിച്ചത്. മത്സരത്തിന്റെ ആദ്യ മിനുട്ടില്‍ തന്നെ ആല്‍വരോ വാസ്‌കസിന് ഒരു സുവര്‍ണ്ണാവസരം ലഭിച്ചു. പന്ത് ലഭിക്കുമ്പോള്‍ വാസ്‌കസിന് മുന്നില്‍ ഗോള്‍ കീപ്പര്‍ മാത്രമെ ഉണ്ടായിരുന്നുള്ളൂ. ഗോള്‍ ലൈന്‍ വിട്ട് വന്ന ഗോള്‍കീപ്പര്‍ റഹ്നേഷിനു മുകളിലൂടെ വാസ്‌കസ് പന്ത് ചിപ്പ് ചെയ്തിട്ടു എങ്കിലും ലക്ഷ്യത്തില്‍ ഉരുമ്മി പന്ത് പുറത്ത് പോയി.

  പിന്നീട് കേരളം അറ്റാക്കിംഗ് തുടര്‍ന്നു. ഡിയസിന്റെ ഒരു എഫേര്‍ട് പോസ്റ്റില്‍ തട്ടി മടങ്ങി. ഫോളോ അപ്പില്‍ താരം വലകുലുക്കിയെങ്കിലും റെഫറി ഓഫ് സൈഡ് വിധിക്കുകയായിരുന്നു. ഇതിനു ശേഷം 18ആം മിനുട്ടില്‍ ലൂണയുടെ മാന്ത്രിക നിമിഷം വന്നു. വാസ്‌കസില്‍ നിന്ന് പാസ് സ്വീകരിച്ച് ഒറ്റയ്ക്ക് മുന്നേറിയ ലൂണ ജംഷദ്പൂര്‍ ഡിഫന്‍സിനെ ഡ്രിബിള്‍ ചെയ്ത് അകറ്റി കണ്ണഞ്ചിപ്പിക്കുന്ന സ്‌ട്രൈക്കിലൂടെ പന്ത് വലയില്‍ എത്തിച്ചു. ഇതോടെ അഗ്രിഗേറ്റില്‍ കേരള ബ്ലാസ്റ്റേഴ്‌സ് 2-0ന് മുന്നിലെത്തി.


  37ആം മിനുട്ടില്‍ കേരളത്തെ ഞെട്ടിച്ച് ചിമ ജംഷദ്പൂരിനായി ഗോളടിച്ചു. ആദ്യം ഗോള്‍ അനുവദിച്ചു എങ്കിലും റെഫറിമാര്‍ ചര്‍ച്ച നടത്തി ആ ഗോള്‍ ഓഫ്‌സൈഡ് ആണെന്ന് വിധിച്ചു.

  രണ്ടാംപാതി ആരംഭിച്ച് അഞ്ച് മിനിറ്റുകള്‍ക്കകം ജംഷദ്പൂര്‍ ഒപ്പമെത്തി. ഗ്രേഗ് സ്റ്റിവാര്‍ട്ടിന്റെ കോര്‍ണര്‍ കിക്കില്‍ നിന്നുണ്ടായ കൂട്ടപൊരിച്ചിലിലാണ് ബ്ലാസ്റ്റേഴ്സ് വലയില്‍ പന്തെത്തിയത്. ഗോള്‍മുഖത്തുണ്ടായിരുന്നു ഹാള്‍ഡര്‍ക്ക് അനായാസം ഗോള്‍കീപ്പറെ കീഴ്പ്പെടുത്താന്‍ കഴിഞ്ഞു. ഗോള്‍വീണതിന് തൊട്ടുപിന്നാലെ ബ്ലാസ്റ്റേഴ്സ് ആക്രണം കടുപ്പിച്ചു.

  ആദ്യ പാദത്തില്‍ വിജയഗോള്‍ നേടിയ മലയാളി താരം സഹല്‍ അബ്ദുല്‍ സമദ് ഇല്ലാതെയാണ് ബ്ലാസ്റ്റേഴ്സ് കളിച്ചത്. പരിശീലനത്തിനിടെ മലയാളി താരത്തിന് പരിക്കേല്‍ക്കുകയായിരുന്നു. സഹലിനൊപ്പം സഞ്ജീവ് സ്റ്റാലിനും പുറത്തായപ്പോള്‍ സന്ദീപും നിശുകുമാറും ടീമിലെത്തി.
  Published by:Sarath Mohanan
  First published: