കേരളത്തിലെ ഓളപ്പരപ്പിലെ മത്സരങ്ങൾക്ക് ശനിയാഴ്ച തുഴയെറിഞ്ഞു തുടക്കം; ചമ്പക്കുളം മൂലം വള്ളംകളി പമ്പയാറ്റിൽ
- Published by:Rajesh V
- news18-malayalam
Last Updated:
പത്തനംതിട്ടയിലെ ആറന്മുള ഉതൃട്ടാതി വള്ളംകളി കഴിഞ്ഞാൽ കേരളത്തിലെ ഏറ്റവും പുരാതനമായ വള്ളംകളിയാണ് ആലപ്പുഴ ജില്ലയിലെ കുട്ടനാട്ടിലെ ചമ്പക്കുളം വള്ളംകളി. കേരളത്തിലെ വള്ളംകളി മത്സരങ്ങളുടെ സീസൺ ആരംഭിക്കുന്നത് ചമ്പക്കുളത്ത് തുഴയെറിഞ്ഞാണ്.
പമ്പയാറ്റിൽ നടക്കുന്ന ചമ്പക്കുളം വള്ളംകളിയോടെ കേരളത്തിലെ ഈ വർഷത്തെ ജലോത്സവങ്ങള്‍ക്ക് ശനിയാഴ്ച തുടക്കമാകും. മിഥുനമാസത്തിലെ മൂലം നാളിലാണ് ചമ്പക്കുളം വള്ളംകളി.
പത്തനംതിട്ടയിലെ ആറന്മുള ഉതൃട്ടാതി വള്ളംകളി കഴിഞ്ഞാൽ കേരളത്തിലെ ഏറ്റവും പുരാതനമായ വള്ളംകളിയാണ് ആലപ്പുഴ ജില്ലയിലെ കുട്ടനാട്ടിലെ ചമ്പക്കുളം വള്ളംകളി. കേരളത്തിലെ വള്ളംകളി മത്സരങ്ങളുടെ സീസൺ ആരംഭിക്കുന്നത് ചമ്പക്കുളത്ത് തുഴയെറിഞ്ഞാണ്. മത്സരത്തിന് മുന്നോടിയായി കഠിനപരിശീലനം പൂർത്തിയാക്കിയാണ് വള്ളങ്ങൾ മത്സരത്തിനിറങ്ങുന്നത്. രാജപ്രമുഖൻ ട്രോഫിക്കായി മത്സരിക്കുന്ന ആറ് ചുണ്ടൻ അടക്കം 8 വള്ളങ്ങളാണ് ഇത്തവണ പങ്കെടുക്കുക.
ആലപ്പുഴ ടൗൺ ബോട്ട് ക്ലബ് ആയാപറമ്പ് വലിയ ദിവാൻജിയിലും കൈനകരി യുബിസി ആയാപറമ്പ് പാണ്ടി പുത്തൻ ചുണ്ടനിലും മത്സരിക്കും. കൊല്ലം ജീസസ് ബോട്ട് ക്ലബ് ചെറുതന ചുണ്ടനിലാണ് മത്സരത്തിന് എത്തുന്നത്. കുമരകം എൻസിഡിസി ബോട്ട് ക്ലബ്ബിന്റെ കരുത്തിൽ ചമ്പക്കുളം ബോട്ട് ക്ലബ് ചമ്പക്കുളം ചുണ്ടനിലും പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബിന്റെ ബലത്തിൽ ചങ്ങങ്കരി- നടുഭാഗം ക്രിസ്ത്യൻ യൂണിയൻ ചുണ്ടൻ വള്ള സമിതി സെന്റ് ജോർജ് ചുണ്ടനിലും മത്സരിക്കും. കഴിഞ്ഞ വർഷത്തെ ചാംപ്യൻമാരായ നടുഭാഗം ചുണ്ടൻ കുമരകം ടൗൺ ബോട്ട് ക്ലബ്ബിന്റെ പിന്തുണയിൽ നടുഭാഗം ബോട്ട് ക്ലബ്ബുമാണ് മത്സരത്തിനായി എത്തിക്കുന്നത്.
advertisement
രാവിലെ 11.30 ന് മഠത്തിൽ ക്ഷേത്രത്തിലും മാപ്പിളശേരി തറവാട്ടിലും തിരുവിതാംകൂർ ദേവസ്വം ബോർഡ് അധികാരികൾ ആചാരാനുഷ്‌ഠാനങ്ങൾ നടത്തും.
1.30 ന് ആലപ്പുഴ കലക്‌ടർ അലക്‌സ് വർഗീസ് പതാക ഉയർത്തും. മന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്യും. തോമസ് കെ തോമസ് എംഎൽഎ അധ്യക്ഷത വഹിക്കും. ദേവസ്വം ബോർഡ് അസി കമ്മീഷണർ ആർ ശ്രീശങ്കറും കല്ലൂർക്കാട് സെന്റ് മേരീസ് ബസിലിക്ക റെക്‌ടർ ഫാദർ ഗ്രിഗറി ഓണംകുളവും ചേർന്ന് ദീപം തെളിയിക്കും. കെ കെ ഷാജു മുഖ്യ പ്രഭാഷണം നടത്തും.
advertisement
2.30 ന് മാസ് ഡ്രിൽ. വർഗീസ് ജോസഫ് വല്യാക്കൽ മാസ്റ്റർ ഓഫ് സെറിമണിയാകും. പി ആർ പത്മകുമാർ പ്രതിജ്ഞയ്ക്കു നേതൃത്വം നൽകും. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് ഫ്ലാഗ് ഓഫ് ചെയ്യും. മൂന്ന് മണിക്ക് മത്സരങ്ങൾ തുടങ്ങും.
3.40 ന് സാംസ്‌കാരിക സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി ഉദ്ഘാടനം ചെയ്യും. 4.50 ന് ചുണ്ടൻ വള്ളങ്ങളുടെ ഫൈനൽ മത്സരം.
അഞ്ച് മണിക്ക് സമാപന സമ്മേളനം ഉദ്ഘാടനവും സമ്മാനവിതരണവും കൊടിക്കുന്നിൽ സുരേഷ് എം പി നിർവഹിക്കും.
advertisement
ചുണ്ടൻ വള്ളങ്ങളും ട്രാക്കും ഹീറ്റ്സും
ഒന്നാം ഹീറ്റ്സ് : ട്രാക്ക് 2ൽ നടുഭാഗം ചുണ്ടൻ, ട്രാക്ക് 3ൽ ആയാപറമ്പ് പാണ്ടി പുത്തൻ ചുണ്ടൻ.
രണ്ടാം ഹീറ്റ്സ് : ട്രാക്ക് 2ൽ ചമ്പക്കുളം ചുണ്ടൻ, ട്രാക്ക് 3ൽ ചെറുതന ചുണ്ടൻ
മൂന്നാം ഹീറ്റ്സ് : ട്രാക്ക് 2ൽ ആയാപറമ്പ് വലിയ ദിവാൻജി, ട്രാക്ക് 3ൽ സെന്റ് ജോർജ് ചുണ്ടൻ
ഫൈനലിലെ ട്രാക്ക്
ചുണ്ടൻ ലൂസേഴ്സ് ഫൈനൽ
ട്രാക്ക് 1 : മൂന്നാം ഹീറ്റ്സിലെ രണ്ടാമൻ. ട്രാക്ക് 2 : ഒന്നാം ഹീറ്റ്സിലെ രണ്ടാമൻ.ട്രാക്ക് 3 : രണ്ടാം ഹീറ്റ്സിലെ രണ്ടാമൻ.
advertisement
ചുണ്ടൻ ഫൈനൽ
ട്രാക്ക് 1 : മൂന്നാം ഹീറ്റ്സിലെ ഒന്നാമൻ. ട്രാക്ക് 2 : ഒന്നാം ഹീറ്റ്സിലെ ഒന്നാമൻ. ട്രാക്ക് 3 : രണ്ടാം ഹീറ്റ്സിലെ ഒന്നാമൻ
വെപ്പ് ബി ഗ്രേഡ് ട്രാക്ക് 1 : കരിപ്പുഴ ട്രാക്ക് 2 : പുന്നത്ര പുരയ്ക്കൽ.
മൂലം ജലോത്സവ മത്സര വള്ളംകളിക്കു മുന്നോടിയായി ചമ്പക്കുളം പമ്പയാറ്റിൽ സ്റ്റാർട്ടിങ് പോയിന്റ് മുതൽ ഫിനിഷിങ് പോയിന്റ് വരെ സംസ്ഥാന ജലഗതാഗത വകുപ്പിന്റെ ബോട്ടുകൾ ശനി ഉച്ചയ്ക്ക് 1 മുതൽ വള്ളംകളി അവസാനിക്കുന്നതു വരെ ട്രാക്കിലൂടെ പോവുന്നത് പൂർണമായും നിരോധിച്ചതായി ഇറിഗേഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.
advertisement
അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രത്തിലെ വിഗ്രഹ പ്രതിഷ്ഠാ ദിനവുമായി ബന്ധപ്പെട്ടാണ് ചമ്പക്കുളം വള്ളംകളി നടത്തുന്നത്. ക്രിസ്തുവർഷം 1545, മലയാളവർഷം (കൊല്ലവർഷം) 720ൽ മൂലം വള്ളംകളി ആരംഭിച്ചതെന്നാണ് ഐതിഹ്യം.
ചെമ്പകശേരി രാജാവായിരുന്ന ദേവനാരായണൻ അമ്പലപ്പുഴയിൽ ക്ഷേത്രം പണിതതുമായി ബന്ധപ്പെട്ടാണ് വള്ളംകളിയുടെ ചരിത്രം. ക്ഷേത്രത്തിലെ പ്രതിഷ്ഠയായി സ്ഥാപിക്കേണ്ട വിഗ്രഹം ശുഭകരമല്ലെന്ന അഭ്യൂഹം ശക്തമായി. ഇതോടെ ചങ്ങനാശേരിക്ക് സമീപമുള്ള കുറിച്ചിയിലെ കരിംകുളം ക്ഷേത്രത്തിൽ നിന്നും ശ്രീകൃഷ്ണ വിഗ്രഹം അമ്പലപ്പുഴയിലേക്ക് എത്തിക്കാൻ തീരുമാനിച്ചു. അതുപ്രകാരം കരിംകുളം ക്ഷേത്രത്തിൽ നിന്ന് വിഗ്രഹം എത്തിക്കാൻ തീരുമാനിച്ചു.
advertisement
ജലമാർഗമാണ് വിഗ്രഹം എത്തിക്കാൻ തീരുമാനിച്ചത്. വിഗ്രഹം വള്ളത്തിൽ എത്തിക്കുമ്പോൾ പ്രദേശവാസികൾ അലങ്കരിച്ച ചെറുവള്ളങ്ങളുമായി പുഴയിലിറങ്ങി. അലങ്കരിച്ച വള്ളങ്ങളുടെ അകമ്പടിയോടെയായിരുന്നു വിഗ്രഹം വഹിച്ചുള്ള വള്ളത്തിന്റെ സഞ്ചാരം. ഈ യാത്രയ്ക്ക് പിന്നാലെയാണ് വള്ളം കളിയെന്ന ആശയം രൂപപ്പെട്ടതെന്നാണ് ഐതിഹ്യം.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Alappuzha,Alappuzha,Kerala
First Published :
June 21, 2024 5:38 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
കേരളത്തിലെ ഓളപ്പരപ്പിലെ മത്സരങ്ങൾക്ക് ശനിയാഴ്ച തുഴയെറിഞ്ഞു തുടക്കം; ചമ്പക്കുളം മൂലം വള്ളംകളി പമ്പയാറ്റിൽ