ലയണൽ മെസ്സിയും കിലിയൻ എംബാപ്പെയും നിറഞ്ഞാടിയ കളിയിൽ തകർപ്പൻ ജയം പിടിച്ച് പി എസ് ജി. ലീഗ് വൺ കിരീടപ്പോരിൽ തൊട്ടുപിറകിലുള്ള കരുത്തരായ മാഴ്സെയെയാണ് മെസി- എംബാപ്പെ സഖ്യം പരാജയപ്പെടുത്തിയത്. രണ്ടു വട്ടം ഗോളടിച്ച് എംബാപ്പെ പി എസ് ജിക്കായി 200 ഗോൾ തികച്ചപ്പോൾ ഒരു ഗോൾ നേടി മെസ്സി കരിയറിൽ 700 ക്ലബ് ഗോളുകളെന്ന അപൂർവ നേട്ടത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോക്കൊപ്പമെത്തി.
ആദ്യ അരമണിക്കൂറിനിടെയായിരുന്നു രണ്ട് ഗോളുകളും. 25ാം മിനിറ്റിൽ മെസ്സി നൽകിയ പാസിൽ മനോഹര ഷോട്ടുമായി എംബാപ്പെയാണ് സ്കോർ ബോർഡ് തുറന്നത്. നാലു മിനിറ്റിനിടെ എംബാപ്പെ കൈമാറിയ പാസിൽ മെസ്സിയും വല കുലുക്കി. ഇതോടെ ചിത്രത്തിലില്ലാതായ മാഴ്സെ വലയിൽ രണ്ടാം പകുതിയിൽ എംബാപ്പെ വീണ്ടും വെടി പൊട്ടിച്ചു. ഇത്തവണയും അസിസ്റ്റുമായി കൂട്ടുനൽകിയത് മെസ്സി. നെയ്മർ പരിക്കുമായി പുറത്തിരിക്കുന്ന ടീമിന്റെ മുന്നേറ്റത്തിൽ ഇരുവരും ചേർന്ന് സമാനതകളില്ലാത്ത ജോഡികളായാണ് കളിയിലുടനീളം നിറഞ്ഞുനിന്നത്.
പി എസ് ജിക്കായി ഗോൾവേട്ടയിൽ ഡബിൾ സെഞ്ച്വറി കുറിച്ച എംബാപ്പെ ഈ റെക്കോഡിൽ എഡിൻസൺ കവാനിക്കൊപ്പമെത്തി. 2017ൽ ടീമിലെത്തിയ താരം കവാനിയെക്കാൾ അതിവേഗത്തിലാണ് ഈ നേട്ടം സ്വന്തമാക്കിയത്.
Also Read- ലോകകിരീടത്തിൽ മുത്തമിട്ട് ഓസ്ട്രേലിയ; വനിതാ ടി-20 യിൽ ദക്ഷിണാഫ്രിക്കയെ തകർത്തത് 19 റൺസിന്
ക്ലബ് കരിയറിൽ 700 ഗോൾ പൂർത്തിയാക്കിയ മെസ്സിക്ക് മുന്നിൽ ക്രിസ്റ്റ്യാനോ മാത്രമാണുള്ളത്. യൂറോപ്യൻ സോക്കറിൽ 701 ഗോളുകൾ പൂർത്തിയാക്കി സൗദി ലീഗിലെത്തിയ താരം അൽനസർ നിരയിൽ ഗോൾവേട്ട തുടരുകയാണ്. ഇപ്പോൾ 706 ഗോളുകൾ റൊണാൾഡോ നേടിയിട്ടുണ്ട്. എന്നാൽ, 13ാം വയസ്സിൽ കളി തുടങ്ങിയ ബാഴ്സലോണക്കൊപ്പം 778 കളികളിൽ 672 ഗോൾ കുറിച്ച മെസ്സി കഴിഞ്ഞ സീസണിലാണ് പി എസ് ജിക്കൊപ്പമെത്തിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Christiano ronaldo, Lionel messi, PSG