വനിതാ ഏഷ്യാകപ്പ് ടി20യിൽ ഇന്ത്യയ്ക്ക് കിരീടം; ശ്രീലങ്കയെ തകർത്തു തരിപ്പണമാക്കി
- Published by:Anuraj GR
- news18-malayalam
Last Updated:
ഇത് ഏഴാം തവണയാണ് വനിതാ ഏഷ്യാകപ്പിൽ ഇന്ത്യ കിരീടം നേടുന്നത്, 2004ല്‍ ടൂര്‍ണമെന്റ് ആരംഭിച്ചത് മുതല്‍ 2016 വരെ തുടര്‍ച്ചയായി ആറ് കിരീടങ്ങള്‍ നേടിയെങ്കിലും കഴിഞ്ഞ തവണ ഇന്ത്യ ബംഗ്ലാദേശിനോട് തോറ്റിരുന്നു
ധാക്ക: ഏകപക്ഷീയമായ കലാശപ്പോരിന് ഒടുവിൽ വനിതാ ഏഷ്യാകപ്പ് ടി20 കിരീടം ഇന്ത്യ തിരിച്ചുപിടിച്ചു. ധാക്കയിൽ നടന്ന ഫൈനലിൽ ശ്രീലങ്കയെ എട്ടു വിക്കറ്റിന് തകർത്താണ് ഇന്ത്യ കിരീടം നേടിയത്. ഇത് ഏഴാം തവണയാണ് വനിതാ ഏഷ്യാകപ്പിൽ ഇന്ത്യ കിരീടം നേടുന്നത്.. 2004ല്‍ ടൂര്‍ണമെന്റ് ആരംഭിച്ചത് മുതല്‍ 2016 വരെ തുടര്‍ച്ചയായി ആറ് കിരീടങ്ങള്‍ നേടിയെങ്കിലും കഴിഞ്ഞ തവണ ഇന്ത്യ ബംഗ്ലാദേശിനോട് തോറ്റിരുന്നു. ഇത് അഞ്ചാം തവണയാണ് ഫൈനലിൽ ഇന്ത്യ ശ്രീലങ്കയെ തോൽപ്പിക്കുന്നത്.
ആദ്യം ബാറ്റു ചെയ്ത ശ്രീലങ്കയെ നിശ്ചിത 20 ഓവറിൽ ഒമ്പതിന് 65 റൺസെന്ന നിലയിൽ ഒതുക്കിയതോടെയാണ് ഇന്ത്യയുടെ ജയം അനായാസമായത്. വെറും രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 8.3 ഓവറിൽ 71 റൺസെടുത്ത് ഇന്ത്യ വിജയതീരത്ത് എത്തുകയും ചെയ്തു.
ഓപ്പണര്‍ സ്മൃതി മന്ദാനയുടെ (പുറത്താകാതെ 51) തകർപ്പൻ അർദ്ധസെഞ്ച്വറിയാണ് ഇന്ത്യയുടെ ജയം എളുപ്പമാക്കിയത്. സ്മൃതി മൂന്ന് സിക്‌സും ആറ് ബൌണ്ടറികളും ഉൾപ്പടെ വെറും 25 പന്തില്‍ നിന്നാണ് 51 റണ്‍സ് അടിച്ചെടുത്തത്. ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ (11) ലക്ഷ്യത്തിൽ എത്തുമ്പോൾ സ്മൃതിക്കൊപ്പം ക്രീസിൽ ഉണ്ടായിരുന്നു. ഓപ്പണര്‍ ഷെഫാലി വര്‍മ (അഞ്ച്), ജെമിമ റോഡ്രിഗസ് (രണ്ട്) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്.
advertisement
നേരത്തെ ടോസ് നേടി ലങ്ക ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. എന്നാൽ ക്യാപ്റ്റന്‍റെ പ്രതീക്ഷയ്ക്കൊത്ത് ഉയരാതെ ലങ്ക തകർന്നടിയുകയായിരുന്നു. സ്‌കോര്‍ ഒന്‍പതില്‍ നില്‍ക്കെ അവര്‍ തുടരെ മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി. ആദ്യ ആറ് ബാറ്റര്‍മാരും രണ്ടക്കം കാണാതെ പവലിയനിലേക്ക് മടങ്ങി. മത്സരത്തിന്‍റെ ഒരു ഘട്ടത്തിൽപ്പോലും ലങ്കൻ ബാറ്റർമാർ പോരാട്ടവീര്യം പുറത്തെടുത്തില്ല.
ഇന്ത്യക്കായി രേണുക സിങ് മൂന്നോവറില്‍ അഞ്ച് റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. രാജേശ്വരി ഗെയ്ക്‌വാദ്, സ്‌നേഹ് റാണ എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ സ്വന്തമാക്കി.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 15, 2022 3:57 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
വനിതാ ഏഷ്യാകപ്പ് ടി20യിൽ ഇന്ത്യയ്ക്ക് കിരീടം; ശ്രീലങ്കയെ തകർത്തു തരിപ്പണമാക്കി