ഏറ്റവുമധികം ഗോളുകൾ നേടുന്നതിനുള്ള ഗോൾഡൻ ബൂട്ട് പുരസ്ക്കാരം ഫ്രഞ്ച് താരം കീലിയൻ എംബാപ്പെ നേടിയത് ഏറെ രാജകീയമായി. ലയണൽ മെസിയുമായി ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിലാണ് ഫൈനലിലെ ഹാട്രിക്ക് തിളക്കം ഉൾപ്പടെ എട്ട് ഗോളുകളുമായി എംബാപ്പെ ഗോൾഡൻ ബൂട്ട് സ്വന്തമാക്കിയത്. 7 ഗോളുകളുമായി മെസി രണ്ടാമതായി.
ഫൈനലിന് ഇറങ്ങുന്നതിന് മുമ്പ് എംബാപ്പെയും മെസിയും അഞ്ച് ഗോളുകൾ വീതമാണ് നേടിയിരുന്നത്. ഫൈനലിൽ ആദ്യ ഗോൾ പെനാൽറ്റിയിലൂടെ നേടി മെസി മുന്നിലെത്തി. എന്നാൽ രണ്ടാം പകുതിയിൽ രണ്ടു മിനിട്ടിനിടെ രണ്ട് ഗോളടിച്ച് എംബാപ്പെ മെസിയെ മറികടന്ന് മുന്നിലെത്തി. ഈ സമയം എംബാപ്പെ ഏഴ് ഗോളും മെസി ആറു ഗോളുമാണ് നേടിയത്.
എന്നാൽ കഥ അവിടെ അവസാനിച്ചില്ല. അധികസമയത്തിന്‍റെ രണ്ടാം പകുതിയിൽ മെസിയുടെ ഗോളിൽ ഫ്രാൻസിനെ ഞെട്ടിച്ച് അർജന്‍റീന മുന്നിലെത്തിയപ്പോൾ ഗോൾഡൻ ബൂട്ട് പോരാട്ടത്തിൽ അവരുടെ നായകൻ എംബാപ്പെയ്ക്കൊപ്പമെത്തി. മത്സരം അവസാനിക്കാൻ രണ്ട് മിനിട്ട് മാത്രം ശേഷിക്കെ ഫ്രാൻസിന് ലഭിച്ച പെനാൽറ്റി ഗോളാക്കി എംബാപ്പെ ഹാട്രിക്ക് തികച്ച് ഗോൾഡൻ ബൂട്ട് ഉറപ്പിക്കുകയായിരുന്നു.
ഗോൾഡൻ ബൂട്ട് നേടുന്നവർ 6 ഗോളിന് മുകളിൽ സ്കോർ ചെയ്യുന്നത് 2002 നു ശേഷം ഇതാദ്യമായാണ്. ജപ്പാനിലും കൊറിയയിലുമായി നടന്ന 2002 ലോകകപ്പിൽ ഗോൾഡൻ ബൂട്ട് ലഭിച്ചത് ബ്രസീലിന്‍റെ റൊണാൾഡോയ്ക്കായിരുന്നു. അന്ന് റൊണാൾഡോ അടിച്ചുകൂട്ടിയതും എട്ട് ഗോളുകളായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.