HOME /NEWS /Sports / 'ഫൈനലില്‍ ഞങ്ങളും ജയിക്കാന്‍ തന്നെയാണ് ഇറങ്ങുന്നത്'; നെയ്മറിന് മറുപടിയുമായി മെസ്സി

'ഫൈനലില്‍ ഞങ്ങളും ജയിക്കാന്‍ തന്നെയാണ് ഇറങ്ങുന്നത്'; നെയ്മറിന് മറുപടിയുമായി മെസ്സി

Lionel Messi

Lionel Messi

രണ്ടാം സെമി പോരാട്ടത്തില്‍ അര്‍ജന്റീന ജയിക്കണമെന്നും അവരെയാണ് ഫൈനലില്‍ എതിരാളികളായി കിട്ടാന്‍ ആഗ്രഹിക്കുന്നതെന്നുമാണ് നെയ്മര്‍ പറഞ്ഞത്.

  • Share this:

    കോപ്പ അമേരിക്കയില്‍ ഇന്ന് നടന്ന രണ്ടാം സെമി ഫൈനലില്‍ അര്‍ജന്റീന കൊളംബിയയെ തോല്‍പ്പിച്ചതോടെ ലോകമൊട്ടാകെയുള്ള ഫുട്‌ബോള്‍ ആരാധകര്‍ കാത്തിരുന്ന സ്വപ്ന ഫൈനല്‍ മോഹം പൂവണിഞ്ഞിരിക്കുകയാണ്. ഞായറാഴ്ച മാറക്കാന സ്റ്റേഡിയത്തില്‍ വെച്ചാണ് ഫൈനല്‍ മത്സരം നടക്കുന്നത്. അര്‍ജന്റീന ജേഴ്സിയില്‍ ഒരു കിരീടം തന്റെ കൂടെ ചേര്‍ത്ത് വെക്കുക എന്ന ദീര്‍ഘകാലത്തെ സ്വപ്നം ഇത്തവണ എന്ത് വില കൊടുത്തും പൂര്‍ത്തീകരിക്കാനുള്ള തയ്യാറെടുപ്പിലാണ് മെസ്സി. മിന്നും ഫോമില്‍ കളിക്കുന്ന താരത്തിന് കിരീടം നേടി തന്റെ വിമര്‍ശകരുടെ വായടപ്പിക്കാനുള്ള സുവര്‍ണാവസരമാണിത്. അര്‍ജന്റീന ആരാധകര്‍ കാത്തിരിക്കുന്നതും ഈ ഒരു കാഴ്ച കാണാനാണ്.

    ആദ്യ സെമിയില്‍ പെറുവിനെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ചതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെ ബ്രസീലിന്റെ സൂപ്പര്‍ താരം നെയ്മര്‍ തന്റെ ആഗ്രഹം വെളിപ്പെടുത്തിയത് വളരെയധികം ആവേശത്തോടെയാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. രണ്ടാം സെമി പോരാട്ടത്തില്‍ അര്‍ജന്റീന ജയിക്കണമെന്നും അവരെയാണ് ഫൈനലില്‍ എതിരാളികളായി കിട്ടാന്‍ ആഗ്രഹിക്കുന്നതെന്നുമാണ് നെയ്മര്‍ പറഞ്ഞത്.

    'ഫൈനലില്‍ അര്‍ജന്റീനയെ എതിരാളികളായി ലഭിക്കണമെന്നാണ് എന്റെ ആഗ്രഹം. അര്‍ജന്റീന ടീമില്‍ എനിക്ക് വളരെയധികം സുഹൃത്തുക്കളുണ്ട്. അതുകൊണ്ടാണ് ഞാന്‍ അവരെ പിന്തുണയ്ക്കുന്നത്. ഫൈനലില്‍ ബ്രസീല്‍ തന്നെ ജയിക്കും' - നെയ്മര്‍ പറഞ്ഞു.

    അര്‍ജന്റീന ടീമിലെ പല താരങ്ങളും നെയ്മറുടെ സുഹൃത്തുക്കളാണ്. ഇതില്‍ അര്‍ജന്റീന ക്യാപ്റ്റനായ മെസ്സിയുമായി താരത്തിന് വളരെ അടുത്ത ബന്ധമാണുള്ളത്. നെയ്മര്‍ ലാലിഗയില്‍ ബാഴ്സലോണക്കായി കളിച്ചിരുന്ന കാലത്ത് തുടങ്ങിയ ബന്ധമാണ് അത്. ഇപ്പോഴും ആ ആത്മബന്ധം ഇരുവരും സൂക്ഷിക്കുന്നുണ്ട്. ഇതിനുപുറമെ നെയ്മര്‍ ഇപ്പോള്‍ കളിക്കുന്ന പി എസ് ജിയിലെ സഹതാരങ്ങളായ ഡി മരിയയും ലിയാന്‍ഡ്രോ പരേദസും അര്‍ജന്റീനയുടെ താരങ്ങളാണ്.

    ഇപ്പോഴിതാ ഫൈനലില്‍ അര്‍ജന്റീനയെ കിട്ടണം എന്ന് പറഞ്ഞ നെയ്മറിന്റെ വാക്കുകള്‍ക്ക് ഇന്ന് മെസ്സി മറുപടി നല്‍കിയിരിക്കുകയാണ്. 'നെയ്മര്‍ പറഞ്ഞത് ഞാന്‍ അറിഞ്ഞു. അവന്‍ നല്ലവനാണ്. ഫൈനലില്‍ എല്ലാവരും വിജയിക്കാന്‍ വേണ്ടി ആണ് ഇറങ്ങുന്നത്. ഞങ്ങളും വിജയിക്കാനാണ് ഇറങ്ങുന്നത്. കഴിഞ്ഞ കോപ്പ അമേരിക്കയില്‍ തങ്ങള്‍ പ്രയാസമുള്ള ഗ്രൂപ്പില്‍ ആയിരുന്നു എന്നിട്ടും പോസിറ്റീവ് ആയി കളിക്കാന്‍ ആയി. ഇത്തവണ ഫൈനലിലും എത്തി. എന്നത്തേതിനേക്കാളും ആവേശത്തോടെയാണ് ഈ ഫൈനലിനെ നോക്കി കാണുന്നത്. ഞാന്‍ എന്റെ രാജ്യത്തിനായി എല്ലായ്‌പ്പോഴും എല്ലാം നല്‍കിയിട്ടുണ്ട്. ഫോമിലാണോ അല്ലയോ എന്നതല്ല കാര്യം, എന്നും എന്റെ പരമാവധി രാജ്യത്തിന് നല്‍കാറുണ്ട്'- മെസ്സി പറഞ്ഞു.

    ഇതിനു മുമ്പ് 2007ല്‍ ആയിരുന്നു കോപ്പ അമേരിക്ക ഫൈനലില്‍ ബ്രസീലും അര്‍ജന്റീനയും നേര്‍ക്കുനേര്‍ വന്നത്. അന്ന് ബ്രസീല്‍ 3-0ന് വിജയിച്ച് കിരീടം ഉയര്‍ത്തിയിരുന്നു. 2004ലെ കോപ്പ അമേരിക്ക ഫൈനലിലും ബ്രസീല്‍ അര്‍ജന്റീനയെ തോല്‍പ്പിച്ചിരുന്നു. യൂറോ കപ്പിന്റെ ആവേശത്തിനിടയില്‍പ്പെട്ട് മുങ്ങിപ്പോയ കോപ്പയ്ക്ക് ഒരു ഉയിര്‍ത്തെഴുന്നേല്‍പ്പ് നല്‍കാന്‍ ഈ ഒരു സ്വപ്ന ഫൈനലിന് സാധിക്കും. ലോകമെമ്പാടുമുള്ള ആരാധകരെ പോലെ ടൂര്‍ണമെന്റിന്റെ സംഘാടകരും ഇത് തന്നെയാണ് ആഗ്രഹിക്കുന്നതും.

    First published:

    Tags: Argentina football, Argentina vs Brazil, Copa America, Lionel messi, Neymar