ബാഴ്സക്കായി 50 ഫ്രീകിക്ക് ഗോളുകള്; തകര്പ്പന് നേട്ടം സ്വന്തമാക്കി ലയണല് മെസ്സി
ബാഴ്സക്കായി 50 ഫ്രീകിക്ക് ഗോളുകള്; തകര്പ്പന് നേട്ടം സ്വന്തമാക്കി ലയണല് മെസ്സി
ഫ്രീകിക്കില് നിന്ന് നേരിട്ട് ഗോളുകള് നേടുന്നതില് അപാര മികവ് പുലര്ത്തുന്ന മെസ്സി 2008/09 സീസണിലാണ് ബാഴ്സിലോണ കരിയറിലെ തന്റെ ആദ്യ ഫ്രീകിക്ക് ഗോള് നേടുന്നത്
ബാഴ്സിലോണ ജഴ്സിയില് 50 ഫ്രീകിക്ക് ഗോളുകള് എന്ന തകര്പ്പന് നേട്ടം സ്വന്തമാക്കി സൂപ്പര് താരം ലയണല് മെസ്സി. ഇന്നലെ വലന്സിയക്കെതിരെ നടന്ന ലാലീഗ മത്സരത്തിലായിരുന്നു താരം ഈ നേട്ടത്തിലെത്തിയത്. 2020-21 സീസണില് ഫ്രീകിക്കില് നിന്ന് മെസ്സി നേടുന്ന മൂന്നാമത്തെ ഗോള് കൂടിയായിരുന്നു വലന്സിയക്കെതിരെയുള്ളത്.
ഫ്രീകിക്കില് നിന്ന് നേരിട്ട് ഗോളുകള് നേടുന്നതില് അപാര മികവ് പുലര്ത്തുന്ന മെസ്സി 2008/09 സീസണിലാണ് ബാഴ്സിലോണ കരിയറിലെ തന്റെ ആദ്യ ഫ്രീകിക്ക് ഗോള് നേടുന്നത്. 2018-19 സീസണിലാണ് മെസ്സി ഏറ്റവും കൂടുതല് ഫ്രീകിക്ക് ഗോളുകള് നേടിയത്. ആ സീസണില് 8 തവണയായിരുന്നു മെസ്സി താനെടുത്ത ഫ്രീകിക്കുകള് ഗോളാക്കി മാറ്റിയത്. 2015/16, 2017/18 സീസണുകളില് 7 വീതം ഫ്രീകിക്ക് ഗോളുകള് ബാഴ്സിലോണക്കായി നേടിയ മെസ്സി, കഴിഞ്ഞ സീസണില് 5 തവണയാണ് ഫ്രീകിക്കില് നിന്ന് ഗോളുകള് കണ്ടെത്തിയത്.
ബാഴ്സിലോണക്ക് വേണ്ടിയുള്ള ഫ്രീകിക്ക് ഗോളുകളുടെ എണ്ണത്തില് അര്ധ സെഞ്ചുറി തികച്ച മത്സരത്തില് മെസ്സി ഇരട്ട ഗോളുകളും സ്കോര് ചെയ്തിരുന്നു. 2020-21 സീസണ് ലാലീഗയില് മെസ്സി ഇത് ഒന്പതാം തവണയാണ് ഇരട്ട ഗോളുകള് നേടുന്നത്. വലന്സിയക്ക് പുറമേ റയല് ബെറ്റിസ്, അത്ലറ്റിക്ക്, ഗ്രനഡ, അലാവസ്, എല്ഷെ, ഹുയേസ്ക, റയല് സോസിദാദ്, ഗെറ്റാഫെ എന്നിവര്ക്കെതിരെയാണ് ഇത്തവണ ലാലീഗയില് താരം ഇരട്ട ഗോളുകള് നേടിയിട്ടുള്ളത്.
മെസ്സി ഇരട്ട ഗോളുകളുമായി തിളങ്ങിയ മത്സരത്തില് ബാഴ്സിലോണ 3-2ന് വലന്സിയയെ പരാജയപ്പെടുത്തുക കൂടി ചെയ്തതോടെ ഈ നേട്ടം താരത്തിന് ഇരട്ടി മധുരമായി. മെസ്സിക്ക് പുറമേ, അന്റോയിന് ഗ്രീസ്മാനും കറ്റാലന് ക്ലബ്ബിനായി വല കുലുക്കിയപ്പോള്, ഗബ്രിയേല് പൗലിസ്റ്റ, കാര്ലോസ് സോളര് എന്നിവരായിരുന്നു വലന്സിയക്കായി ഗോളുകള് തിരിച്ചടിച്ചത്.
അതേ സമയം 2020-21 സീസണ് ലാലീഗ അതിന്റെ അവസാന ഘട്ടത്തിലേക്കെത്തുമ്പോള് കിരീടത്തിനായി ഇഞ്ചോടിഞ്ച് പോരാട്ടമാണ് ലീഗില് നടക്കുന്നത്. നിലവില് 76 പോയിന്റുള്ള അത്ലറ്റിക്കോ മാഡ്രിഡാണ് പോയിന്റ് പട്ടികയില് ഒന്നാമത്. 74 പോയിന്റുകള് വീതമുള്ള റയല് മാഡ്രിഡ്, ബാഴ്സിലോണ എന്നിവര് യഥാക്രമം 2, 3 സ്ഥാനങ്ങളില് നില്ക്കുന്നു. അതുകൊണ്ട് തന്നെ ഇനിയുള്ള ബാക്കി മത്സരങ്ങള് എല്ലാം ജയിക്കുകയും റയലും അത്ലറ്റിക്കോയും മത്സരങ്ങള് തോല്ക്കുകയും ചെയ്താല് മാത്രമേ ബാഴ്സക്ക് കിരീടം നേടാന് കഴിയുള്ളൂ. ബാക്കിയുള്ള മത്സരങ്ങളില് അടുത്തയാഴ്ച ബാഴ്സക്ക് അത്ലറ്റിക്കോ മാഡ്രിഡുമായുള്ള മല്സരമുണ്ട്. ഇതില് ജയിക്കാനയാല് കിരീടം ഏറെക്കുറെ അവര്ക്ക് ഉറപ്പിക്കാനാവും. കിരീടം നേടിയാല് ബാഴ്സ വിട്ട് പോകാന് ഒരുങ്ങുന്ന മെസ്സിയെ ഇവിടെ തന്നെ പിടിച്ചു നിര്ത്താം എന്ന പ്രതീക്ഷയും ബാഴ്സ ടീം മാനേജ്മന്റിനുണ്ട്.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.