ഖത്തര്‍ ഫിഫ വേള്‍ഡ് കപ്പില്‍ അര്‍ജന്റീനയെ വിജയത്തിലേക്ക് നയിച്ച കളിക്കാരനാണ് ലയണല്‍ മെസ്സി. നിരവധി ആരാധകരാണ് മെസ്സിയ്ക്ക് ആശംസകളുമായി രംഗത്തെത്തിയത്. അക്കൂട്ടത്തില്‍ വ്യത്യസ്തമായ ഒരു കുറിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് അര്‍ജന്റീനയിലെ ഒരു യുവതി. തന്റെ രോഗ ബാധിതനായ മകന് ഏറെ പ്രചോദനം നല്കിയ വ്യക്തിയാണ് മെസ്സി എന്നാണ് ഇവരുടെ കുറിപ്പില്‍ പറയുന്നത്.
പതിനൊന്ന് വയസ്സുള്ളപ്പോഴാണ് മെസ്സിയ്ക്ക് വളര്‍ച്ചാ ഹോര്‍മോണിന്റെ അളവ് കുറയുന്ന രോഗം കണ്ടെത്തിയത്. തുടര്‍ന്ന് അങ്ങോട്ടുള്ള അദ്ദേഹത്തിന്റെ യാത്ര വളരെ കഠിനമായിരുന്നു. ഹോര്‍മോണ്‍ കുത്തിവെച്ചും നിരന്തരമായ ചികിത്സയിലൂടെയുമാണ് അദ്ദേഹം ജീവിച്ചത്. എഫ്സി ബാഴ്സലോണ ക്ലബ്ബ് പിന്നീട് അദ്ദേഹത്തിന്റെ ചികിത്സാ ചെലവുകള്‍ ഏറ്റെടുക്കുകയും ചെയ്തിരുന്നു.
Also read- ഇരട്ടസെഞ്ച്വറിയടിച്ച ആഘോഷം വിനയായി; ഡേവിഡ് വാർണർ പരിക്കേറ്റ് മടങ്ങി
വളരെ പ്രചോദനം നല്കുന്ന ജീവിതമാണ് മെസ്സിയുടേത്. തന്റെ മകന്റെ ജീവിതത്തിലും മെസ്സിയ്ക്ക് കാര്യമായ സ്വാധീനം ചെലുത്താന്‍ കഴിയുമെന്ന് അദ്ദേഹത്തിന്റെ ജീവിതകഥ അറിഞ്ഞതിലൂടെ തനിക്ക് മനസ്സിലായെന്ന് യുവതി പറയുന്നു.
***THREAD*** I translated this English speakers.
An Argentinian mother tells why she will always be grateful to Lionel Messi.
Beautiful story not known until yesterday about Messi (and Tommy) pic.twitter.com/xrIjlNU7Mm
— Juani Jimena (@JimenaJuani) December 26, 2022
‘മെസ്സിയുടെ ഒരു ചിത്രം വാങ്ങി എന്റെ മകന്റെ മുറിയില്‍ ഒട്ടിച്ചുവെച്ചു. അവന്റെ ഇഷ്ടനായകനാണ് മെസ്സി. മെസ്സിയെ ചികിത്സിച്ചത് പോലെത്തന്നെ അവനെയും ചികിത്സിക്കുമെന്ന് അവനോട് ഞങ്ങള്‍ പറഞ്ഞു. തന്റെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍ രോഗം ഒരു തടസ്സമല്ലെന്ന് കാണിച്ചയാളാണ് മെസ്സി. അത് എന്റെ മകനെയും സ്വാധീനിക്കുമെന്ന് കരുതി,’ കുറിപ്പില്‍ പറയുന്നു.
എന്നാല്‍ കഥ ഇവിടെ അവസാനിക്കുന്നില്ല. തന്റെ മകന് മെസ്സിയെ കാണാനുള്ള അവസരമുണ്ടാക്കാനും ഈ അമ്മ ശ്രമിച്ചു. തന്റെ എട്ട് വയസ്സുള്ള മകന് മെസ്സിയെ കാണണമെന്ന് പറഞ്ഞപ്പോള്‍ ആ ആഗ്രഹവും ഈ അമ്മ സാധിച്ചുകൊടുത്തിരുന്നു. അതിനായി മെസ്സിയുടെ അച്ഛനുമായി സംസാരിക്കുകയും ഇരുവര്‍ക്കും കാണാനുള്ള അവസരം ഉണ്ടാക്കുകയും ചെയ്തു.
ആ കൂടിക്കാഴ്ചയില്‍ മകന് മെസ്സിയോട് ഏറ്റവും കൂടുതല്‍ ചോദിച്ച ചോദ്യം ഹോര്‍മോണ്‍ കുത്തിവെയ്ക്കുമ്പോള്‍ വേദനിക്കില്ലെ എന്നായിരുന്നു. എന്നാല്‍ എല്ലാം ക്ഷമയോടെ നേരിട്ടാല്‍ വേദന തോന്നില്ലെന്ന മറുപടിയാണ് മെസ്സി ആ എട്ടുവയസ്സുകാരന് നല്‍കിയത്.
വലിപ്പമില്ലാത്തതിന്റെ പേരില്‍ ധാരാളം കളിയാക്കലുകള്‍ താന്‍ നേരിട്ടിട്ടുണ്ടെന്നും മെസ്സി തന്റെ മകനോട് പറഞ്ഞുവെന്ന് യുവതി പറയുന്നു. എന്നാല്‍ പൊക്കമില്ലാത്തവര്‍ക്കും ധാരാളം നേട്ടങ്ങള്‍ ഉണ്ടെന്ന് മകനോട് പറയാന്‍ അദ്ദേഹം മറന്നില്ലെന്നും യുവതി പറയുന്നു. ടോമി എന്ന തന്റെ മകന് ഇപ്പോള്‍ മെസ്സിയുടെ അത്രയും ഉയരമുണ്ടെന്നും യുവതി പറഞ്ഞു.
‘മെസ്സി ലോകകപ്പ് നേടണമെന്നാണ് ഞാന്‍ പ്രാര്‍ത്ഥിച്ചത്. എന്റെ മകനോട് അന്ന് അത്രയധികം സംസാരിച്ചതിന് ഞാന്‍ അദ്ദേഹത്തോട് കടപ്പെട്ടിരിക്കുന്നു. ഒരുപാട് നന്ദിയുണ്ട് മെസ്സി. നിങ്ങള്‍ വലിയവനാണ്’, എന്ന് പറഞ്ഞാണ് യുവതിയുടെ കുറിപ്പ് അവസാനിക്കുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.