• HOME
  • »
  • NEWS
  • »
  • sports
  • »
  • ഉവെ ഹോണ്‍; 23ആം വയസില്‍ തനിക്കു സാധിക്കാതെ പോയ നേട്ടം 37 വര്‍ഷത്തിനു ശേഷം ശിഷ്യനിലൂടെ തിരിച്ചുപിടിച്ച കോച്ച്

ഉവെ ഹോണ്‍; 23ആം വയസില്‍ തനിക്കു സാധിക്കാതെ പോയ നേട്ടം 37 വര്‍ഷത്തിനു ശേഷം ശിഷ്യനിലൂടെ തിരിച്ചുപിടിച്ച കോച്ച്

വിജയത്തിലേക്കു കൈയുയര്‍ത്തി തിരിഞ്ഞുനടന്ന നീരജ് ചോപ്രയെ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തിക്കൊണ്ടിരുന്ന ഒരു വ്യക്തിയെ സ്‌ക്രീനില്‍ കാണുന്നുണ്ടായിരുന്നു. ആ മനുഷ്യനാണ് ഉവെ ഹോണ്‍.

  • Share this:
    ടോക്യോ ഒളിമ്പിക്‌സില്‍ ജാവലിനില്‍ സ്വര്‍ണം നേടി ഇന്ത്യയുടെ അഭിമാനം വാനോളം ഉയര്‍ത്തിയിരിക്കുകയാണ് നീരജ് ചോപ്ര എന്ന ഇരുപത്തിമൂന്നുകാരന്‍. ടോക്യോ ഒളിമ്പിക്സിലെ ഏക സ്വര്‍ണ്ണ മെഡല്‍ ജേതാവായ നീരജ് ചോപ്രയ്ക്ക് സമ്മാനപ്പെരുമഴയാണ് ഇപ്പോള്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇന്ത്യയ്ക്ക് ഒളിമ്പിക്സില്‍ ഒരു അത്‌ലറ്റിക്‌സ് ഇനത്തില്‍ ലഭിക്കുന്ന ആദ്യ സ്വര്‍ണമാണിത്. പുരുഷന്മാരുടെ ജാവലിന്‍ ത്രോയില്‍ 87.5 മീറ്റര്‍ ദൂരമെറിഞ്ഞാണ് നീരജ് ചോപ്ര എന്ന കരസേനയിലെ ജൂനിയര്‍ കമ്മീഷന്‍ഡ് ഓഫീസര്‍ സ്വര്‍ണ മെഡല്‍ നേടിയത്.

    130 കോടി വരുന്ന ഇന്ത്യന്‍ ജനതയുടെ സ്വപ്നത്തിന് സ്വര്‍ണത്തിളക്കം ചാര്‍ത്തിയ നീരജ് ചോപ്രയുടെ പിന്നില്‍ അധികമാരും അറിയാത്ത ഒരു കഥയുണ്ട്. ജാവലിന്‍ ത്രോ മല്‍സരത്തിന്റെ ചരിത്രത്തില്‍ ഒരിക്കല്‍ മാത്രമേ 100 മീറ്ററിനപ്പുറം പറന്നിട്ടുള്ളൂ. അതിനു പിന്നിലെ കൈകള്‍ ഉവെ ഹോണ്‍ എന്ന ഒരു ജര്‍മന്‍ താരത്തിന്റേതായിരുന്നു. പിന്നീടിന്നുവരെ ഒരാള്‍ക്കും, ഒരു ഒളിമ്പിക്‌സിനും, അതിനെ മറികടക്കാന്‍ കഴിഞ്ഞിട്ടില്ല. എന്നാല്‍ ഇത് സംഭവിച്ചത് ഒളിമ്പിക്‌സില്‍ അല്ല എന്നു മാത്രം. ഹോണിനു ഒളിമ്പിക്‌സില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ചില്ല.

    കാരണമെന്തെന്നാല്‍ 1984 ല്‍ അമേരിക്കയില്‍ നടന്ന ഒളിമ്പിക്‌സ് ബഹിഷ്‌ക്കരിച്ച രാജ്യങ്ങളില്‍ കിഴക്കന്‍ ജര്‍മനിയും ഉള്‍പ്പെട്ടിരുന്നു. ബഹിഷ്‌ക്കരിച്ച രാജ്യങ്ങള്‍ ചേര്‍ന്നു ഫ്രണ്ട്ഷിപ്പ് ഗെയിംസ് എന്ന പേരില്‍ മറ്റൊന്ന് സംഘടിപ്പിച്ചു. ഉവെ ഹോണ്‍ അതിലായിരുന്നു പങ്കെടുത്തത്. അന്ന് ജാവലിന്‍ എറിയാന്‍ പോയി 104.68 മീറ്റര്‍ താണ്ടി ഹോണ്‍ ലോകത്തിന്റെ കണ്ണുതള്ളിച്ചു. ചരിത്രത്തില്‍ ആദ്യമായി ഒരു ജാവലിന്‍ സെഞ്ചുറി കടന്നു. അന്നത്തെ ഒളിമ്പിക്‌സ് സ്വര്‍ണമെഡല്‍ ജേതാവ് എറിഞ്ഞത് വെറും 86.76 മീറ്റര്‍ മാത്രമായിരുന്നു.

    ഇന്നലെ 37 വര്‍ഷങ്ങള്‍ക്കിപ്പുറം ഇന്ത്യയുടെ ആദ്യത്തെ അത്‌ലറ്റിക് മെഡലിലേക്കുള്ള ഏറിനു ശേഷം, ജാവലിന്‍ പോയ ഭാഗത്തേക്കു പോലും നോക്കാതെ, അത്രമേല്‍ നിശ്ചയത്തോടെ, വിജയത്തിലേക്കു കൈയുയര്‍ത്തി തിരിഞ്ഞുനടന്ന നീരജ് ചോപ്രയെ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തിക്കൊണ്ടിരുന്ന ഒരു വ്യക്തിയെ സ്‌ക്രീനില്‍ കാണുന്നുണ്ടായിരുന്നു. ആ മനുഷ്യനാണ് ഉവെ ഹോണ്‍.

    തന്റെ 23ആം വയസ്സില്‍ തനിക്ക് സാധിക്കാന്‍ കഴിയാതെ പോയ നേട്ടം 37 വര്‍ഷങ്ങള്‍ക്ക് ശേഷം അതേ പ്രായക്കാരനായ ശിഷ്യനിലൂടെ സാധിച്ചിരിക്കുകയാണ് നീരജ് ചോപ്രയുടെ പരിശീലകനായ ഉവെ ഹോണ്‍.

    ഇത്തവണ ജാവലിനില്‍ ഫൈനലില്‍ 87.58 മീറ്റര്‍ ദൂരം എറിഞ്ഞാണ് നീരജ് ചോപ്ര സ്വര്‍ണം സ്വന്തമാക്കിയത്. ഈ ഇനത്തില്‍ സ്വര്‍ണം നേടിയതോടെ വ്യക്തിഗത ഇനത്തില്‍ അഭിനവ് ബിന്ദ്രക്ക് ശേഷം സ്വര്‍ണം നേടുന്ന രണ്ടാമത്തെ ഇന്ത്യക്കാരന്‍ എന്ന നേട്ടം കൂടി സ്വന്തമാക്കി. നേരത്തെ മില്‍ഖാ സിങ്, പിടി ഉഷ, അഞ്ജു ബോബി ജോര്‍ജ് എന്നിവരുടെ കയ്യില്‍ നിന്നും ചെറിയ വ്യത്യാസത്തിന് ഒളിമ്പിക് മെഡലുകള്‍ നഷ്ടമായ കഥയാണ് ഇന്ത്യക്ക് പറയാനുണ്ടായിരുന്നത്. അത്ലറ്റിക്സില്‍ ഒരു മെഡല്‍ നേടുന്നതിനായുള്ള ഇന്ത്യയുടെ ഒരുപാട് നാളത്തെ കാത്തിരിപ്പാണ് നീരജ് ചോപ്രയുടെ സ്വര്‍ണ നേട്ടത്തിലൂടെ പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞത്.
    Published by:Sarath Mohanan
    First published: