ടോക്യോ ഒളിമ്പക്സിൽ ജാവലിനിൽ സ്വർണം നേടി ഇന്ത്യയുടെ അഭിമാന താരമായാണ് നീരജ് ചോപ്ര നാട്ടിൽ തിരിച്ചെത്തിയത്. ഫൈനലിൽ ആത്മവിശ്വാസത്തോടെ മത്സരിച്ച നീരജ് 87.59 മീറ്റര്‍ ദൂരം കണ്ടെത്തിയാണ് സ്വർണ മെഡൽ കഴുത്തിലണിഞ്ഞത്. ഫൈനലിൽ 87 മീറ്റർ കണ്ടെത്തിയ ഏക താരവും നീരജ് തന്നെയായിരുന്നു. രണ്ട് തവണ നീരജ് 87 മീറ്ററിന് മുകളിൽ ദൂരം കണ്ടെത്തിയപ്പോൾ ഒപ്പം മത്സരിച്ച മറ്റ് താരങ്ങളിൽ ആർക്കും തന്നെ നീരജിന് വെല്ലുവിളി ഉയർത്താൻ കഴിഞ്ഞതുമില്ല. എന്നാല്‍ ഇപ്പോഴിതാ ഫൈനൽ മത്സരത്തിനിടെ നീരജ് ചോപ്ര തന്റെ ജാവലിനായി തിരയുന്ന വീഡിയോയാണ് പുറത്തവന്നിരിക്കുന്നത്.
ആദ്യ ശ്രമത്തിന് മുൻപ് തന്റെ ജാവലിൻ തിരയുന്ന നീരജ് ചോപ്ര, ജാവലിൻ പാകിസ്താൻ താരമായ അർഷദ് നദീമിന്റെ കയ്യിൽ നിന്നും വാങ്ങുകയും തുടർന്ന് ധൃതിയിൽ തന്റെ ആദ്യ ശ്രമത്തിനായി പോകുന്നതും വീഡിയോയിൽ കാണാം. എന്നാൽ ഈ സംഭവങ്ങൾ നീരജിന്റെ സ്വർണത്തിലേക്കുള്ള കുതിപ്പിൽ തടസ്സമായില്ല. പക്ഷെ പാക് താരത്തിന്റെ പെരുമാറ്റത്തെ ചോദ്യം ചെയ്ത് കൊണ്ട് ഒരുപാട് ആരാധകർ രംഗത്ത് വരുന്നുണ്ട്. മറ്റൊരു താരത്തിന്റെ ജാവലിൻ എടുക്കാൻ പാക് താരം എന്തിന് മുതിരണം എന്നാണ് കൂടുതൽ പേരും ചോദിക്കുന്നത്.
നീരജിന്റെ ജാവലിനില്‍ എന്തോ കൃത്രിമം കാണിക്കുന്നതിനു വേണ്ടിയായിരുന്നു പാക് താരം ജാവലിൻ എടുത്തത് എന്നും ഒരു കൂട്ടം ആരാധകർ വാദിക്കുന്നുണ്ട്. കൃത്രിമം നടത്തി എന്ന ആരോപണത്തെ എതിർത്ത് നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്. ഏതായാലും സംഭവത്തെ കുറിച്ച് നീരജ് ചോപ്ര പരാതിയൊന്നും പറഞ്ഞിരുന്നില്ല എന്നതിനാൽ വലിയ വിവാദങ്ങളിലേക്ക് സംഭവം പോയേക്കില്ല.
ടോക്യോയിൽ യോഗ്യത റൗണ്ടിൽ മികച്ച പ്രകടനം നടത്തി ഒന്നാമനായി ഫൈനലിൽ പ്രവേശിച്ച നീരജ് ചോപ്ര ഫൈനലിലും അതേ പ്രകടനമാണ് തുടർന്നത്. ഫൈനലിൽ ആത്മവിശ്വാസത്തോടെ ഇറങ്ങിയ താരം ആദ്യത്തെ ശ്രമത്തിൽ 87.02 മീറ്റർ കണ്ടെത്തി, രണ്ടാം ശ്രമത്തിൽ ഈ ദൂരം മെച്ചപ്പെടുത്തി 87.59 മീറ്റർ കണ്ടെത്തിയാണ് ഒളിമ്പിക്സ് മാമാങ്കത്തിൽ ഇന്ത്യക്കായി ചരിത്ര നേട്ടം കുറിച്ചത്.
Also read- സ്‌കോര്‍ എത്രയെന്ന് പരിഹസിച്ച് ഇംഗ്ലണ്ട് ആരാധകര്‍, വായടപ്പിക്കുന്ന മറുപടിയുമായി മുഹമ്മദ് സിറാജ്, വീഡിയോ വൈറല്നീരജ് ചോപ്രയുടെ സ്വർണ മെഡലിന്റെ ബലത്തിൽ ഇന്ത്യ ഒളിമ്പിക്സിൽ തങ്ങളുടെ എക്കാലത്തെയും മികച്ച മെഡൽവേട്ട കുറിക്കുകയും ചെയ്തിരുന്നു. നീരജിന്റെ സ്വർണമുൾപ്പെടെ ഏഴ് മെഡലുകളാണ് ഇന്ത്യ ടോക്യോയിൽ നിന്നും നേടിയത്. സ്വർണം നേടി രാജ്യത്തിന്റെ അഭിമാനം ഉയർത്തിയ താരത്തിന് സമ്മാനപ്പെരുമഴയാണ് ലഭിച്ചത്. സമ്മാനത്തുക ഇനത്തിൽ ഏകദേശം 13 കോടിയോളം രൂപ ലഭിച്ച താരത്തിന് സർക്കാർ ജോലിയും വാഹന നിർമാതാക്കളായ മഹീന്ദ്രയുടെ പുതിയ മോഡലായ എക്സ്‌യുവി 700ഉം സമ്മാനമായി ലഭിച്ചിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.