ലോഡ്സ് ടെസ്റ്റിലെ ഐതിഹാസിക ജയത്തിന്റെ ആത്മവിശ്വാസത്തില്‍ ഇറങ്ങിയ ഇന്ത്യന്‍ ടീമിന് വന്‍ തിരിച്ചടിയാണ് മൂന്നാം ടെസ്റ്റിലെ ആദ്യ ദിനം നേരിട്ടിരിക്കുന്നത്. അപ്രതീക്ഷിത ബാറ്റിങ് തകര്‍ച്ച നേരിട്ട ഇന്ത്യ ആദ്യ ഇന്നിങ്സില്‍ 78 റണ്‍സിന് പുറത്തവുകയായിരുന്നു. 19 റണ്‍സെടുത്ത രോഹിത് ശര്‍മയാണ് ഇന്ത്യന്‍ നിരയിലെ ടോപ് സ്കോറര്‍. രോഹിത്തിനെ കൂടാതെ അജിന്‍ക്യ രഹാനെ മാത്രമാണ് (18 റണ്‍സ്) രണ്ടക്കം കടന്നത്.
ഓള് ഔട്ട് ആയതിനു ശേഷം ബൗളിംഗിന് ഗ്രൗണ്ടില്‍ ഇറങ്ങിയപ്പോള്‍ ഇന്ത്യന്‍ സ്റ്റാര്‍ പേസര്‍ മുഹമ്മദ് സിറാജിനെയാണ് ഇംഗ്ലണ്ട് ആരാധകര്‍ ലക്ഷ്യം വെച്ചത്. ഒരു ഘട്ടത്തില്‍ സിറാജിന്റെ നേരെ ഇംഗ്ലീഷ് കാണികള്‍ പന്തെറിയുകയുണ്ടായി എന്ന് വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത് വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ മത്സരത്തിനിടയില്‍ സ്കോര്‍ എത്രയെന്ന് ചോദിച്ച് ഇംഗ്ലീഷ് ആരാധകര്‍ക്ക് സിറാജ് നല്കിയ മറുപടിയാണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്. ഇതിന്റെ വിഡിയോയും സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.
ആദ്യ ദിനത്തിന്റെ അവസാന സെഷനില്‍ തന്റെ ഫീല്‍ഡിങ് പൊസിഷനിലേക്ക് സിറാജ് നടക്കുമ്പോഴാണ് ഇംഗ്ലീഷ് കാണികളുടെ പരിഹാസ ചോദ്യം ഉയര്‍ന്നത്. സ്കോര്‍ എത്രയെന്ന ഇംഗ്ലീഷ് ആരാധകരുടെ ചോദ്യത്തിന് മുന്പില് പതറാതെ മുഹമ്മദ് സിറാജ് കൈകൊണ്ട് 1-0 എന്ന ആംഗ്യം കാണിച്ച് പരിഹസിക്കാന്‍ എത്തിയവര്‍ക്ക് വായടപ്പിക്കുന്ന മറുപടി നല്കി.
പരമ്പരയില്‍ ഇന്ത്യ 1-0ന് മുന്‍പിലാണ്. ഹെഡിങ്ലേയിലെ കാണികള്‍ മുഹമ്മദ് സിറാജിനെ ലക്ഷ്യം വെച്ചതില്‍ കോഹ്ലി അസ്വസ്ഥനാണെന്ന് റിഷഭ് പന്ത് പറഞ്ഞു. നിങ്ങള്‍ ഗ്യാലറിയില്‍ ഇരുന്ന് എന്തും പറയൂ. എന്നാല്‍ ഫീല്‍ഡര്‍മാരുടെ നേര്‍ക്ക് സാധനങ്ങള്‍ എറിയാതിരിക്കണം എന്നും പന്ത് ആവശ്യപ്പെട്ടു.
അവസാന ടെസ്റ്റില്‍ ഇന്ത്യന്‍ ഓപ്പണര്‍ കെ എല്‍ രാഹുലിന് നേരെ ഇംഗ്ലണ്ട് ആരാധകര്‍ വൈന്‍ കോര്‍ക്ക് എറിഞ്ഞത് ചര്‍ച്ചയായിരുന്നു. രാഹുല്‍ ഫീല്‍ഡ് നില്‍ക്കുന്നതിന് അടുത്തായി ധാരാളം കോര്‍ക്ക് വീണിരിക്കുന്നതും കാണാമായിരുന്നു. ഇംഗ്ലണ്ട് ആരാധകരുടെ പ്രവര്‍ത്തിയില്‍ അതൃപ്തി രേഖപ്പെടുത്തി രാഹുലും കോഹ്ലിയും മറ്റ് ഇന്ത്യന്‍ താരങ്ങളും കളി നിയന്ത്രിച്ചിരുന്ന അമ്പയര്‍മാരായ മൈക്കല്‍ ഗോയിനെയും റിച്ചാര്‍ഡ് ഇല്ലിങ്വര്‍ത്തിനെയും സമീപിച്ചതിനെ തുടര്‍ന്ന് കളി അല്പനേരത്തേക്ക് നിര്‍ത്തിവെച്ചിരുന്നു.
അതേസമയം ലീഡ്സ് ടെസ്റ്റിലെ ഒന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ റോറി ബേണ്‍സും ഹസീബ് ഹമീദും തങ്ങളുടെ അര്‍ദ്ധ ശതകം പൂര്‍ത്തിയാക്കി ക്രീസില്‍ തുടരുകയാണ്. ഹസീബ് 58 റണ്‍സും ബേണ്‍സ് 52 റണ്‍സും നേടിയാണ് ഇന്ത്യയ്ക്ക് ദുരിതപൂര്‍ണ്ണമായ ആദ്യ ദിനം സമ്മാനിച്ചത്. ഇംഗ്ലണ്ടിനായി മൂന്ന് വീതം വിക്കറ്റുമായി ജെയിംസ് ആന്‍ഡേഴ്സണും ക്രെയിഗ് ഓവര്‍ട്ടണും തിളങ്ങിയപ്പോള്‍ ഒല്ലി റോബിന്‍സണും സാം കറനും രണ്ട് വീതം വിക്കറ്റ് നേടി. അഞ്ചുപേരെ വിക്കറ്റിനു പിന്നില്‍ ക്യാച്ചെടുത്തത് ജോസ് ബട്ലറാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.