കൊച്ചി: നേട്ടങ്ങളുടെ നെറുകയില്‍ അഭിനന്ദന പ്രവാഹത്തില്‍ മുങ്ങുമ്പോഴും ഇന്നലെകളെ മറക്കാതെ ഹോക്കി താരം പി. ആര്. ശ്രീജേഷ്. കഴിഞ്ഞ രണ്ടു പതിറ്റാണ്ടു നീണ്ട കായിക ജീവിതത്തില്‍ നന്ദി ഒരുപാടു പേരോടു പറയാനുണ്ടെങ്കിലും സ്വന്തം പിതാവിന്റെ പിന്തുണ സ്നേഹപൂര്‍വ്വം ചേര്‍ത്തു വെയ്ക്കുകയാണ് ഇന്ത്യന്‍ ഹോക്കിയുടെ കാവലാള്‍.
തിരുവനന്തപുരം ജിവി രാജ സ്പോര്‍ട്സ് സ്കൂളിലെ പഠന കാലമാണ് ജീവിതത്തില്‍ വഴിത്തിരിവായത്. ആദ്യമൊക്കെ ഹോക്കി ആയിരുന്നില്ല തന്റെ ഇഷ്ട വിനോദം. പിന്നീട് അധ്യാപകരാണ് വഴി തിരിച്ചു വിട്ടത്. ഹോക്കി താരമായി അറിയപ്പെടുമ്പോഴും പിന്നീട് ദേശീയ ക്യാമ്പുകളിലേ മറ്റും തെരഞ്ഞെടുക്കപ്പെട്ടപ്പോഴും നല്ലൊരു സ്പോര്‍ട്സ് കിറ്റ് പോലും തനിക്ക് ഉണ്ടായിരുന്നില്ല. വലിയ വിലവരുന്ന കിറ്റ് സ്വന്തമായി വാങ്ങിക്കാനുള്ള ശേഷി കുടുംബത്തിനും ഉണ്ടായിരുന്നില്ല. എങ്കിലും കര്‍ഷകനായ അച്ഛന് തനിക്ക് എല്ലാ പിന്തുണയും നല്‍കിയിരുന്നതായി ശ്രീജേഷ് ഓര്‍ക്കുന്നു.
മറ്റു കൃഷികള്‍ക്കൊപ്പം കാലിവളര്‍ത്തലും വീട്ടിലുണ്ടായിരുന്നു. ക്ഷീര കര്ഷകന് കൂടിയായ അച്ഛന് വീട്ടിലെ കറവപ്പശുക്കളില്‍ ഒന്നിനെ വിറ്റു കിട്ടിയ പണം ഉപയോഗിച്ചാണ് ആദ്യത്തെ ഹോക്കി കിറ്റ് വാങ്ങി തരുന്നത്. പിന്നീട് ജീവിത സാഹചര്യം മെച്ചപ്പെട്ടു. വിലകൂടിയ സ്പോര്‍ട്സ് ഉപകരണങ്ങളെല്ലാം ഉപയോഗിച്ചു തുടങ്ങി. എങ്കിലും ആദ്യ കിറ്റ് വാങ്ങിയ വൈകാരികത തന്നെ വിട്ട് ഒരിക്കലും പോവുകയില്ലെന്ന് ശ്രീജേഷ് പറയുന്നു. താന്‍ നേടിയ ഏറ്റവും വലിയ മെഡലാണ് ഒളിമ്പിക് മെഡല്‍. ഇത് തന്റെ അച്ഛനെ സമര്‍പ്പിക്കാന്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല എന്ന് പറയുന്നതിന്റെ കാരണം ഇന്ന് രാജ്യം അംഗീകരിക്കുന്ന രീതിയില്‍ തന്നെ വളര്‍ത്തിയത് അച്ഛന്റെ കാരുണ്യവും കരുതലും തന്നെയാണ്.
സ്വാതന്ത്ര്യദിനാഘോഷത്തില്‍ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രിയുടെ പ്രത്യേക ക്ഷണം താരങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ട്. ഇതിനായി അടുത്ത ദിവസം ഡല്‍ഹിയിലെത്തും പിന്നീട് ഒഡിഷ ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ ടീമുമായി പര്യടനം നടത്തും. ഇന്ത്യന്‍ ഹോക്കിയുടെ ഇപ്പോഴത്തെ വളര്‍ച്ചയ്ക്ക് ഒഡിഷ സംസ്ഥാനം വഹിച്ച പങ്ക് വളരെ വലുതാണ്. പ്രതിസന്ധിയിലാണ് ഒഡീഷ സ്പോണ്‍സര്‍ഷിപ്പും ആയി മുന്നോട്ടു വന്നത്. വലിയ പുരോഗതിയാണ് ഇതിലൂടെ ഹോക്കിയക്ക് ഉണ്ടായത്. ഒഡിഷ, സംസ്ഥാനം എന്ന നിലയില്‍ വലിയ പ്രാധാന്യമാണ് കായിക രംഗത്തിന് നല്‍കുന്നതെന്ന് ശ്രീജേഷ് ചൂണ്ടിക്കാണിക്കുന്നു.
സംസ്ഥാന സര്‍ക്കാര്‍ പരിതോഷികം പ്രഖ്യാപിക്കാന്‍ വൈകിയതില്‍ പരിഭവവുമില്ല. കായികതാരം എന്ന നിലയില്‍ താന്‍ തന്റെ ജോലി കൃത്യമായി ചെയ്യുന്നുണ്ട്. ഇത് പാരിതോഷികങ്ങള്‍ക്ക് വേണ്ടി ഉള്ളതല്ല. വിജയം മാത്രമാണ് ഒരു സ്പോര്‍ട്സ്മാന്‍ എന്ന രീതിയില്‍ പ്രതീക്ഷിക്കുന്നത്.
നീണ്ട 20 വര്‍ഷം നീണ്ട കരിയറില്‍ ഇനിയും തുടരാന്‍ കഴിയും എന്നു തന്നെയാണ് പ്രതീക്ഷിക്കുന്നത്. മികച്ച ഫിറ്റ്നസ് നിലനിര്‍ത്താന്‍ കഴിയുന്നുണ്ട്. തന്റെ മുന്നിലുള്ള ലക്ഷ്യവും സ്വപ്നവും ഒളിമ്പിക്സ് തന്നെയാണെന്നും ശ്രീജേഷ് തുറന്നു പറയുന്നു. ഇവിടെ നിന്നും സുവര്‍ണ്ണ തിളക്കത്തോടെ മടങ്ങാന്‍ കഴിയുമെന്ന പ്രതീക്ഷ തന്നെയാണ് ഇന്ത്യന്‍ ഹോക്കിയുടെ വന്മതില് പങ്കുവയ്ക്കുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.