Video | ഒറ്റയേറിൽ ഹെൽമറ്റ് 2 കഷ്ണം; ഞെട്ടിച്ച് പാക് താരം
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
സിംബാബ്വെയും പാക്കിസ്ഥാനും തമ്മിൽ ഹരാരെയില്‍ നടന്ന രണ്ടാം ട്വന്റി20 മത്സരത്തിലാണ് പേസ് ബോളറായ അർഷാദിന്റെ പ്രകടനം.
ഹരാരെ: ഒറ്റയേറിൽ ബാറ്റ്സ്മാന്റെ ഹെൽമറ്റ് തകർത്ത് പാകിസ്ഥാൻ ക്രിക്കറ്റ് താരം, അരങ്ങേറ്റതാരമായ അര്‍ഷാദ് ഇഖ്ബാലാണ് കളിക്കാരെ ഞെട്ടിച്ചത്. സിംബാബ്വെയും പാക്കിസ്ഥാനും തമ്മിൽ ഹരാരെയില്‍ നടന്ന രണ്ടാം ട്വന്റി20 മത്സരത്തിലാണ് പേസ് ബോളറായ അർഷാദിന്റെ പ്രകടനം. ഇരുപതുകാരനായ അര്‍ഷാദ് ഇഖ്ബാല്‍, തന്റെ രണ്ടാം ഓവറിലാണ് ബൗണ്‍സറിലൂടെ സിംബാബ്വെ താരത്തിന്റെ ഹെല്‍മറ്റ് തകര്‍ത്തത്. മത്സരത്തില്‍ സിംബാബ്വെ നിശ്ചിത 20 ഓവറില്‍ ഒന്‍പതു വിക്കറ്റ് നഷ്ടത്തില്‍ 118 റണ്‍സെടുത്തപ്പോള്‍, മറുപടി ബാറ്റിങ്ങില്‍ 19.5 ഓവറില്‍ 99 റണ്‍സിന് പുറത്തായ പാക്കിസ്ഥാന്‍ 19 റണ്‍സിന് പരാജയപ്പെട്ടു.
സിംബാബ്വെ ഇന്നിങ്‌സിലെ ഏഴാം ഓവറിലാണ് അര്‍ഷാദ് ഇഖ്ബാലിന്റെ പന്ത് സിംബാബ്വെ താരത്തിന്റെ ഹെല്‍മറ്റ് തകര്‍ത്തത്. അര്‍ഷാദ് ഏഴാം ഓവര്‍ ബോള്‍ ചെയ്യാനെത്തുമ്പോള്‍ ആറ് ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 25 റണ്‍സ് എന്ന നിലയിലായിരുന്നു സിംബാബ്വെ. ക്രീസില്‍ ടിനാഷെ കമുന്‍കാംവെയും (24 പന്തില്‍ 19), തഡീവനാഷെ മരുമണിയും (0).
ഓവറിലെ ആദ്യ രണ്ടു പന്തും പ്രതിരോധിച്ച കമുന്‍കാംവെയ്ക്ക് മൂന്നാം പന്തില്‍ പിഴച്ചു. അര്‍ഷാദിന്റെ ഉയര്‍ന്നുവന്ന പന്ത് പുള്‍ ചെയ്യാനുള്ള താരത്തിന്റെ ശ്രമം പിഴച്ചതോടെ പന്ത് നേരെവന്ന് ഹെല്‍മറ്റിലിടിച്ചു. പന്തിടിച്ചതിന്റെ ആഘാതത്തില്‍ ഹെല്‍മറ്റിന്റെ മുകള്‍പാളി അടര്‍ന്നു തെറിച്ചു പോയി.
advertisement
Those dreadlocks surely saved Kamunhukamwe from potential concussion after getting hit by an Arshad Iqbal bouncer 😂 #ZIMvPAK @ZimCricketv #VisitZimbabwe pic.twitter.com/3n6oxjVn8K
— Kudakwashe (@kudaville) April 23, 2021
ഭയന്നു പോയ കമുന്‍കാംവെയുടെ അടുത്തേക്ക് ഫീല്‍ഡില്‍നിന്ന പാക് താരങ്ങള്‍ ഓടിയെത്തി. താരത്തിന് എന്തെങ്കിലും സംഭവിച്ചോ എന്ന ആശങ്കയിലായിരുന്നു പലരും. പാക്കിസ്ഥാന്‍ താരങ്ങളില്‍ ചിലര്‍ താരത്തിന്റെ പുറത്തുതട്ടി ആശ്വസിപ്പിക്കുന്നതും കാണാമായിരുന്നു.
advertisement
മത്സരത്തിലാകെ 40 പന്തുകള്‍ നേരിട്ട് നാലു ഫോറുകള്‍ സഹിതം 34 റണ്‍സെടുത്ത കമുന്‍കാംവേയാണ് സിംബാബ്വെയുടെ ടോപ് സ്‌കോറര്‍. അരങ്ങേറ്റം കൊഴുപ്പിച്ച അര്‍ഷാദ് ഇഖ്ബാലാകട്ടെ, നാല് ഓവറില്‍ 16 റണ്‍സ് മാത്രം വിട്ടുകൊടുത്ത് ഒരു വിക്കറ്റും വീഴ്ത്തി.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
April 24, 2021 6:29 PM IST


