പാരീസ്: അര്‍ജന്റീനക്കെതിരെ ലോകകപ്പ് ഫൈനലില്‍ പെനാൽറ്റി കിക്ക് നഷ്ടപ്പെടുത്തിയ ഫ്രഞ്ച് താരങ്ങൾക്കെതിരെ വംശീയാധിക്ഷേപം. ഷൂട്ടൌട്ടിൽ കിക്ക് നഷ്ടപ്പെടുത്തിയ കിങ്‌സ്‌ലി കോമാന്‍, മിഡ്ഫീല്‍ഡര്‍ ഒറേലിയന്‍ ഷുവാമേനി എന്നിവർക്കെതിരെയാണ് രൂക്ഷമായ വംശീയ പരാമർശമുണ്ടായത്.
ലോകകപ്പ് ഫൈനൽ പോരാട്ടം അധികസമയത്ത് മൂന്നു ഗോൾ വീതമടിച്ച് ഇരു ടീമുകളും തുല്യത പാലിച്ചതോടെയാണ് മത്സരം ഷൂട്ടൌട്ടിലേക്ക് കടന്നത്. ഫ്രാൻസിനുവേണ്ടി ആദ്യ കിക്കെടുത്ത എംബാപ്പെ അനായാസം ലക്ഷ്യത്തിലെത്തിച്ചു. എന്നാൽ രണ്ടാമത്തെ കിക്കെടുത്ത കോമാന്റെ ഷോട്ട് അര്‍ജന്റീന കീപ്പര്‍ എമിലിയാനോമാർട്ടിനെസ് തട്ടിയകറ്റി.
മറുവശത്ത് അർജന്‍റീന താരങ്ങളെല്ലാം ലക്ഷ്യം കണ്ടതോടെ ഫ്രാൻസ് സമ്മർദ്ദത്തിലായി. ഫ്രഞ്ച് ടീമിനുവേണ്ടി മൂന്നാമത്തെ കിക്കെടുത്ത ഷുവാമേനി പുറത്തേക്കടിച്ചുകളഞ്ഞതോടെയാണ് അവർ തോൽവിയിലേക്ക് നീങ്ങിയത്. നാലത്തെ കിക്കെടുത്ത കോലോ മൌനി ലക്ഷ്യം കണ്ടെങ്കിലും മോണ്ടിയാൽ നാലാമത്തെ കിക്ക് വലയിലാക്കി അർജന്‍റീനയുടെ ലോകകിരീടത്തിനായുള്ള കാത്തിരിപ്പിന് വിരാമമിടുകയായിരുന്നു.
ഇതിന് പിന്നാലെയാണ് ഫ്രഞ്ച് താരങ്ങൾക്കെതിരെ രൂക്ഷമായ വംശീയ പരാമർശം ഉണ്ടായത്. ഇഞ്ച്വറി ടൈമിൽ ഉറച്ച ഗോളവസരം നഷ്ടപ്പെടുത്തിയ കോലോ മൌനിയ്ക്കെതിരെയും ഫ്രഞ്ച് ആരാധകർ വംശീയധിക്ഷേപം നടത്തി. സമൂഹമാധ്യമങ്ങളിൽ ഉൾപ്പടെയാണ് താരങ്ങളെ വംശീയമായി അധിക്ഷേപിക്കുന്ന പോസ്റ്റുകളും ട്രോളുകളും പ്രത്യക്ഷപ്പെട്ടത്.
Also Read- ‘ഞങ്ങൾ തിരിച്ചുവരും’; വരാനിരിക്കുന്ന കാലത്തിന്റെ മുന്നറിയിപ്പുമായി എംബാപ്പെ
എന്നാൽ കോമാനെതിരായ വംശീയ പരാമർശത്തിൽ ശക്തമായ പ്രതിഷേധവുമായി അദ്ദേഹബത്തിന്‍റെ ക്ലബ് ബയേൺ മ്യൂണിക്ക് രംഗത്തെത്തി. “കോമാന് നേരെ നടത്തിയ വംശീയാധിക്ഷേപത്തെ ഞങ്ങൾ ശക്തമായി അപലപിക്കുന്നു. ബയേണ്‍ മ്യൂണിക് കുടുംബം കോമാന് പിന്നില്‍ ഉറച്ചുനില്‍ക്കുന്നു, കളിയിലോ നമ്മുടെ സമൂഹത്തിലോ വംശവെറിക്ക് ഇടമില്ല” എന്നായിരുന്നു ബയേൺ മ്യൂണിക്ക് ക്ലബ് ട്വീറ്റ് ചെയ്തത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.