ക്രിക്കറ്റിൻെറ ദൈവമെന്ന് വിളിക്കപ്പെടുന്ന ഇതിഹാസതാരം സച്ചിൻ ടെണ്ടുൽക്കറുടെ പിൻഗാമിയായാണ് വിരാട് കോലി (Virat Kohli) അറിയപ്പെടുന്നത്. അതിനാൽ തന്നെ കോലിക്ക് ഇന്ത്യൻ ക്രിക്കറ്റിൽ ഒരു പ്രത്യേക സ്ഥാനം തന്നെയുണ്ട്. ക്യാപ്റ്റനെന്ന നിലയിലും ബാറ്ററെന്ന നിലയിലും കോലി ഇന്ത്യക്കായി നിരവധി നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്. തകർക്കാൻ സാധിക്കില്ലെന്ന് കരുതിയ സച്ചിൻെറ പല റെക്കോർഡുകളും അദ്ദേഹം മറികടക്കുകയും ചെയ്തു. ക്രിക്കറ്ററെന്ന പോലെത്തന്നെ ഒരു സംരംഭകൻ കൂടിയാണ് കോലി.
വൺ 8 കമ്മ്യൂൺ എന്ന റെസ്റ്റോ-ബാർ ശൃംഘലയുടെ ഉടമയാണ് 33കാരനായ ഇന്ത്യൻ താരം. മുംബൈയിലെ ജുഹുവിൽ ഈയടുത്ത് വൺ 8 കമ്മ്യൂണിൻെറ പുതിയൊരു ശാഖ അദ്ദേഹം തുടങ്ങിയിട്ടുണ്ട്. ഇതിഹാസ ഗായകൻ കിഷോർ കുമാറിൻെറ സ്വന്തം ബംഗ്ലാവാണ് കോലി തൻെറ റെസ്റ്റോ-ബാറാക്കി മാറ്റിയിരിക്കുന്നത്. പുതിയ ബ്രാഞ്ചിൻെറ പ്രൊമോഷൻ പരിപാടി വളരെ രസകരമായാണ് കോലി ചെയ്തത്. നടൻ മനീഷ് പോളിനൊപ്പമുള്ള രസകരമായ ഒരു അഭിമുഖം ഇതിനായി പങ്കുവെച്ചിട്ടുണ്ട്.
വളരെ ലളിതവും രസകരവുമായ അഭിമുഖത്തിൽ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളുടെ ചില വിചിത്രമായ ആഹാരരീതിയെക്കുറിച്ചെല്ലാം കോലി മനസ്സ് തുറക്കുന്നുണ്ട്. വൃദ്ധിമാൻ സാഹയുടെ വിചിത്രമായ ആഹാരരീതിയെപ്പറ്റിയാണ് കോലി കാര്യമായി സംസാരിച്ചത്.
“വൃദ്ധിമാൻ സാഹയുടെ പ്ലേറ്റിൽ ബട്ടർ ചിക്കനും റൊട്ടിയും സാലഡും ഒപ്പം രസഗുളയും ഉള്ളത് ഒരിക്കൽ എൻെറ ശ്രദ്ധയിൽ പെട്ടു. രണ്ടോ മൂന്നോ കഷ്ണം റൊട്ടി കഴിച്ചതിന് ശേഷം അദ്ദേഹം രസഗുള മുഴുവനായി കഴിക്കുകയാണ് ചെയ്യുന്നത്. വൃദ്ധി... ഇതെന്താണ് ചെയ്യുന്നതെന്ന് ഞാൻ ചോദിച്ചു. സാധാരണ താൻ ഇങ്ങനെത്തന്നെയാണ് ഭക്ഷണം കഴിക്കാറുള്ളതെന്നാണ് അദ്ദേഹം എനിക്ക് തന്ന മറുപടി,” കോലി പറഞ്ഞു.
“ഐസ് ക്രീമും പരിപ്പും ചോറും അദ്ദേഹം ഒരുമിച്ച് കഴിക്കുന്നതും ഞാൻ പലതവണ കണ്ടിട്ടുണ്ട്. കുറച്ച് ചോറ് കഴിച്ചതിന് ശേഷം പിന്നീട് ഇടയ്ക്ക് ഐസ്ക്രീം കഴിക്കുക എന്നായിരുന്നു ആ ഭക്ഷണരീതി,” ഐപിഎല്ലിൽ ആർസിബിയുടെ താരം കൂടിയായ കോലി അഭിമുഖത്തിൽ പറഞ്ഞു.
Also read : ഐ.എം വിജയന് സ്നേഹസമ്മാനം നല്‍കി ഇറ്റാലിയന്‍ ഫുട്ബോള്‍ ക്ലബ്ബ് എസി മിലാന്‍
ഫ്രാൻസിൻെറ തലസ്ഥാനമായ പാരീസിൽ വെച്ച് തനിക്കുണ്ടായ ഏറ്റവും മോശം ഭക്ഷണ അനുഭവത്തെക്കുറിച്ചും കോലി പറഞ്ഞു. വെജിറ്റേറിയൻസിനെ സംബന്ധിച്ചിടത്തോളം പാരീസ് ഒരു ദുസ്വപ്നമായി മാറുമെന്ന് കോലി തൻെറ അനുഭവത്തിൽ നിന്ന് വെളിപ്പെടുത്തി. വെജിറ്റേറിയൻ ഭക്ഷണം കഴിക്കുന്നവർക്ക് അധികം ഓപ്ഷനുകൾ അവിടെ ലഭിക്കില്ല. ഭാഷയുടെ പ്രശ്നമാണ് മറ്റൊരു വലിയ വിഷയമെന്നും കോലി പറഞ്ഞു.
ക്രിക്കറ്റ് ലോകത്ത് കോലിക്ക് വളരെ വലിയ ആരാധകവൃന്ദം തന്നെയുണ്ട്. ഇന്ത്യയുടെ കായികചരിത്രത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട ഐക്കണുകളിലൊന്നായി കോലി മാറിക്കഴിഞ്ഞുവെന്ന കാര്യത്തിൽ സംശയമൊന്നും തന്നെയില്ല. കുറച്ച് കാലം മോശം ഫോമിലായിരുന്ന താരം ഇപ്പോൾ തിരിച്ചുവരവിൻെറ പാതയിലാണ്. ഏഷ്യാകപ്പിൽ മികച്ച പ്രകടനം നടത്തിയ കോലി വരുന്ന ടി20 ലോകകപ്പിൽ ഇന്ത്യയുടെ ബാറ്റിങ് പ്രതീക്ഷയാണ്. ഓസ്ട്രേലിയയിൽ നടക്കാൻ പോവുന്ന ലോകകപ്പിൽ ഇന്ത്യൻ ടീമിനെ രോഹിത് ശർമയാണ് നയിക്കുക.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Food, Team india, Virat kohli