യൂറോപ്യന്‍ മുന്‍നിര ക്ലബ്ബുകളുടെ കിരീടപ്പോരാട്ടമായ യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ഈ വര്‍ഷം ഇംഗ്ലീഷ് ക്ലബ്ബായ ചെല്‍സി മുത്തമിട്ടപ്പോള്‍ ഫുട്ബോള്‍ പ്രേമികള്‍ക്കിടയില്‍ ഏറ്റവുമധികം ചര്‍ച്ച ചെയ്ത വിഷയമായിരുന്നു ലോകത്തെ മികച്ച ഫുട്ബോള്‍ താരത്തിനുള്ള പുരസ്കാരമായ ബാലണ്‍ ഡി ഓര് ആരു നേടുമെന്ന്. എല്ലാവരും ഒന്നടങ്കം പറഞ്ഞ പേര് ചെല്‍സിയുടെ മധ്യനിരയിലെ പ്രധാനിയായ ഫ്രഞ്ച് താരമായ എന്‍ഗോളോ കാന്റെയുടെ പേരാണ്. ഇപ്പോഴിതാ കാന്റെ തന്നെയാണ് ഈ വര്‍ഷത്തെ ബാലണ്‍ ഡി ഓര് നേടാന്‍ അര്‍ഹനെന്ന് പറഞ്ഞിരിക്കുകയാണ് അദ്ദേഹത്തിന്റെ ദേശീയ ടീമിലെ സഹതാരം കൂടിയായ പോള്‍ പോഗ്ബ.
ഫുട്ബോള്‍ ലോകത്ത് ഇന്നുള്ളതില്‍ വച്ച് ഏറ്റവും പ്രധാന പുരസ്കാരമായാണ് ബാലണ്‍ ഡി ഓറിനെ കണക്കാക്കുന്നത്. 1956 മുതല്‍ ഫ്രഞ്ച് ഫുട്ബോള്‍ മാഗസിനായ ഫ്രാന്‍സ് ഫുട്ബോള്‍ ലോകത്തെ ഏറ്റവും മികച്ച ഫുട്ബോള്‍ താരത്തിനായി ഏര്‍പ്പെടുത്തിയ പുരസ്കാരമാണ് ബാലണ്‍ ഡി ഓര്. 2007 മുതല്‍ ഫുട്ബോളിലെ ആഗോള സമിതിയായ ഫിഫയും ഫ്രാന്‍സ് ഫുട്ബോളും ചേര്‍ന്നാണ് ഈ പുരസ്കാരം നല്‍കിയിരുന്നത്. എന്നാല്‍ 2015ല്‍ ഫിഫ ഇതില്‍ നിന്ന് വേര്‍പെട്ടു. ഫുട്ബോളിലെ ഓസ്കാര്‍ എന്ന് വിശേഷിപ്പിക്കാവുന്ന ഈ പുരസ്ക്കാരം ഏറ്റവും കൂടുതല്‍ തവണ നേടിയിട്ടുള്ളത് ലയണല്‍ മെസ്സിയാണ്. താരത്തിന് തൊട്ടു പുറകിലായി രണ്ടാം സ്ഥാനത്ത് ഉള്ളത് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ്. അഞ്ച് തവണയാണ് റൊണാള്‍ഡോ പുരസ്കാരം നേടിയിട്ടുള്ളത്. കോവിഡ് മഹാമാരി പ്രതിസന്ധി സൃഷ്ടിച്ചത് കൊണ്ട് കഴിഞ്ഞ വര്‍ഷം ഈ പുരസ്കാരം നല്‍കിയിരുന്നില്ല. 2019ല്‍ ഈ പുരസ്കാരം നേടിയ ലയണല്‍ മെസ്സിയാണ് നിലവിലെ ജേതാവ്. ഈ വര്‍ഷം ഫുട്ബോള്‍ മത്സരങ്ങള്‍ എല്ലാം സാധാരണ നിലയിലേക്ക് തിരിച്ചു വന്നത് കൊണ്ട് ഈ വര്‍ഷം പുരസ്കാരം നല്‍കുന്നുണ്ട്. ഇക്കൊല്ലത്തെ പുരസ്ക്കാരം പ്രഖ്യാപിക്കുമ്പോള്‍ അത് നേടാനുള്ള കൂടുതല്‍ അര്‍ഹത പോഗ്ബ തന്റെ സഹതാരം കൂടിയായ കാന്റെക്ക് കല്‍പ്പിച്ച് നല്‍കിയത്.
കഴിഞ്ഞ സീസണില്‍ തന്റെ ടീമായ ചെല്‍സിക്ക് വേണ്ടി മാസ്മരിക പ്രകടനമാണ് കാന്റെ കാഴ്ചവച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ലയണല്‍ മെസ്സി, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എന്നീ ഫുട്ബോള്‍ ലോകത്തെ വന്മരങ്ങളെ മറികടന്ന് ഈ വര്‍ഷത്തെ ബാലണ്‍ ഡി ഓര് പുരസ്കാരം കാന്റെക്ക് തന്നെ ലഭിക്കും എന്ന് പോഗ്ബ പറയുന്നത്. ഭൂമിയിലെ
ഏറ്റവും മികച്ച കളികാരനായി കാന്റെ അംഗീകരിക്കപ്പെടേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടുന്ന പോഗ്ബ, കാന്റെ അദ്ദേഹത്തിന്റെ മികച്ച പ്രകടനങ്ങള്‍ കൊണ്ടാണ് ഇവിടം വരെ എത്തിയത് അതിനാല്‍ സമീപകാലത്ത് അദ്ദേഹം നടത്തുന്ന പ്രകടനങ്ങളില്‍ തനിക്ക് യാതൊരു അതിശയവുമില്ലെന്നും കഴിഞ്ഞ ദിവസം ഒരു ഓണ്‍ലൈന്‍ മാധ്യമത്തോട് സംസാരിക്കവെ താരം കൂട്ടിച്ചേര്‍ത്തു.
Also Read-'ജീപ്പിന്റെ' പുതിയ പരസ്യത്തിൽ റൊണാൾഡോയില്ല; താരം യുവന്റസ് വിടുമെന്ന അഭ്യൂഹങ്ങൾ ശക്തിപ്പെടുന്നു
'എന്‍ഗോളോ കാന്റെയുടെ പ്രകടനങ്ങളെക്കുറിച്ച് നമ്മള് വളരെയധികം സംസാരിക്കാറുണ്ട്. എന്നാല്‍ അദ്ദേഹം എല്ലായ്പ്പോഴും ഒരേ നിലവാരത്തില്‍ ഉള്ള പ്രകടനം തന്നെയാണ് കാഴ്ച വച്ചിട്ടുള്ളത്. ഇക്കൊല്ലത്തെ ചാമ്പ്യന്‍സ് ലീഗിന്റെ സെമി ഫൈനലില്‍ റൊണാള്‍ഡോയോ മെസ്സിയോ ഉണ്ടായിരുന്നില്ല, അതിനാല്‍ തന്നെ മധ്യനിരതാരങ്ങളുടെയും, പ്രതിരോധനിരതാരങ്ങളുടെയും പ്രകടനങ്ങള്‍ കാണുന്നത് സന്തോഷകരമായിരുന്നു. ചെല്‍സി ചാമ്പ്യന്‍സ് ലീഗില്‍ കിരീടം നേടുകയാണെങ്കില്‍ കാന്റെയായിരിക്കും ബാലണ്‍ ഡി ഓര് നേടാന്‍ അര്‍ഹന്‍ എന്ന് ഞാന്‍ വളരെക്കാലം മുന്‍പ് പറഞ്ഞിരുന്നു. അദ്ദേഹം അത് അര്‍ഹിക്കുന്നുമുണ്ട്. അവന് എല്ലായ്പ്പോഴും മികച്ച പ്രകടനമാണ് കാഴ്ച വെക്കുന്നത്. അവന് നടത്തുന്ന പ്രകടനങ്ങള്‍ കാണുമ്പോള്‍ എനിക്ക് അത്ഭുതമൊന്നും തോന്നാറില്ല, എന്നാല്‍ അദ്ദേഹം ഇപ്പോഴും അതേ നിലവാരത്തില്‍ ഉള്ള പ്രകടനങ്ങള്‍ നടത്തുന്നത് എന്നെ അത് അതിശയിപ്പിക്കുന്നു. എല്ലായ്പ്പോഴും മികച്ച പ്രകടനങ്ങള്‍ കൊണ്ട് കളം നിറഞ്ഞു കളിക്കുന്ന താരമാണ് കാന്റെ.' പോഗ്ബ പറഞ്ഞു.
2020-21 സീസണ് അക്ഷരാര്‍ഥത്തില്‍ കാന്റെയുടെ സീസണ് ആയിരുന്നു എന്ന് തന്നെ പറയാം. ചെല്‍സിയുടെ ജെഴ്സിയില്‍ മികച്ച പ്രകടനമാണ് അദ്ദേഹം പുറത്തെടുത്തത്. ക്ലബ്ബിന്റെ ചാമ്പ്യന്‍സ് ലീഗ് കിരീട ധാരണത്തിന് പിന്നില്‍ നിര്‍ണായക പങ്ക് വഹിച്ച കാന്റെ ടൂര്‍ണമെന്റിലുടനീളം അപാര ഫോമില്‍ ആയിരുന്നു. തന്റെ സ്വതസിദ്ധമായ നിഷ്കളങ്കമായ ചിരി കൊണ്ട് ആരാധകരെ വീഴ്ത്തുന്ന താരം പക്ഷേ കളത്തില്‍ ഇറങ്ങിയാല്‍ തന്റെ കണിശതയാര്‍ന്ന ടാക്കിളുകള്‍ കൊണ്ട് എതിരാളിയുടെ കാലില്‍ നിന്നും പന്ത് റാഞ്ചി എടുക്കാന്‍ മിടുക്കനാണ്. ഇത് കൂടാതെ തന്റെ ടീമിനെ ആക്രമണത്തിലും പ്രതിരോധത്തിലും ഒരു പോലെ സഹായിക്കുന്ന താരം കൂടിയാണ് കാന്റെ. താരത്തിന്റെ ഉയരക്കുറവ് താരം പരിഹരിക്കുന്നത് തന്റെ അപാര വേഗതയിലൂടെയും പിന്നെ ഇത്തരം മികച്ച ഫുട്ബോള്‍ സ്കില്ലുകളിലൂടെയുമാണ്. നിലവില്‍ യൂറോ കപ്പിനായി ഒരുങ്ങുന്ന ഫ്രഞ്ച് ടീമിന്റെ പരിശീലന ക്യാമ്പിലാണ് കാന്റെയും പോഗ്ബയുമുള്ളത്. യൂറോ കപ്പ് നേടാന്‍ ഏറ്റവുമധികം സാധ്യത കല്‍പ്പിക്കപ്പെടുന്ന ടീം കൂടിയാണ് ഫ്രാന്‍സ്. ക്ലബ് സീസണില്‍ മികച്ച പ്രകടനം കാഴ്ചവച്ച കാന്റെയുടെ കാലുകളില്‍ നിന്നും മികച്ച പ്രകടനം തന്നെയാണ് ദേശീയ ടീമിനൊപ്പം കളിക്കാന്‍ ഇറങ്ങുമ്പോഴും ആരാധകര്‍ പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ വട്ടം ഫൈനലില്‍ നഷ്ടപെട്ട കിരീടം വീണ്ടെടുക്കാന്‍ കൂടിയാണ് ഫ്രാന്‍സ് ഈ ടൂര്‍ണമെന്റില്‍ ഇറങ്ങുന്നത്. ജൂണ്‍ 11ന് ടൂര്‍ണമെന്റ് ആരംഭിക്കും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.