Santosh Trophy | ഫൈനൽ റൗണ്ട് ഗ്രൂപ്പുകൾ പ്രഖ്യാപിച്ചു; കേരളത്തിന് മുന്നേറ്റം കടുപ്പമാകും
- Published by:Naveen
- news18-malayalam
Last Updated:
യോഗ്യതാ റൗണ്ട് കളിച്ചെത്തിയ 10 ടീമുകളാണ് ഫൈനല്‍ റൗണ്ടില്‍ മാറ്റുരയ്ക്കാൻ എത്തുന്നത്.
കേരളം വേദിയാവുന്ന 75ാമത് സന്തോഷ് ട്രോഫി (Santosh Trophy) ഫുട്‌ബോള്‍ ടൂർണമെന്റിന്റെ ഫൈനല്‍ റൗണ്ട് (Final Round) മല്‍സരങ്ങൾക്കായുള്ള ഗ്രൂപ്പുകൾ പ്രഖ്യാപിച്ചു. യോഗ്യതാ റൗണ്ട് കളിച്ചെത്തിയ 10 ടീമുകളാണ് ഫൈനല്‍ റൗണ്ടില്‍ മാറ്റുരയ്ക്കാൻ എത്തുന്നത്. അഞ്ച് ടീമുകൾ വീതമുള്ള രണ്ട് ഗ്രൂപ്പുകളിലായി ഇവർ പരസ്പരം മത്സരിക്കും.
രണ്ട് ഗ്രൂപ്പുകളിൽ കരുത്തരായ ടീമുകളായ പശ്ചിമ ബംഗാളും പഞ്ചാബും അടങ്ങിയ ഗ്രൂപ്പ് എയിലാണ് കേരളം ഉള്‍പ്പെട്ടിരിക്കുന്നത്. ഈ ടീമുകൾക്ക് പുറമെ മേഘാലയ, രാജസ്ഥാൻ എന്നീ രണ്ട് ടീമുകൾ കൂടി ഗ്രൂപ്പ് എയിൽ ഉൾപ്പെടുന്നു. കരുത്തരായ ടീമുകൾക്കൊപ്പം ഉൾപ്പെട്ടതിനാൽ ടൂർണമെന്റിൽ കേരളത്തിന് മുന്നേറ്റം കടുപ്പമാകും. ഫൈനൽ റൗണ്ടിലെ ഓരോ മത്സരവും നിർണായകമാകുമെന്നതിനാൽ ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്താൽ മാത്രമേ കേരളത്തിന് ടൂർണമെന്റിൽ മുന്നോട്ട് കുതിക്കാൻ കഴിയുകയുള്ളൂ.
അതേസമയം, നിലവിലെ ചാമ്പ്യന്മാരായ സര്‍വീസസിന് മുന്നോട്ടുള്ള വഴി താരതമ്യേന എളുപ്പമാണ്. ഗ്രൂപ്പ് ബിയിൽ മണിപ്പൂര്‍, കര്‍ണാടക, ഒഡീഷ, ഗുജറാത്ത് എന്നീ ടീമുകൾക്കൊപ്പമാണ് സർവീസസ് ഉൾപ്പെട്ടിരിക്കുന്നത്. ഇതിൽ വടക്കുകിഴക്കൻ ശക്തികളായ മണിപ്പൂരും ദക്ഷിണേന്ത്യയിലെ കരുത്തുറ്റ ടീമുകളിൽ ഒന്നായ കർണാടകയുമാകും സർവീസസിന് മുന്നിൽ വെല്ലുവിളി ഉയർത്തുക. ഒഡീഷയും ഗുജറാത്തുമാണ് ഗ്രൂപ്പിലെ മറ്റു ടീമുകൾ. ഇന്ത്യന്‍ ഫുട്‌ബോളിലെ ശക്തി ദുർഗങ്ങളിൽ ഒന്നായ ഗോവയെ പിന്തള്ളിയാണ് ഗുജറാത്ത് ഫൈനല്‍ റൗണ്ടിലേക്കു ടിക്കറ്റെടുത്തത്. ഫൈനൽ റൗണ്ടിലും ഗുജറാത്ത് ഈ അട്ടിമറി പ്രകടനം നടത്തുമോ എന്നതാണ് കാത്തിരുന്ന് കാണേണ്ടത്.
advertisement
Here is the group stage draw of the Santosh Trophy! 🏆 #IndianFootball #SantoshTrophy #IFTWC pic.twitter.com/rYRTFMAboM
— IFTWC (@IFTWC) January 6, 2022
'ഹോം ഗ്രൗണ്ടിൽ' കപ്പുയർത്താൻ കേരളം
2018 ൽ കൊൽക്കത്തയിൽ പശ്ചിമ ബംഗാളിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ വീഴ്ത്തി കിരീടം നേടിയ കേരളം ഇക്കുറി സ്വന്തം ആരാധകർക്ക് മുന്നിൽ തങ്ങളുടെ 'ഹോം ഗ്രൗണ്ടിൽ' വെച്ച് കപ്പ് ഉയർത്താനുള്ള തയാറെടുപ്പിലാണ്. മികച്ച കളിക്കാർ സ്വന്തമായുള്ള ടീ൦ ആരാധക പിന്തുണയുടെ കൂടി ബലത്തിൽ കപ്പ് ഉയർത്താമെന്ന ആത്മവിശ്വാസത്തിലാണ്.
advertisement
Also read- സന്തോഷ് ട്രോഫി ഫൈനൽ മഞ്ചേരിയിൽ; എഐഎഫ്എഫുമായി ധാരണയിലെത്തിയതായി കായികമന്ത്രി
ഫെബ്രുവരി 20 മുതലാണ് ഫൈനൽ റൗണ്ട് മത്സരങ്ങൾ ആരംഭിക്കുന്നത്. മലപ്പുറം ജില്ലയിലെ മഞ്ചേരി പയ്യനാട് സ്റ്റേഡിയം, കോട്ടപ്പടി സ്റ്റേഡിയം എന്നീ വേദികളിലായിട്ടായിരിക്കും മല്‍സരങ്ങള്‍ നടക്കുക. ഫൈനലുല്‍പ്പെടെ 23 മല്‍സരങ്ങളാണ് ഈ രണ്ടു വേദികളിലുമായി നടക്കുക. ഇതിൽ കോട്ടപ്പടി സ്റ്റേഡിയത്തില്‍ ഏതെങ്കിലും ഒരു ഗ്രൂപ്പിലെ മത്സരങ്ങള്‍ നടക്കും. മറ്റേ ഗ്രൂപ്പിലെ മത്സരങ്ങളും നോക്കൗട്ട് മത്സരങ്ങളും പയ്യനാട് സ്‌പോര്‍ട്‌സ് കോംപ്ളക്സിലും നടക്കും.
advertisement
ഗ്രൂപ്പുകളുടെ കാര്യത്തിൽ തീരുമാനമായതോടെ കേരളത്തിന്റെ മത്സരങ്ങൾ ഏത് സ്റ്റേഡിയത്തിലായിരിക്കുമെന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. 25,000 പേരെ ഉൾക്കൊള്ളാൻ കഴിയുന്ന പയ്യനാട് സ്റ്റേഡിയത്തിലായിരിക്കും കേരളത്തിന്റെ മത്സരങ്ങൾ എന്നാണ് സൂചന. കാണികളെ സ്റ്റേഡിയത്തിലേക്ക് പ്രവേശിപ്പിക്കുന്നതിന്റെ കാര്യത്തിൽ ഇതുവരെ നിയന്ത്രണങ്ങൾ ഒന്നും ഏർപ്പെടുത്തിയിട്ടില്ലെങ്കിലും ഉയർന്നു വരുന്ന ഒമിക്രോൺ കേസുകൾ ടൂർണമെന്റിന് വെല്ലുവിളിയാകുമോ എന്ന ആശങ്ക നിലനിൽക്കുന്നുണ്ട്.
യോഗ്യതാ റൗണ്ടിലെ പ്രകടനം ആവർത്തിക്കാൻ കേരളം
യോഗ്യതാ റൗണ്ടില്‍ കാഴ്ചവെച്ച തകർപ്പൻ പ്രകടനത്തിന്റെ ആത്മവിശ്വാസത്തിലാണ് കേരളം ഫൈനൽ റൗണ്ട് മത്സരങ്ങൾക്കായി എത്തുന്നത്. യോഗ്യതാ ഘട്ടത്തിൽ കളിച്ച മൂന്നു മത്സരങ്ങളും ജയിച്ച് ഗ്രൂപ്പ് ചാമ്പ്യന്മാർ ആയാണ് കേരളം ഫൈനൽ റൗണ്ടിലേക്ക് യോഗ്യത നേടിയത്. ഫൈനൽ റൗണ്ടിൽ വലിയ വെല്ലുവിളികൾ നേരിടാനുണ്ടെങ്കിലും മുന്നേറാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് കേരളത്തിന്റെ പരിശീലകനായ ബിനോ ജോർജ് പറഞ്ഞു.
advertisement
''പഞ്ചാബും ബംഗാളും മേഘാലയയുമെല്ലാം മികച്ച ടീമുകളാണ്. അതുകൊണ്ടുതന്നെ ഗ്രൂപ്പിലെ പോരാട്ടങ്ങൾ കടുപ്പമാകും. സെമിയിലേക്ക് കടക്കണമെങ്കിൽ ടീം ഓരോ മത്സരത്തിലും ഏറ്റവും മികച്ച കളി തന്നെ പുറത്തെടുക്കേണ്ടി വരും. മുന്നേറാന്‍ കഴിയുമെന്നാണ് പ്രതീക്ഷ." - ബിനോ ജോർജ് പറഞ്ഞു.
രണ്ട് ഗ്രൂപ്പുകളിൽ നിന്നും ആദ്യ രണ്ട് സ്ഥാനങ്ങളിൽ എത്തുന്ന ടീമുകളാണ് സെമിയിലേക്ക് യോഗ്യത നേടുക.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
January 07, 2022 11:21 AM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
Santosh Trophy | ഫൈനൽ റൗണ്ട് ഗ്രൂപ്പുകൾ പ്രഖ്യാപിച്ചു; കേരളത്തിന് മുന്നേറ്റം കടുപ്പമാകും