സന്തോഷ് ട്രോഫി (Santosh Trophy) കിരീടത്തിൽ മുത്തമിട്ട് കേരളം (Kerala Football Team). മഞ്ചേരിയിലെ പയ്യനാട് സ്റ്റേഡിയത്തിൽ നടന്ന ഫൈനൽ മത്സരത്തിൽ ബംഗാളിനെ പെനല്‍റ്റി ഷൂട്ടൗട്ടില്‍ 5-4ന് തോല്‍പ്പിച്ചാണ് കേരളം കിരീടം നേടിയത്. തുടക്കം മുതൽ ആവേശം വാരിവിതറിയ പോരാട്ടത്തിൽ നിശ്ചിത സമയത്തും അധിക സമയത്തും ഇരു ടീമുകളും തുല്യത പാലിച്ചതോടെയാണ് പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീണ്ടത്.
ഷൂട്ടൗട്ടിൽ ബംഗാളിന്റെ രണ്ടാം കിക്ക് ക്രോസ് ബാറിൽ തട്ടിത്തെറിച്ചപ്പോൾ കേരളത്തിന്റെ എല്ലാ കിക്കുകളും ഗോൾവര കടന്നു. സഞ്ജു, ബിബിന്‍, ക്യാപ്റ്റന്‍ ജിജോ ജോസഫ്, ജേസണ്‍, ജെസിന്‍ എന്നിവരാണ് ഷൂട്ടൗട്ടില്‍ കേരളത്തിനായി സ്കോര്‍ ചെയ്തത്. സന്തോഷ് ട്രോഫിയിൽ തങ്ങളുടെ ഏഴാം കിരീടം നേടിയ കേരളത്തിന് ആതിഥേയരെന്ന നിലയില്‍ മൂന്നാം കിരീട നേട്ടമാണിത്. ഇതിന് മുമ്പ് കൊച്ചിയില്‍ 1973ലും 1993ലുമായിരുന്നു ആതിഥേയരെന്ന നിലയിൽ കേരളം കിരീടം ചൂടിയത്.
നേരത്തെ കളിയുടെ നിശ്ചിത സമയത്ത് ഗോൾരഹിതമായിരുന്ന മത്സരത്തിൽ അധിക സമയത്ത്, 97–ാം മിനിറ്റിൽദിലീപ് ഓർവാന്റെ ഗോളിലൂടെ ബംഗാൾ ലീഡ് നേടിയെങ്കിലും 117-ാ൦ മിനിറ്റിൽ മുഹമ്മദ് സഫ്നാദിന്റെ ഗോളിലൂടെ കേരളം മത്സരത്തിൽ സമനില പിടിക്കുകയായിരുന്നു.
ഫൈനലിന്റെ ആവേശം തുടക്കം മുതൽ തന്നെ നിറഞ്ഞുനിൽക്കുന്ന കാഴ്ചയാണ് കാണാൻ കഴിഞ്ഞത്. പന്ത് കാലിൽ കിട്ടിയ അവസരങ്ങളിലെല്ലാം ഇരുടീമുകളും ഗോൾ ലക്ഷ്യം വെച്ച് കുതിച്ചതോടെ മത്സരം ഓരോ നിമിഷം കഴിയുംതോറും ആവേശകരമായിക്കൊണ്ടേയിരുന്നു. ഒന്നിന് പുറകെ ഒന്നായി ഇരു ടീമുകളുടെയും ആക്രമണങ്ങൾ എത്തിയതോടെ ഗോൾകീപ്പർമാർക്കും പ്രതിരോധ നിരയ്ക്കും പിടിപ്പത് പണിയാണുണ്ടായിരുന്നത്.
സെമിഫൈനലിൽ കർണാടകയ്‌ക്കെതിരെ അണിനിരന്ന ടീമിനെത്തന്നെയാണ് പരിശീലകൻ ബിനോ ജോർജ് ഫൈനലിലും ഇറക്കിയത്. സെമി ഫൈനലിൽ പകരക്കാരനായി ഇറങ്ങി 5 ഗോളടിച്ച ജെസിന് പ്ലേയിങ് ഇലവനിൽ ഇടം കിട്ടിയില്ല.
ആദ്യ പകുതിയിൽ, 18–ാം മിനിറ്റിൽ കേരളത്തിന് അനുകൂലമായി ഫ്രീകിക്ക് ലഭിച്ചെങ്കിലും ക്യാപ്റ്റൻ ജിജോ ജോസഫിന്റെ കിക്ക് നേരെ ബംഗാൾ ഗോളിയുടെ കൈയിലേക്കാണ് ചെന്നത്. പിന്നാലെ, 23–ാം മിനിറ്റിൽ കിട്ടിയ ഒരു മികച്ച അവസരം മുതലാക്കാൻ ബംഗാളിനും കഴിഞ്ഞില്ല. 37–ാം മിനിറ്റിൽ മൊഹിതേഷ് റോയിയുടെ ഗോൾ എന്നുറച്ച ഷോട്ട് തട്ടിയകറ്റി ഗോൾകീപ്പർ മിഥുൻ കേരളത്തിന്റെ രക്ഷകനായി. പിന്നാലെ 38–ാം മിനിറ്റിൽ വിക്‌നേഷിനെ പിൻവലിച്ച് കോച്ച് ബിനോ ജോർജ് ജെസിനെ കളത്തിലിറക്കി. മികച്ച മുന്നേറ്റങ്ങൾ നടത്തി ബംഗാൾ പ്രതിരോധത്തെ ജെസിൻ വെള്ളകുടിപ്പിച്ചെങ്കിലും താരത്തിന് ഗോൾ നേടാൻ കഴിഞ്ഞില്ല. ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുൻപ് മിഥുൻ മാത്രം മുന്നിൽനിൽക്കേ ഗോൾ നേടാനുള്ള സുവർണാവസരം ബംഗാൾ പാഴാക്കി.
രണ്ടാം പകുതിയിൽ, 58-ാ൦ മിനിറ്റിൽ ബംഗാൾ പ്രതിരോധ താരങ്ങളുടെ പിഴവിൽ നിന്നും ലഭിച്ച പന്തിൽ നിന്നും ജിജോ ഷോട്ട് എടുത്തെങ്കിലും ലക്ഷ്യത്തിലേക്ക് എത്തിക്കാൻ കഴിഞ്ഞില്ല. പിന്നാലെ പെനൽറ്റി ബോക്സിനുള്ളിൽനിന്ന് ജെസിന്‍ തൊടുത്ത ഷോട്ടും പുറത്തേക്കാണ് പോയത്.
നിശ്ചിത സമയത്ത് ഗോൾ രഹിതമായതോടെ അധികസമയത്തേക്ക് നീണ്ട മത്സരത്തിൽ കാണികളെ ഞെട്ടിച്ചുകൊണ്ട് 97–ാം മിനിറ്റിൽ ദിലീപ് ഓർവാൻ ബംഗാളിനെ മുന്നിലെത്തിക്കുകയായിരുന്നു. വലതു വിങ്ങിലൂടെയെത്തിയ പന്ത് ക്ലിയര്‍ ചെയ്യുന്നതില്‍ കേരള പ്രതിരോധം വരുത്തിയ പിഴവാണ് ഗോളില്‍ കലാശിച്ചത്. പന്ത് പിടിച്ചെടുത്ത് സുപ്രിയ പണ്ഡിറ്റ് നല്‍കിയ ക്രോസിൽ തകർപ്പൻ ഹെഡറിലൂടെയായിരുന്നു ഓർവാൻ ബംഗാളിനെ മുന്നിൽ എത്തിച്ചത്.
ഗോൾ വീണതോടെ സമനില ഗോളിനായുള്ള പരിശ്രമമായിരുന്നു കേരളം പിന്നീട് നടത്തിയത്. ഒടുവില്‍ 117-ാം മിനിറ്റില്‍ കാണികള്‍ കാത്തിരുന്ന നിമിഷമെത്തി. നൗഫലിന്റെ ക്രോസ് ഹെഡറിലൂടെ വലയിലെത്തിച്ച് മുഹമ്മദ് സഫ്നാദാണ് കേരളത്തിന് ജീവശ്വാസം തിരികെ നൽകിയത്. സമനില ഗോള്‍ നേടിയതോടെ സ്റ്റേഡിയം അക്ഷരാര്‍ഥത്തില്‍ പൊട്ടിത്തെറിക്കുകയായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.