ഓസ്ട്രേലിയന്‍ ക്രിക്കറ്റിലെ പകരം വെക്കാനില്ലാത്ത രണ്ട് ഇതിഹാസ താരങ്ങളാണ് മണിക്കൂറുകളുടെ വ്യത്യാസത്തില്‍ കാലയവനികയ്ക്കുള്ളില്‍ മറഞ്ഞിരിക്കുന്നത്. വിക്കറ്റ് കീപ്പിങ്ങിലെ ഇതിഹാസമായിരുന്ന റോഡ്നി വില്യം മാര്‍ഷിന്റെ മരണത്തിന്റെ ഞെട്ടല്‍ മാറും മുന്‍പാണ് സ്പിന്‍ ഇതിഹാസം ഷെയ്ന് വോണിന്റെ (Shane Warne) വിടവാങ്ങല്‍. ഹൃദയാഘാതമാണ് രണ്ടു പേരുടെയും മരണകാരണം എന്നതും ആകസ്മികം.
മാര്‍ഷിന്റെ മരണത്തിനു പിന്നാലെ വോണ്‍ ട്വിറ്ററിലൂടെ പ്രിയതാരത്തിന് ആദരാഞ്ജലി നേര്‍ന്നിരുന്നു. രാവിലെ റോഡ് മാര്‍ഷിന്റെ മരണത്തില്‍ വേദന പങ്കുവച്ച് കുറിച്ച വാക്കുകളാണ് ഷെയ്ന് വോണിന്റെ അവസാന ട്വീറ്റ് (tweet).
'റോഡ് മാര്‍ഷിന്റെ മരണവാര്‍ത്ത വേദനിപ്പിക്കുന്നു. അദ്ദേഹം ക്രിക്കറ്റ് കണ്ട എക്കാലത്തെയും മികച്ച ഇതിഹാസങ്ങളിലൊരാളാണ്. ഒട്ടേറെ യുവതീയുവാക്കളുടെ പ്രചോദനം. ക്രിക്കറ്റിനായി മാറ്റിവച്ച ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. ക്രിക്കറ്റിന്, പ്രത്യേകിച്ചും ഓസ്ട്രേലിയ, ഇംഗ്ലണ്ട് താരങ്ങള്‍ക്കായി അദ്ദേഹം ഒട്ടേറെ കാര്യങ്ങള്‍ ചെയ്തു. റോസിനും കുടുംബത്തിനും സ്നേഹവും ആദരവും. നിത്യശാന്തി നേരുന്നു സുഹൃത്തേ...' - ഇത്രയുമായിരുന്നു റോഡ് മാര്‍ഷിന്റെ മരണത്തിനു പിന്നാലെ വോണ്‍ ട്വിറ്ററില്‍ കുറിച്ച വാക്കുകള്‍.
ഹൃദയാഘാതത്തെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായി ചികിത്സയില്‍ കഴിയുന്നതിനിടെയായിരുന്നു റോഡ് മാര്‍ഷിന്റെ അന്ത്യം. 1970 മുതല്‍ 1984 വരെ ഓസ്ട്രേലിയന്‍ ക്രിക്കറ്റില്‍ നിറഞ്ഞു നിന്ന താരമാണ് മാര്‍ഷ്. 96 ടെസ്റ്റുകള്‍ കളിച്ച അദ്ദേഹം വിക്കറ്റിന് പിന്നില്‍ 355 പേരായണ് പുറത്താക്കിയത്.
ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച കളിക്കാരില്‍ ഒരാളായിട്ടാണ് ഷെയ്ന് വോണിനെ കണക്കാക്കുന്നത്. വോണ്‍-സച്ചിന്, വോണ്‍-ലാറ പോരാട്ടം വിഖ്യാതമായിരുന്നു. ടെസ്റ്റ് വിക്കറ്റ് നേട്ടത്തില്‍ ലോകത്തെ രണ്ടാം സ്ഥാനക്കാരനാണ് ഷെയ്ന് വോണ്‍. 145 ടെസ്റ്റുകളില്‍നിന്ന് 708 വിക്കറ്റുകളാണ് വോണ്‍ നേടിയത്.
194 ഏകദിനങ്ങളില്‍നിന്ന് 293 വിക്കറ്റുകളും നേടി. രാജ്യാന്തര ക്രിക്കറ്റില്‍ 1001 വിക്കറ്റുകള്‍ എന്ന നേട്ടവും 1992 മുതല്‍ 2007 വരെ നീണ്ട കരിയറിനുള്ളില്‍ അദ്ദേഹം സ്വന്തമാക്കിയിരുന്നു. ടെസ്റ്റില്‍ 37 തവണ അഞ്ച് വിക്കറ്റ് നേട്ടവും 10 തവണ രണ്ടിംഗ്സിലുമായി 10 വിക്കറ്റ് നേട്ടവും വോണ്‍ സ്വന്തം പേരിലാക്കി. ടെസ്റ്റില്‍ 3154 റണ്‍സും ഏകദിനത്തില്‍ 1018 റണ്‍സും നേടി.
1969 സെപ്റ്റംബര്‍ 13ന് ഓസ്ട്രേലിയയിലെ വിക്ടോറിയയിലാരുന്നു വോണ്‍ ജനിച്ചത്. 1992ല്‍ ടെസ്റ്റ് ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ചു. 2007 ഡിസംബര്‍ 3ന് ശ്രീലങ്കയുടെ മുത്തയ്യ മുരളീധരനാണ് വോണിന്റെ റെക്കോര്‍ഡ് മറികടന്ന് ടെസ്റ്റിലെ വിക്കറ്റ് വേട്ടയില്‍ ഒന്നാമതെത്തിയത്.
2008 ലെ പ്രഥമ ഐപിഎല്‍ ടൂര്‍ണമെന്റില്‍ രാജസ്ഥാന് റോയല്‍സ് കിരീടം ചൂടിയത് ഷെയ്ന് വോണിന്റെ കീഴിലായിരുന്നു. ഐപിഎല്ലില്‍ 55 മത്സരങ്ങളില്‍ 57 വിക്കറ്റ് വീഴ്ത്തി. പിന്നീട് ടീമിന്റെ ഉപദേശക സ്ഥാനവും വഹിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.