'അതിനുള്ള ധൈര്യം അവർക്കില്ല'; പാകിസ്ഥാന്റെ ലോകകപ്പ് ബഹിഷ്കരണ ഭീഷണിയിൽ ഇന്ത്യൻ താരം
- Published by:Nandu Krishnan
- news18-malayalam
Last Updated:
2026-ലെ ടി20 ലോകകപ്പിൽ പാകിസ്ഥാൻ പങ്കെടുക്കുമോ എന്ന കാര്യത്തിൽ അനിശ്ചിതത്വം തുടരുന്നതിനിടെയാണ് ഇന്ത്യൻ താരത്തിന്റെ പ്രതികരണം.
ടി20 ലോകകപ്പ് ബഹിഷ്‌കരിക്കാൻ പാകിസ്ഥാന് ധൈര്യമില്ലെന്നും അവർ ലോകകപ്പിൽ നിന്ന് പിന്മാറില്ലെന്നും ഇന്ത്യൻ ക്രിക്കറ്റ് താരം അജിങ്ക്യ രഹാനെ. "അവർ അത് ചെയ്യുമെന്ന് ഞാൻ കരുതുന്നില്ല, അവർക്ക് അതിനുള്ള ധൈര്യമില്ല," ക്രിക്ബസ്സിൽ സംസാരിക്കവെ രഹാനെ പറഞ്ഞു.ഇന്ത്യയും ശ്രീലങ്കയും സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന 2026-ലെ ടി20 ലോകകപ്പിൽ പാകിസ്ഥാൻ പങ്കെടുക്കുമോ എന്ന കാര്യത്തിൽ അനിശ്ചിതത്വം തുടരുന്നതിനിടെയാണ് ഇന്ത്യൻ താരത്തിന്റെ പ്രതികരണം.
സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി ഇന്ത്യയിലേക്ക് വരാൻ ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് വിസമ്മതിച്ചതിന് പിന്നാലെ, ടൂർണമെന്റിൽ പങ്കെടുക്കുന്ന കാര്യത്തിൽ തങ്ങളും വിവിധ സാധ്യതകൾ ആലോചിക്കുകയാണെന്നും അന്തിമ തീരുമാനം സർക്കാർ കൈക്കൊള്ളുമെന്നും പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി) അറിയിച്ചിരുന്നു.
പിസിബി ചെയർമാൻ മൊഹ്സിൻ നഖ്‌വി വെള്ളിയാഴ്ചയോടെ ടീമിന്റെ പങ്കാളിത്തം സ്ഥിരീകരിച്ചേക്കുമെന്ന് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഫെബ്രുവരി 7-ന് ആരംഭിക്കുന്ന ടൂർണമെന്റിനായി പാകിസ്ഥാൻ നേരത്തെ തന്നെ 15 അംഗ ടീമിനെ പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം, പാകിസ്ഥാൻ ക്രിക്കറ്റ് ടീം ഓസ്‌ട്രേലിയൻ ടീമിനൊപ്പം ലാഹോറിൽ നിന്ന് കൊളംബോയിലേക്ക് തിരിക്കാൻ തീരുമാനിച്ചതായി മറ്റൊരു റിപ്പോർട്ടും പുറത്തുവന്നിട്ടുണ്ട്. നിലവിൽ ടി20 പരമ്പരയ്ക്കായി ഓസ്‌ട്രേലിയ പാകിസ്ഥാനിലുണ്ട്. ലോകകപ്പിലെ പങ്കാളിത്തത്തെക്കുറിച്ച് അനിശ്ചിതത്വം നിലനിൽക്കുന്നുണ്ടെങ്കിലും, എയർ ലങ്ക വിമാനത്തിൽ ഓസ്‌ട്രേലിയൻ ടീമിനൊപ്പം യാത്ര ചെയ്യാൻ പാകിസ്ഥാൻ ടീം ബുക്കിംഗ് നടത്തിയിട്ടുണ്ടെന്ന് ടെലികോം ഏഷ്യ സ്പോർട്ട് റിപ്പോർട്ട് ചെയ്തു.
advertisement
ലോകകപ്പിന് ടീമിനെ അയക്കുന്നതുമായി ബന്ധപ്പെട്ട് മൊഹ്സിൻ നഖ്‌വി പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കൂടാതെ പാക് പ്രസിഡന്റ് ആസിഫ് സർദാരിയുമായും സൈനിക നേതൃത്വവുമായും അദ്ദേഹം ചർച്ചകൾ നടത്തി. മുൻ പിസിബി ചെയർമാന്മാരായ നജം സേത്തി, റമീസ് രാജ എന്നിവരുമായും നഖ്‌വി കൂടിക്കാഴ്ച നടത്തി. ടീമിനെ ശ്രീലങ്കയിലേക്ക് അയക്കണമെന്നും ഇന്ത്യയുമായുള്ള മത്സരം ബഹിഷ്‌കരിക്കരുത് എന്നുമാണ് അവർ ഉപദേശിച്ചത് എന്നാണ് വിവരം.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
Jan 29, 2026 3:38 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
'അതിനുള്ള ധൈര്യം അവർക്കില്ല'; പാകിസ്ഥാന്റെ ലോകകപ്പ് ബഹിഷ്കരണ ഭീഷണിയിൽ ഇന്ത്യൻ താരം










