ലോകകപ്പിൽ മെസി മുത്തമിടുമോ? സ്വപ്ന നേട്ടത്തിലേക്ക് ഒരുപടി കൂടിയടുത്ത് ഇതിഹാസ താരം
- Published by:Anuraj GR
- trending desk
Last Updated:
ഇതേ വരെ ലോകകപ്പ് ട്രോഫി ഉയർത്താത്ത ഇതിഹാസ താരം കരിയറിലെ അവസാന ലോകകപ്പിൽ മുത്തമിടുമെന്ന ഉറച്ച പ്രതീക്ഷയിലാണ് ലോകമെമ്പാടുമുള്ള അർജന്റീന ആരാധകർ
ലോക ഫുട്ബോൾ ചരിത്രത്തിലെ എക്കാലത്തെയും മികച്ച താരങ്ങളിൽ ഒരാളാണ് അർജന്റീനിയൻ ഇതിഹാസ താരമായ ലയണൽ മെസ്സി. ഖത്തർ ലോകകപ്പിൽ പ്രീ ക്വാർട്ടറിൽ ഓസ്ട്രേലിയയ്ക്കെതിരെ ഒരു ഗോൾ നേടിയ മെസ്സി, നോക്കൗട്ട് ഘട്ടത്തിൽ സമ്മർദ്ദത്തിന് അടിപ്പെടുന്നുവെന്ന സ്ഥിരം വിമർശനങ്ങൾക്ക് ശക്തമായ മറുപടിയും തന്റെ പ്രകടനത്തിലൂടെ നൽകിക്കഴിഞ്ഞു. മെസ്സിയുടെ മികവിലാണ് ശനിയാഴ്ച രാത്രി നീലപ്പട ഓസ്ട്രേലിയയെ 2-1 ന് വീഴ്ത്തി ക്വാർട്ടർ ഫൈനലിലേക്ക് മാർച്ച് ചെയ്തത്. തന്നെ പൂട്ടാൻ ഗൃഹപാഠം ചെയ്തു എത്തിയ കംഗാരുപ്പടയുടെ പ്രതിരോധ പൂട്ട് പൊളിച്ച് ഗോൾമുഖത്ത് വെല്ലുവിളി ഉയർത്തിയ മെസ്സി, തന്റെ ചെറുപ്പകാലത്ത് ക്ലബ്ബ് ഫുട്ബോളിൽ കാഴ്ച വെച്ച അമ്പരപ്പിക്കുന്ന പ്രകടനങ്ങളെ അനുസ്മരിപ്പിക്കുന്ന മാന്ത്രിക നീക്കങ്ങളാണ് ബോക്സിൽ നടത്തിയത്. ഇതേ വരെ ലോകകപ്പ് ട്രോഫി ഉയർത്താത്ത ഇതിഹാസ താരം കരിയറിലെ അവസാന ലോകകപ്പിൽ മുത്തമിടുമെന്ന ഉറച്ച പ്രതീക്ഷയിലാണ് ലോകമെമ്പാടുമുള്ള അർജന്റീന ആരാധകർ.
ക്വാർട്ടർ ഫൈനലിൽ കൂടുതൽ കരുത്തരായ നെതർലന്റാണ് നീലപ്പടയുടെ എതിരാളികൾ. അതിൽ ജയിച്ചു കയറിയാൽ സെമി ഫൈനലിൽ കരുത്തരായ ബ്രസീലാകും പിന്നീട് അർജന്റീനയുടെ എതിരാളികൾ. തന്റെ അവസാന ലോകകപ്പ് വേദിയിൽ ഇതുവരെയുള്ള തടസ്സങ്ങളെല്ലാം നീക്കാനാകുമെന്ന ഉറച്ച പ്രതീക്ഷയാണ് മെസ്സി പങ്കുവെക്കുന്നത്. “ലോകകപ്പിൽ മറ്റൊരു ചുവടുവെപ്പ് കൂടി മുന്നോട്ട് വെച്ചതിലും മറ്റൊരു ലക്ഷ്യം നേടിയതിലും ഞാൻ വളരെ സന്തുഷ്ടനാണ്. ഇതു വളരെ ബുദ്ധിമുട്ടുള്ള മത്സരമായിരുന്നു. മെക്സിക്കോയ്ക്ക് എതിരായ കളിക്ക് ശേഷം വിശ്രമിക്കാൻ അധികം സമയമില്ലായിരുന്നു. ഞങ്ങൾ അതിനെക്കുറിച്ച് അൽപ്പം ആശങ്കാകുലരായിരുന്നു” മെസ്സി പറഞ്ഞു.
advertisement
ശനിയാഴ്ച ഓസ്ട്രേലിയയ്ക്കെതിരെ നടന്ന പ്രീ ക്വാർട്ടർ മത്സരം മെസ്സിയുടെ കരിയറിലെ 1000-ാമത് മത്സരമായിരുന്നു. മത്സരത്തിന്റെ ആദ്യ പകുതിയിൽ ഒട്ടാമെൻഡിയുടെ പാസ് സ്വീകരിച്ച് കംഗാരുപ്പടയുടെ പ്രതിരോധനിരക്കാരെ വെട്ടിയൊഴിഞ്ഞ് ഇടതുകാലു കൊണ്ട് മെസ്സി ഉതിർന്ന ഷോട്ട് എതിർ ഗോൾവലയിലെ ഇടതുമൂലയിൽ തന്നെ തുളഞ്ഞുകയറി. 2006 മുതൽ അർജന്റീനയുടെ ലോകകപ്പ് സ്ക്വാഡിൽ ഇടംപിടിച്ച സൂപ്പർ താരം 23 ലോകകപ്പ് മത്സരങ്ങളിൽ നിന്ന് നേടുന്ന ഒമ്പതാമത്തെ ഗോളായിരുന്നു അത്.
advertisement
മെസ്സിയുടെ ഗോൾ മാത്രമല്ല, ആദ്യാവസാനം വരെയുള്ള അദ്ദേഹത്തിന്റെ സാന്നിധ്യവും മത്സരത്തിൽ ഏറെ നിർണായകമായിരുന്നു എന്ന് ടീമിലെ മറ്റൊരു സ്ട്രൈക്കറായ ജൂലിയൻ അൽവാരസ് പറഞ്ഞു. അൽവാരസാണ് ഓസീസിനെതിരായ കളിയിലെ രണ്ടാമത്തെ ഗോൾ നേടിയത്. ‘ഞങ്ങളെ അത് അത്ഭുതപ്പെടുത്തുന്നില്ല, ലിയോയെ ഞങ്ങൾക്കറിയാം. അദ്ദേഹത്തെ പിന്തുണയ്ക്കാനാണ് ഞങ്ങൾ കഴിവിന്റെ പരമാവധി ശ്രമിക്കാറുള്ളത്. മെസ്സി ഗോളടിക്കാത്തപ്പോൾ പോലും ഗ്യാലറികൾ അദ്ദേഹത്തിന് വേണ്ടി അലറിവിളിക്കുന്നുണ്ടായിരുന്നു. 65ാം മിനിറ്റിൽ ഓസീസിനെതിരെ അദ്ദേഹം ഒരു കോർണർ നേടിയെടുത്തപ്പോഴുള്ള കരഘോഷങ്ങൾ ഉച്ചസ്ഥായിയിലായിരുന്നു. അദ്ദേഹം യുവതാരങ്ങളെ ഏറെ പ്രചോദിപ്പിക്കാറുണ്ട്’ അൽവാരസ് കൂട്ടിച്ചേർത്തു. മാഞ്ചസ്റ്റർ സിറ്റിയിൽ എർലിങ് ഹാളണ്ടിനൊപ്പവും ദേശീയ ടീമിൽ മെസ്സിക്കൊപ്പവും കളിക്കുന്നതിന്റെ ത്രില്ലിൽ കൂടിയായിരുന്നു ഈ അർജന്റീനിയൻ യുവതാരം.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 06, 2022 2:09 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
ലോകകപ്പിൽ മെസി മുത്തമിടുമോ? സ്വപ്ന നേട്ടത്തിലേക്ക് ഒരുപടി കൂടിയടുത്ത് ഇതിഹാസ താരം