1983ലെ ഇന്ത്യന്‍ ലോകകപ്പ് ക്രിക്കറ്റ് ടീമംഗം യശ്പാല്‍ ശര്‍മ്മ അന്തരിച്ചു
- Published by:Sarath Mohanan
- news18-malayalam
Last Updated:
1983ല്‍ 'കപിലിന്റെ ചെകുത്താന്‍മാര്‍' ആദ്യമായി ഇന്ത്യയിലേക്ക് ഒരു ലോകകപ്പ് കിരീടം എത്തിച്ചപ്പോള്‍ അതില്‍ നിര്‍ണായക പങ്കു വഹിച്ച വ്യക്തിയാണ് അദ്ദേഹം.
മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും 1983 ലോകകപ്പിലെ ഇന്ത്യന്‍ ടീമംഗവുമായ യശ്പാല്‍ ശര്‍മ്മ അന്തരിച്ചു. ഹൃയാഘാതം മൂലം മൊഹാലിയിലെ സ്വന്തം വസതിയില്‍ വെച്ചായിരുന്നു അന്ത്യം. 66 വയസായിരുന്നു. രാവിലെ പ്രഭാത നടത്തത്തിനു ശേഷം തിരികെയെത്തിയ അദ്ദേഹത്തിന് കടുത്ത നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. ആശുപത്രിയില്‍ എത്തിക്കാനുള്ള ശ്രമത്തിനിടെ തന്നെ മരണം സംഭവിച്ചെന്ന് ആശുപത്രിയില്‍ ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. ഇന്ത്യന്‍ ക്രിക്കറ്റ് താരമായ ചേതന്‍ ശര്‍മ്മയുടെ അമ്മാവനായിരുന്നു യശ്പാല്‍ ശര്‍മ്മ.
ക്രിക്കറ്റ് കരിയറില്‍ തകര്‍പ്പന്‍ മധ്യനിര ബാറ്റ്സ്മാനായിരുന്നു യശ്പാല്‍ ശര്‍മ്മ. ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ 'ക്രൈസിസ് മാന്‍' എന്ന പേരിലാണ് യശ്പാല്‍ ശര്‍മ്മ അറിയപ്പെട്ടിരുന്നത്. 1983ല്‍ കപിലിന്റെ ചെകുത്താന്‍മാര്‍ ആദ്യമായി ഇന്ത്യയിലേക്ക് ഒരു ലോകകപ്പ് കിരീടം എത്തിച്ചപ്പോള്‍ അതില്‍ നിര്‍ണായക പങ്കു വഹിച്ച വ്യക്തിയാണ് അദ്ദേഹം. 1983ലെ ലോകകപ്പില്‍ ആദ്യകളിയില്‍ ലോകചാമ്പ്യന്‍മാരായ വെസ്റ്റിന്‍ഡീസിനെ തോല്‍പ്പിക്കുന്നതില്‍ യശ്പാല്‍ ശര്‍മ്മയുടെ ഗംഭീര ബാറ്റിംഗാണ് തുണയായത്. 76ന് മൂന്ന് വിക്കറ്റ് നഷ്ടപ്പെട്ട ഇന്ത്യന്‍ ടീമിനെ 120 പിന്തില്‍ 89 റണ്‍സെടുത്ത് കരകയറ്റിയതും വിജയത്തിലെത്തിച്ചതും അദേഹത്തിന്റെ ഇന്നിങ്‌സായിരുന്നു.
advertisement
അതേ ലോകകപ്പില്‍ പിന്നീട് ഓസ്ട്രേലിയയ്ക്കെതിരെ 40 റണ്‍സുമായും ഇംഗ്ലണ്ടിനെതിരെ 61 റണ്‍സുമായും അദ്ദേഹം തിളങ്ങി. 34.28 ശരാശരിയില്‍ 240 റണ്‍സായിരുന്നു ആ ലോകകപ്പില്‍ യശ്പാല്‍ ശര്‍മ നേടിയത്. ഇംഗ്ലണ്ടിനെതിരായ സെമിയില്‍ 60 റണ്‍സ് നേടിയാണ് യശ്പാല്‍ ആരാധക മനസില്‍ കയറിപ്പറ്റുന്നത്. ഓള്‍ഡ് ട്രാഫോഡില്‍ വെച്ച് നടത്തിയ ആ ബാറ്റിങ് വിരുന്ന് ഇന്നും ക്രിക്കറ്റ് പ്രേമികളുടെ മനസ്സില്‍ മായാതെ കിടക്കുന്നുണ്ട്.
1979-ല്‍ ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ച അദ്ദേഹം 37 ടെസ്റ്റ് മത്സരങ്ങളില്‍ നിന്ന് 33.45 ശരാശരിയില്‍ 1606 റണ്‍സും 42 ഏകദിന മത്സരങ്ങളില്‍ നിന്ന് 28.48 ശരാശരിയില്‍ 883 റണ്‍സും നേടിയിട്ടുണ്ട്. ഇരു ഫോര്‍മാറ്റുകളിലും ഓരോ വിക്കറ്റും സ്വന്തം പേരിലുണ്ട്. 160 ഫസ്റ്റ് ക്ലാസ് മത്സരങ്ങള്‍ കളിച്ച അദ്ദേഹം 44.88 ശരാശരിയില്‍ 8933 റണ്‍സ് സ്വന്തമാക്കിയിട്ടുണ്ട്. പുറത്താകാതെ നേടിയ 201 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. 1985-ല്‍ രാജ്യാന്തര ക്രിക്കറ്റില്‍ നിന്നു വിരമിച്ച അദ്ദേഹം പിന്നീട് ദേശീയ ടീം സെലക്ടറായും സേവനമനുഷ്ടിച്ചിട്ടുണ്ട്. പഞ്ചാബിലെയും ഹരിയാനയിലെയും ക്രിക്കറ്റ് സമിതികളിലും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.
advertisement
1972ല്‍ പഞ്ചാബ് സ്‌കൂള്‍സിനായി ജമ്മു കശ്മീരിനെതിരെ 260 റണ്‍സ് അടിച്ചു കൂട്ടിയാണ് യശ്പാല്‍ ആദ്യമായി വാര്‍ത്തകളില്‍ ഇടംപിടിക്കുന്നത്. രണ്ടു വര്‍ഷത്തിനുള്ളില്‍ സംസ്ഥാന ടീമില്‍ സ്ഥാനം പിടിച്ച അദ്ദേഹം വി സി ട്രോഫി നേടിയ ഉത്തരമേഖല ടീമിലും അംഗമായി. രഞ്ജി ട്രോഫിയില്‍ പഞ്ചാബ്, ഹരിയാന, റെയില്‍വേസ് എന്നീ ടീമുകള്‍ക്കായും അദ്ദേഹം അംഗമായി. അമ്പയര്‍ കൂടിയായ യശ്പാല്‍ ഒന്ന് രണ്ട് വനിത ഏകദിനങ്ങളും നിയന്ത്രിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
July 13, 2021 1:51 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
1983ലെ ഇന്ത്യന്‍ ലോകകപ്പ് ക്രിക്കറ്റ് ടീമംഗം യശ്പാല്‍ ശര്‍മ്മ അന്തരിച്ചു