യുഎഇയിൽ ഡ്രൈവിംഗ് ലൈസൻസ് ടെസ്റ്റ് ഏകീകരിക്കുന്നു
Last Updated:
അബുദാബി: എല്ലാ എമിറേറ്റുകളിലും ഏകീകൃത ഡ്രൈവിംഗ് ലൈസൻസ് ടെസ്റ്റ് ഏർപ്പെടുത്തുന്നതിന് ആലോചന. നിലവിൽ യു.എ.ഇ ഡ്രൈവിംഗ് ലൈസൻസ് ലഭിക്കുന്നതിന് ഓരോ എമിറേറ്റിനും അവരവരുടെ മാനദണ്ഡങ്ങളും നടപടിക്രമങ്ങളുമാണുള്ളത്. ഇത് മാറ്റുന്നത് പരിഗണനയിലാണെന്ന് ദുബൈ റോഡ് ഗതാഗത അതോറിറ്റിയിലെ (ആർ.ടി.എ) മുതിർന്ന ഉദ്യോഗസ്ഥ വ്യക്തമാക്കി. സെർകോ മിഡിലീസ്റ്റിന്റെ വാർഷിക റോഡ് സുരക്ഷാ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അവർ.
ഏഴ് എമിറേറ്റുകൾക്കും ഒരേ ടെസ്റ്റ് നടത്തുന്ന കാര്യം ഉദ്യോഗസ്ഥർ അവലോകനം ചെയ്തിട്ടുണ്ടെന്ന് ആർ.ടി.എയുടെ ഡ്രൈവർ പരിശീലന യോഗ്യത വകുപ്പ് ആക്ടിംഗ് ഡയറക്ടർ ഹിന്ദ് അൽ മുഹൈരി പറഞ്ഞു. ഈയിടെ ആഭ്യന്തര മന്ത്രാലയം രൂപീകരിച്ച കമ്മിറ്റിയുടെ ഭാഗമാണ് ആർ.ടി.എയും. എല്ലാ എമിറേറ്റുകൾക്കുമുള്ള ഏറ്റവും മികച്ച നടപടിക്രമങ്ങൾ നിർണയിക്കുകയും അവ പരിഷ്കരിക്കുകയുമാണ് കമ്മിറ്റിയുടെ ലക്ഷ്യം. ഒരു മാസം മുമ്പ് ഇതിനുള്ള പദ്ധതി ആരംഭിച്ചതായി ഹിന്ദ് അൽ മുഹൈരി വ്യക്തമാക്കി. ലൈസൻസ് ലഭിക്കാൻ ആവശ്യമായ കാര്യങ്ങളിൽ വിവിധ എമിറേറ്റുകളിൽ നിരവധി വ്യത്യാസങ്ങളുണ്ട്. ചില എമിറേറ്റുകളിൽ ചില നിർബന്ധിത പാഠങ്ങൾ ആവശ്യമാണെങ്കിൽ മറ്റു ചിലതിൽ അവ ആവശ്യമില്ല. ഡ്രൈവിംഗ് ടെസ്റ്റുകളുടെ കാര്യത്തിലും വലിയ വ്യത്യാസങ്ങളുണ്ട്.
advertisement
രാജ്യത്തിന് പുറത്തുനിന്ന് ഡ്രൈവിംഗ് പഠിച്ചവർ യു.എ.ഇ റോഡുകളിൽ പല പ്രശ്നങ്ങളുമുണ്ടാക്കുന്നുണ്ട്. ദുബൈക്ക് സവിശേഷമായ റോഡുകളുള്ളതിനാൽ വ്യത്യസ്ത സംസ്കാരങ്ങളിൽനിന്നുള്ള ഡ്രൈവർമാർക്ക് ചിലപ്പോൾ പ്രയാസമുണ്ടാകുന്നു. പലപ്പോഴും ഇവർ തങ്ങളുടെ സ്വന്തം രാജ്യത്ത് വാഹനമോടിച്ച രീതിയിലേക്ക് മടങ്ങുകയും ഇത് മറ്റു ഡ്രൈവർമാർക്ക് വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുകയും ചെയ്യുന്നു. അബുദാബിയിൽ 20 കിലോമീറ്റർ ബഫർ സോണുകൾ ഒഴിവാക്കിയത് ആർ.ടി.എയിലെ ഉദ്യോഗസ്ഥരും ഫെഡറൽ ഗതാഗത സമിതിയിലെ മറ്റു അംഗങ്ങളും നിരീക്ഷിച്ച് വരികയാണെന്നും ഹിന്ദ് ആൽ മുഹൈരി പറഞ്ഞു.
advertisement
യു.എസ് ഉൾപ്പെടെയുള്ള രാജ്യങ്ങളിൽനിന്നുള്ളവർക്ക് ഒരു ടെസ്റ്റുമില്ലാതെ ഡ്രൈവിംഗ് ലൈസൻസ് ലഭ്യമാക്കുന്ന സമ്പ്രദായം ഒഴിവാക്കണമെന്ന് ഗതാഗത വിദഗ്ധർ ആവശ്യപ്പെട്ടു. ടെസ്റ്റ് നടത്താതെ ലൈസൻസ് അനുവദിക്കുന്നത് പൂർണമായി നിർത്തണമെന്ന് സാർകോ മിഡിലീസ്റ്റ് ചീഫ് എക്സിക്യൂട്ടീവ് ഡേവിഡ് ഗ്രീർ പറഞ്ഞു. പല ഡ്രൈവർമാരും യു.എ.ഇയിലെ റോഡുകളിൽ അനുവദിച്ച വേഗതയിൽ വാഹനമോടിക്കാൻ തയാറെടുത്തവരല്ല. ശരാശരി വേഗത മണിക്കൂറിൽ 60 കിലോമീറ്ററോളമുള്ള രാജ്യങ്ങളിലുള്ളവരെയാണ് അതിവേഗതയിൽ വാഹനമോടിക്കുന്നവരോടൊപ്പം വിടുന്നതെന്നും അദ്ദേഹം പറഞ്ഞു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 08, 2018 8:59 AM IST