“200 കുട്ടികൾ, ഒരേയൊരു അച്ഛൻ: അമേരിക്കയിൽ ‘മെഗാ കുടുംബങ്ങൾ’ നിർമ്മിക്കുന്ന ചൈനീസ് കോടീശ്വരന്മാർ

Last Updated:

വെളിപ്പെടുത്തലുകൾ അമേരിക്കയിലും വലിയ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്

News18
News18
മുമ്പ് അധികം ആരുടെയും ശ്രദ്ധ നേടാതിരുന്ന ഒരു പ്രവണത ഇപ്പോൾ ലോകശ്രദ്ധ നേടുകയും വലിയ ചർച്ചകൾക്ക് തുടക്കം കുറിയ്ക്കുകയും ചെയ്തിരിക്കുകയാണ്. സമ്പന്നരായ ചില ചൈനീസ് പൗരന്മാർ,  സറോഗസി (വാടക ഗർഭധാരണം) സംവിധാനങ്ങളിലൂടെ അമേരിക്കയിൽ മക്കൾക്ക് ജന്മം നൽകുന്ന പ്രവണത വർധിച്ചുവരുന്നതായാണ് റിപ്പോർട്ടുകൾ പറയുന്നത്.
ചില ഒറ്റപ്പെട്ട സംഭവങ്ങളിൽ, ഒരേയൊരു വ്യക്തി തന്നെ വാടകഗർഭധാരണ സംവിധാനത്തെ ഉപയോഗപ്പെടുത്തി നൂറുകണക്കിന് കുട്ടികളുടെ അച്ഛനായതായും റിപ്പോർട്ടുകളുണ്ട്. ഒരുകാലത്ത് വളരെ കുറച്ച് ആളുകൾ മാത്രം പിന്തുടർന്നിരുന്ന, പുറത്തറിവില്ലാതെ നടന്നിരുന്ന ഈ രീതി ഇപ്പോൾ കൂടുതൽ ജനകീയമായി മാറിയിരിക്കുകയാണ്.  ഈ വിഷയത്തിൽ,കുഞ്ഞുങ്ങൾക്ക് ലഭിക്കുന്ന പൗരത്വം, ധാർമ്മികത,  ഇതിന് പിന്നിലെ സാമ്പത്തിക താൽപ്പര്യങ്ങൾ എന്നിവയെക്കുറിച്ചുള്ള വിമർശനങ്ങളും ചോദ്യങ്ങളും ഇപ്പോൾ കൂടുതൽ ശക്തമാവുകയാണ്.
സറോഗസി എങ്ങനെ?
സറോഗസി അഥവാ വാടക ​ഗർഭധാരണം എന്നത് മറ്റുള്ളവർക്കായി ഒരു സ്ത്രീ ഗർഭം ധരിച്ചു കുഞ്ഞിനെ പ്രസവിക്കുന്ന രീതിയാണ്. രണ്ട് രീതിയിലാണ് വാടക​ഗർഭധാരണം നടക്കുന്നത്. ഒരു രീതിയിൽ, വാടകമാതാവിന്റെ അണ്ഡം പിതാവിന്റെ ബീജവുമായി ചേർത്ത് ബീജസങ്കലനം നടത്തുന്നു. മറ്റൊരു രീതിയിൽ, അണ്ഡവും ബീജവും ദാതാക്കളിൽ നിന്ന് സ്വീകരിക്കുന്നു. ഇതിൽ രണ്ടാമത്തെ മാർ​ഗത്തിലൂടെ നടത്തുന്ന ​ഗർഭധാരണത്തിൽ താൻ ​ഗർഭപാത്രത്തിൽ ചുമക്കുന്ന കുഞ്ഞുമായി വാടകമാതാവിന് ജൈവികമായ (biological) ബന്ധമുണ്ടാകില്ല.  ഈ രണ്ടാമത്തെ രീതിയെ ചിലർ കടുത്ത രീതിയിൽ വിമർശിക്കുന്നുണ്ട്. ഗർഭധാരണം പണം നൽകി വാങ്ങുന്ന ഒരു സേവനമായി മാറുന്നുവെന്നും, “ഗർഭപാത്രം വാടകയ്‌ക്കെടുക്കൽ” എന്നുതന്നെ  വിശേഷിപ്പിക്കേണ്ടി വരുമെന്നും വിമർശകർ പറയുന്നു.
advertisement
സറോ​ഗസി ചൈനയിൽ നിയമപരമായി  അനുവദനീയമല്ല. അതിനാൽ സമ്പന്നരായ ചൈനീസ് കുടുംബങ്ങൾ ഇപ്പോൾ അമേരിക്കയിലേക്കാണ് സറോ​ഗസിയ്ക്കായി തിരിയുന്നത്. അമേരിക്കയിലെ ചില സംസ്ഥാനങ്ങളിൽ സറോഗസി നിയമപരമായതിനാൽ, മറ്റ് തടസ്സങ്ങളൊന്നും ഇതിനായി താൽപ്പര്യപ്പെടുന്നവർക്ക് നേരിടേണ്ടി വരില്ല.
ഈ സംവിധാനം ലളിതമാണെങ്കിലും ചെലവ് വളരെ കൂടുതലാണ്. കുഞ്ഞിനായി ബീജവും ചിലപ്പോൾ അണ്ഡവും മാതാപിതാക്കളോ തിരഞ്ഞെടുത്ത ദാതാക്കളോ നൽകുന്നു. സറോഗേറ്റ് മാതാവ് ഗർഭം ധരിച്ചു കുഞ്ഞിനെ പ്രസവിക്കുന്നു. ഓരോ ജനനത്തിനും ഏകദേശം ഒന്നു മുതൽ രണ്ട് കോടി രൂപവരെ ചെലവ് വരുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
advertisement
എന്നാൽ, ചൈനയിലെ കോടീശ്വരന്മാർ സറോ​ഗസിയ്ക്കായി അമേരിക്കയിലേക്ക് തിരിയുന്നതിന് പിന്നിൽ മറ്റ് ചില ലക്ഷ്യങ്ങൾക്കൂടിയുണ്ട്. മാതാപിതൃത്വം മാത്രം അല്ല ഇതിന് പിന്നിലെ ലക്ഷ്യം . അമേരിക്കയിൽ ജനിക്കുന്ന ഏതു കുഞ്ഞിനും നിയമപ്രകാരം സ്വയം അമേരിക്കൻ പൗരത്വം ലഭിക്കും. കാലക്രമേണ, ഇതുവഴി മാതാപിതാക്കൾക്കും അവിടത്തെ താമസാനുമതിയും പൗരത്വവും ലഭിക്കാൻ വഴിയൊരുങ്ങാം.
ചൈനയിലെ ജനസംഖ്യ നിയമങ്ങളും സറോഗസിയും
ലോകത്തിൽ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള രാജ്യങ്ങളിലൊന്നായ ചൈന (ഏകദേശം 140 കോടി ജനങ്ങൾ) ഇന്ന് ഒരു വലിയ ജനസംഖ്യാ പ്രതിസന്ധിയെയാണ് നേരിടുന്നത്.  1979-ൽ കൊണ്ടുവന്ന “ഒരു കുട്ടി മാത്രം” എന്ന നയത്തിലാണ് ഇതിന്റെ തുടക്കം. ജനസംഖ്യ നിയന്ത്രണം വിട്ടുപോകുമെന്ന ഭയത്തിലാണ്  സർക്കാർ ഈ നിയമം കൊണ്ടുവന്നത്.
advertisement
35 വർഷത്തോളം കുടുംബങ്ങൾക്ക് ഒരു കുട്ടി മാത്രമേ അനുവദിച്ചിരുന്നുള്ളൂ. നിയമം ലംഘിച്ചാൽ വലിയ പിഴയും ജോലി നഷ്ടപ്പെടലും വരെ ഉണ്ടായിരുന്നു. ഈ നയം ജനസംഖ്യയുടെ വളർച്ച കുറച്ചെങ്കിലും, അതിനൊപ്പം വലിയ പ്രശ്നങ്ങളും ഉണ്ടാക്കി. പ്രധാനമായും ആൺകുട്ടികൾക്ക് മുൻഗണന നൽകുന്ന പ്രവണത,  പെൺ-ആൺ അനുപാതത്തിലെ വലിയ വ്യത്യാസത്തിന് കാരണമായി.
2016-ൽ രണ്ട് കുട്ടികൾക്ക് അനുമതി നൽകി നിയമം ഇളവ് ചെയ്തു. 2021-ൽ മൂന്ന് കുട്ടികൾക്കും അനുവാദം നൽകി. എന്നിട്ടും കുഞ്ഞുങ്ങൾ ജനിക്കുന്ന നിരക്ക് ഉയർന്നില്ല.ജീവിതച്ചെലവ് കൂടുതലായതും, നഗരങ്ങളിൽ താമസിക്കാൻ സ്ഥലം കുറവായതും, കടുത്ത ജോലി സമ്മർദവും, പ്രത്യേകിച്ച് സ്ത്രീകളുടെ കരിയർ ആശങ്കകളും കാരണം, വലിയ കുടുംബങ്ങൾ ഇന്നും പലർക്കും ആകർഷകമല്ല. ഇന്ന് ചൈനയിലെ ഫാക്ടറികൾക്ക് യുവ തൊഴിലാളികളെ കിട്ടാനില്ല. പെൻഷൻ ചെലവും കൂടുകയാണ്. അതിനാൽ കൂടുതൽ കുട്ടികൾക്ക് ജന്മം നൽകാൻ സർക്കാർ തന്നെ ഇപ്പോൾ ആളുകളെ പ്രോത്സാഹിപ്പിക്കുന്നു.
advertisement
എന്നാൽ സറോഗസി?
2001 മുതൽ ചൈനയിൽ സറോഗസി പൂർണമായും നിരോധിച്ചിരിക്കുകയാണ്. സറോഗസി ദരിദ്രസ്ത്രീകളെ ചൂഷണം ചെയ്യുമെന്നും, കുഞ്ഞിന്റെ മാതാപിതൃത്വത്തെക്കുറിച്ച് നിയമപരവും ധാർമികവുമായ പ്രശ്നങ്ങൾ ഉണ്ടാക്കുമെന്നും ചൈനീസ് സർക്കാർ വാദിക്കുന്നു.
എന്നാൽ സമ്പന്നർ ഇതിന് വഴികണ്ടെത്തി. രഹസ്യമായി ഇത് നടത്തുന്നതിനായി വിദേശ രാജ്യങ്ങളെ ഇവർ ആശ്രയിക്കുന്നു. ഇവരിൽ കൂടുതലും തിരഞ്ഞെടുക്കുന്നത് അമേരിക്കയെയാണ് പ്രധാന കാരണം യുഎസിലെ ചില സംസ്ഥാനങ്ങളിൽ സറോഗസി നിയമപരമാണ് എന്നത് തന്നെ. ഒപ്പം ജനിക്കുന്ന കുട്ടിയിലൂടെ ലഭിയ്ക്കുന്ന പൗരത്വവും
നൂറുകണക്കിന് കുട്ടികളുടെ അച്ഛന്മാർ
വാൾ സ്ട്രീറ്റ് ജേർണൽ റിപ്പോർട്ട് പ്രകാരം, കഴിഞ്ഞ പത്ത് വർഷത്തിനിടെ ഈ പ്രവണത വലിയ തോതിൽ വർധിച്ചിട്ടുണ്ട്. ചില ചൈനീസ് കോടീശ്വരന്മാർ അമേരിക്കയിലെ സറോഗസി ഏജൻസികളെ ഉപയോഗിച്ച് അസാധാരണമാംവിധം വലിയ കുടുംബങ്ങൾ സൃഷ്ടിക്കുകയാണ്.
advertisement
അതിൽ ശ്രദ്ധേയനായയ ഒരാൾ ഷു ബോ എന്ന ഓൺലൈൻ ഗെയിമിംഗ് ബിസിനസുകാരനാണ്. കാലിഫോർണിയയിൽ സറോഗസിയിലൂടെ ജനിക്കുന്ന കുട്ടികളുടെ രക്ഷാകർതൃത്വം നേടാൻ അദ്ദേഹം കോടതിയെ സമീപിച്ചിരുന്നു. വീഡിയോ കോൺഫറൻസിലൂടെ നടന്ന ഒരു രഹസ്യ കോടതിവാദത്തിൽ, ഏകദേശം 20 അമേരിക്കൻ പൗരത്വമുള്ള കുട്ടികൾ വേണമെന്ന ആഗ്രഹം അദ്ദേഹം പ്രകടിപ്പിച്ചു. തന്റെ ബിസിനസ് കൈമാറാൻ ആൺമക്കൾ വേണമെന്നതും അദ്ദേഹം പറഞ്ഞു.
എന്നാൽ, ഇയാളുടെ കുട്ടികളുടെ യഥാർത്ഥ എണ്ണം അതിലും വലുതായിരിക്കാം. അദ്ദേഹത്തിന്റെ മുൻ സുഹൃത്ത് ടാങ് ജിംഗ് ഉന്നയിച്ച ആരോപണം അനുസരിച്ച്, വിവിധ രാജ്യങ്ങളിലായി ഷു ബോയ്ക്ക് 300 വരെ കുട്ടികൾ ഉണ്ട് എന്നാണ്. ഷുവിന്റെ കമ്പനി ഈ എണ്ണം അം​ഗീകരിച്ചില്ലെങ്കിലും, അമേരിക്കയിൽ മാത്രം 100-ലധികം കുട്ടികൾ സറോഗസിയിലൂടെ ജനിച്ചിട്ടുണ്ടെന്ന് സമ്മതിച്ചു.
advertisement
ഇതുപോലെ മറ്റ് ബിസിനസുകാരും ഉണ്ടെന്നാണ് റിപ്പോർട്ട് പറയുന്നു. സിചുവാൻ സ്വദേശിയായ വാങ് ഹുവിവു എന്ന ബിസിനസുകാരൻ, അമേരിക്കൻ ദാതാക്കളിൽ നിന്ന് അണ്ഡം സ്വീകരിച്ച്, 10 പെൺകുട്ടികൾക്ക് ജന്മം നൽകിയതായും പറയുന്നു.
എങ്ങനെ നടക്കുന്നു?
സറോ​ഗസിയിക്കായി പലപ്പോഴും ഈ അച്ഛന്മാർ അമേരിക്കയിലേക്ക് പോകുന്നില്ല. അവരുടെ ബീജം അയക്കുന്നു. അണ്ഡ ദാതാക്കളെ ഏജൻസികൾ വഴി തിരഞ്ഞെടുക്കുന്നു. സറോഗേറ്റ് മാതാക്കളെ നിയമിക്കുന്നു. കുഞ്ഞുങ്ങൾ അമേരിക്കയിൽ ജനിക്കുന്നു. അമേരിക്കയിൽ ജനിക്കുന്നതിനാൽ കുഞ്ഞുങ്ങൾക്ക് സ്വയം അമേരിക്കൻ പൗരത്വം ലഭിക്കുന്നു. ഈ മുഴുവൻ പ്രക്രിയയും ക്ലിനിക്കുകൾ, ഏജൻസികൾ, അഭിഭാഷകർ, കുട്ടികളെ നോക്കുന്ന സ്ഥാപനങ്ങൾ എന്നിവ ചേർന്നാണ് നടത്തുന്നത്. ചില കുഞ്ഞുങ്ങൾ അമേരിക്കയിലെ വലിയ വീടുകളിൽ ഒരുമിച്ച് താമസിക്കുന്നതായും, ചെലവെല്ലാം ചൈനയിൽ ഉള്ള മാതാപിതാക്കൾ വഹിക്കുന്നതായും റിപ്പോർട്ടുകളുണ്ട്.
ഉയരുന്ന ചോദ്യങ്ങൾ
ഈ വെളിപ്പെടുത്തലുകൾ അമേരിക്കയിലും വലിയ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.
കുഞ്ഞുങ്ങൾ ഒരു വസ്തുവായി മാറുന്നുണ്ടോ?
സറോഗേറ്റ് മാതാക്കളെ പണത്തിനായി നിർബന്ധിക്കുന്നുണ്ടോ?
അമേരിക്കൻ പൗരത്വം വിദേശ സമ്പന്നർ ദുരുപയോഗം ചെയ്യുന്നുണ്ടോ? എന്നിയൊക്കെയാണ് ഉയരുന്ന ചോദ്യങ്ങൾ.
വിഷയം ​ഗൗരവകരമായി പരി​ഗണിക്കേണ്ടതുണ്ട് എന്ന് വാദിക്കുന്ന ചില അമേരിക്കൻ നിയമനിർമ്മാതാക്കൾ വാണിജ്യ സറോഗസിക്ക് രാജ്യവ്യാപക വിലക്ക് വേണമെന്ന ആവശ്യമാണ് ഇപ്പോൾ മുന്നോട്ട് വയ്ക്കുന്നത്. ചൈനയിൽ സറോഗസി  രാജ്യത്തിനുള്ളിൽ കർശനമായി നിരോധിച്ചിട്ടുണ്ടെങ്കിലും, വിദേശരാജ്യങ്ങളിൽ സറോഗസി നടത്തുന്നത് തടയുന്ന വ്യക്തമായ നിയമം ചൈനയിൽ ഇല്ല. ഇതാണ്  നിയമപരമായ ആശയക്കുഴപ്പം സൃഷ്ടിക്കുന്നത്. ചില വിദഗ്ധർ ഇതിന്റെ കൂടുതൽ ഗുരുതരമായ പ്രത്യാഘാതങ്ങളെക്കുറിച്ചും മുന്നറിയിപ്പ് നൽകുന്നുണ്ട്. അത്യന്തം സമ്പന്നരായവർക്ക്  ഇഷ്ടാനുസരണം വലിയ എണ്ണം കുട്ടികളെ “സറോ​ഗസിയിലൂടെ ജനിപ്പിക്കാൻ ” കഴിയുമെങ്കിൽ, ഭാവിയിൽ അവർക്ക് സ്വന്തം വിശ്വസ്ത  സംഘങ്ങളോ, അധികാര അടിത്തറകളോ സൃഷ്ടിക്കാൻ പോലും കഴിയുമെന്നാണ് ഇവർ മുന്നോട്ട് വയ്ക്കുന്ന ആശങ്ക. ഇത്തരം ഒരു സാഹചര്യം സമൂഹത്തിലും രാജ്യങ്ങളിലും അസ്ഥിരത സൃഷ്ടിക്കാൻ സാധ്യതയുള്ളതാണെന്ന് നിരീക്ഷകർ മുന്നറിയിപ്പ് നൽകുന്നു.
മലയാളം വാർത്തകൾ/ വാർത്ത/World/
“200 കുട്ടികൾ, ഒരേയൊരു അച്ഛൻ: അമേരിക്കയിൽ ‘മെഗാ കുടുംബങ്ങൾ’ നിർമ്മിക്കുന്ന ചൈനീസ് കോടീശ്വരന്മാർ
Next Article
advertisement
'പോറ്റിയെ കേറ്റിയെ' വർഗ്ഗീയ ധ്രുവീകരണമെന്ന് സിപിഎം; ചട്ടലംഘനത്തിന് പരാതി
'പോറ്റിയെ കേറ്റിയെ' വർഗ്ഗീയ ധ്രുവീകരണമെന്ന് സിപിഎം; ചട്ടലംഘനത്തിന് പരാതി
  • പോറ്റിയെ കേറ്റിയെ പാട്ട് വർഗ്ഗീയ ധ്രുവീകരണത്തിനായി സൃഷ്ടിച്ചതെന്ന് സിപിഎം ആരോപിച്ചു.

  • അയ്യപ്പനെ പ്രചാരണത്തിന് ഉപയോഗിച്ചതിനെതിരെ സിപിഎം തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകാൻ ആലോചിക്കുന്നു.

  • മതസ്ഥാപനങ്ങളെയും ദൈവങ്ങളെയും തെരഞ്ഞെടുപ്പിൽ ഉപയോഗിച്ചതായി CPM ആരോപിച്ചു.

View All
advertisement