തെക്കൻ പെറുവിലെ സ്വർണ്ണ ഖനിയിലുണ്ടായ തീപിടിത്തത്തിൽ 27 തൊഴിലാളികൾ മരിച്ചതായി റിപ്പോർട്ട്. ശനിയാഴ്ച അരെക്വിപ മേഖലയിലെ ലാ എസ്പെരാൻസ ഖനിക്കുള്ളിലാണ് തീപിടുത്തമുണ്ടായത്. ഷോർട്ട് സർക്യൂട്ട് മൂലമാണ് തീ പടർന്നതെന്ന് പോലീസും പബ്ലിക് പ്രോസിക്യൂട്ടർ ഓഫീസും അറിയിച്ചു.
ഖനിക്കുള്ളിലുണ്ടായ തീപിടുത്തതിൽ 27 പേർ മരിച്ചതായി പബ്ലിക് പ്രോസിക്യൂട്ടർ ജിയോവാനി മാറ്റോസ് ചാനൽ എൻ ടെലിവിഷനോട് പറഞ്ഞു. കോൺഡെസുയോസ് പ്രവിശ്യയിലെ ഖനിയിൽ ഉണ്ടായ സ്‌ഫോടനത്തെ തുടർന്നാണ് തീപിടുത്തം ഉണ്ടായതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മരിച്ചവരുടെ വിവരങ്ങൾ പോലീസ് ശേഖരിച്ചതിന് ശേഷം ഞായറാഴ്ചയാണ് തീപിടിത്തത്തെക്കുറിച്ചുള്ള വാർത്ത പുറത്തു വിട്ടത്.
മരിച്ചവരുടെ മൃതദേഹം പുറത്തെടുക്കുന്നതിന് മുമ്പ് രക്ഷാപ്രവർത്തകർ ഖനി സുരക്ഷിതമാണെന്ന് ഉറപ്പാക്കുകയും ചെയ്തു.’ ഖനി സുരക്ഷിതമാണെന്ന് ആദ്യം ഉറപ്പുവരുത്തണം, എങ്കിൽ മാത്രമേ ഉള്ളിൽ പ്രവേശിച്ച് മൃതദേഹങ്ങൾ പുറത്തെടുക്കാനാകൂ,”എന്നും മാറ്റോസ് പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Peru