പ്രണയമില്ല, കുടുംബ പ്രശ്‌നം കുറയ്ക്കാന്‍ അടുത്ത സുഹൃത്തുക്കള്‍ വിവാഹം കഴിക്കും; പുതിയ ട്രെന്‍ഡുമായി ചൈന
- Published by:meera_57
- news18-malayalam
Last Updated:
കമിതാക്കള്‍ തമ്മില്‍ വിവാഹം കഴിക്കുന്നതിനു പകരം രണ്ട് ഉറ്റ സുഹൃത്തുക്കള്‍ തമ്മില്‍ വിവാഹ ജീവിതം തുടങ്ങുന്നതാണ് 'ഫ്രണ്ട്ഷിപ്പ് മാര്യേജ്'
പ്രണയബന്ധങ്ങളിലും വിവാഹ ജീവിതത്തിലുമെല്ലാം പങ്കാളികള്‍ തമ്മിലുള്ള ബന്ധങ്ങള്‍ക്ക് ഓരോ കാലഘട്ടത്തിലും പുതിയ അര്‍ത്ഥ തലങ്ങള്‍ വികസിച്ചുവരുന്നുണ്ട്. പ്രതിബദ്ധത, വിവാഹം, കുടുംബ തുടര്‍ച്ച തുടങ്ങിയ പരമ്പരാഗത സങ്കല്‍പ്പങ്ങളേക്കാള്‍ വ്യക്തിപരമായ സന്തോഷത്തിനും സ്വയം പ്രകടിപ്പിക്കുന്നതിനും മുന്‍ഗണന നല്‍കുന്ന രീതിയാണ് ആധുനിക ബന്ധങ്ങളില്‍ കണ്ടുവരുന്നത്. ഇത് നിലനിര്‍ത്തുന്നതിനായി ചൈനയിലെ യുവാക്കള്‍ ഇപ്പോഴിതാ പുതിയൊരു ട്രെന്‍ഡിന് തുടക്കം കുറിച്ചിരിക്കുകയാണ്.
'ഫ്രണ്ട്ഷിപ്പ് മാര്യേജ്' അഥവാ സൗഹൃദ വിവാഹം എന്നാണ് ഈ ട്രെന്‍ഡ് അറിയപ്പെടുന്നത്. കമിതാക്കള്‍ തമ്മില്‍ വിവാഹം കഴിക്കുന്നതിനു പകരം രണ്ട് ഉറ്റ സുഹൃത്തുക്കള്‍ തമ്മില്‍ വിവാഹ ജീവിതം തുടങ്ങുന്നതാണ് 'ഫ്രണ്ട്ഷിപ്പ് മാര്യേജ്'. ചൈനയില്‍ ഈ ട്രെന്‍ഡ് ഇപ്പോള്‍ സാധാരണമായികൊണ്ടിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
വിവാഹത്തിന് ശേഷം കുടുംബത്തില്‍ ഉണ്ടായേക്കാവുന്ന സമ്മര്‍ദങ്ങള്‍ ഒഴിവാക്കുന്നതിനും സാമൂഹികമായി നിലനില്‍ക്കുന്ന മുന്‍വിധികള്‍ ഒഴിവാക്കാനും ചൈനീസ് യുവാക്കള്‍ ധാരാളമായി ഈ രീതി തിരഞ്ഞെടുക്കുന്നുണ്ട്. എന്നാല്‍ സൗഹൃദ വിവാഹത്തില്‍ എന്താണ് സംഭവിക്കുന്നത്?
advertisement
പരമ്പരാഗത വിവാഹങ്ങളില്‍ നിന്നും വ്യത്യസ്തമായി സൗഹൃദ വിവാഹങ്ങള്‍ പ്രണയബന്ധങ്ങളെയോ ലൈംഗിക ആകര്‍ഷണത്തെയോ അടിസ്ഥാനമാക്കിയല്ല നടക്കുന്നത്. പരസ്പര വിശ്വാസങ്ങളിലും സൗഹൃദത്തിലും അധിഷ്ഠിതമായാണ് ഇത്തരം വിവാഹങ്ങള്‍ നടക്കുന്നത്. നിയമപരമായി വിവാഹം ചെയ്ത ദമ്പതികള്‍ ഒരുമിച്ച് താമസിക്കുന്നു. പക്ഷേ, ഒരു കിടപ്പുമുറിയില്‍ അല്ല. രണ്ടുപേര്‍ക്കും പ്രത്യേകം കിടപ്പുമുറികള്‍ ഉണ്ടായിരിക്കും. അവര്‍ക്ക് താല്‍പ്പര്യമുണ്ടെങ്കില്‍ മറ്റുള്ളവരുമായി ഡേറ്റ് ചെയ്യാം. കുട്ടികള്‍ വേണമെന്നുണ്ടെങ്കില്‍ കൃത്രിമ ബീജസങ്കലനത്തിലൂടെയോ ദത്തെടുക്കുന്നതിലൂടെയോ അത് സാധിക്കാം.
ഈ ആശയം ആദ്യം അവതരിപ്പിച്ചത് ജപ്പാനിലാണ്. അവിടെ നിരവധി ഏജന്‍സികള്‍ സൗഹൃദ വിവാഹങ്ങള്‍ക്കായി മാച്ച് മേക്കിങ്സേവനം വാഗ്ദാനം ചെയ്യുന്നുണ്ട്. മാത്രമല്ല, പരമ്പരാഗത വിവാഹത്തില്‍ തൃപ്തരല്ലാത്ത അലൈംഗികള്‍, സ്വവര്‍ഗാനുരാഗികള്‍, ഭിന്നലിംഗക്കാര്‍ എന്നിവരുള്‍പ്പെടെയുള്ള നിരവധി ക്ലൈന്റുകള്‍ക്കും സര്‍വീസ് നല്‍കുന്നുണ്ട്. ഏറേകുറേ സമാനമാണ് ചൈനയിലെയും ഈ ട്രെന്‍ഡ്. എന്നാല്‍, കുറച്ചുകൂടി വിവേകപൂര്‍വ്വമാണെന്ന് വേണം കരുതാന്‍.
advertisement
തെക്കുപടിഞ്ഞാറന്‍ ചൈനയിലെ ചോങ്കിംഗില്‍ നിന്നുള്ള മെയ്‌ലന്‍ എന്ന യുവതി നാല് വര്‍ഷം മുമ്പാണ് അവരുടെ ഉറ്റ സുഹൃത്തിനെ വിവാഹം ചെയ്തത്. അന്ന് അവര്‍ക്ക് 20 വയസ്സായിരുന്നു പ്രായം. വിവാഹം രജിസ്റ്റര്‍ ചെയ്‌തെങ്കിലും പരമ്പരാഗത രീതിയില്‍ വിവാഹം കഴിക്കുകയോ സമ്മാനങ്ങള്‍ നല്‍കുകയോ വേണ്ടെന്ന് തീരുമാനിച്ചു. കുട്ടികള്‍ വേണ്ടെന്നും ഇരുവരും സമ്മതിച്ചു.
ഈ വിവാഹത്തിലൂടെ പരസ്പരം ഇരുവരും രക്ഷാകര്‍ത്താക്കളായി കണക്കാക്കുന്നുവെന്നും മെഡിക്കല്‍ അടിയന്തരാവസ്ഥയില്‍ പരസ്പരം തീരുമാനങ്ങള്‍ എടുക്കാന്‍ ഇത് അവരെ അനുവദിക്കുന്നതായും അവര്‍ പറഞ്ഞു. രംണ്ട് മുറികളിലായാണ് രണ്ട് പേരും ഉറങ്ങുന്നത്. ലൈംഗിക ബന്ധമില്ല, വീട്ടില്‍ ഓരോരുത്തരും അവരവരുടെ ഇടം നിലനിര്‍ത്തുന്നു. എന്നാല്‍, വിവാഹപൂര്‍വ്വ കരാറില്‍ ഇരുവരും ഒപ്പുവെച്ചിട്ടുണ്ട്. വീട്ടുചെലവുകള്‍ പങ്കിടല്‍, സ്വത്തിന്റെ ഉടമസ്ഥാവകാശം, അവരുടെ ബന്ധുക്കളെ സന്ദര്‍ശിക്കല്‍ എന്നിവയാണ് ഈ കരാറില്‍ ഉള്‍പ്പെടുന്നത്.
advertisement
ഇതിനുപുറമേ, വിവാഹമോചനത്തെ കുറിച്ചുള്ള പരാമര്‍ശവും കരാറിലുണ്ട്. പങ്കാളികളില്‍ ആരെങ്കിലും യഥാര്‍ത്ഥ സ്‌നേഹം തിരിച്ചറിയുകയും വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുകയും ചെയ്താല്‍ അവര്‍ക്ക് അവരുടെ സൗഹൃദ വിവാഹത്തിലെ പങ്കാളിയില്‍ നിന്നും വിവാഹ മോചനം തേടാം.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
April 29, 2025 5:33 PM IST
മലയാളം വാർത്തകൾ/ വാർത്ത/World/
പ്രണയമില്ല, കുടുംബ പ്രശ്‌നം കുറയ്ക്കാന്‍ അടുത്ത സുഹൃത്തുക്കള്‍ വിവാഹം കഴിക്കും; പുതിയ ട്രെന്‍ഡുമായി ചൈന