ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനും ചിന്തകനായ നോം ചോംസ്‌കിയും തമ്മിൽ അടുത്ത ബന്ധമെന്ന് രേഖകള്‍
- Published by:Sarika N
- news18-malayalam
Last Updated:
നിരവധി പെണ്‍കുട്ടികള്‍ ജെഫ്രി എപ്സ്റ്റീന്റെ രതി വൈകൃതങ്ങള്‍ക്ക് ഇരകളായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്
കൊച്ചുപെണ്‍കുട്ടികളുമായുള്ള ലൈംഗിക കുറ്റകൃത്യ കേസില്‍ വിചാരണ നേരിടവേ ജയിലില്‍വെച്ച് മരിച്ച യുഎസ് കോടീശ്വരന്‍ ജെഫ്രി എപ്സ്റ്റീനും ലോകപ്രശസ്ത ബുദ്ധിജീവി നോം ചോംസ്‌കിയും തമ്മില്‍ വ്യക്തിപരമായി ശക്തമായ ബന്ധമുണ്ടായിരുന്നുവെന്ന് തെളിയിക്കുന്ന കൂടുതല്‍ രേഖകള്‍ പുറത്ത്. പ്രമുഖ അമേരിക്കന്‍ ഭാഷാ പണ്ഡിതനും ചിന്തകനും എഴുത്തുകാരനുമായ നോം ചോംസ്‌കി എപ്സ്റ്റീനുമായി പതിവായി വളരെ അടുത്ത ബന്ധം പുലര്‍ത്തിയിരുന്നുവെന്ന് പുതിയതായി പുറത്തുവന്ന ഇമെയിലുകളും രേഖകളും സൂചിപ്പിക്കുന്നു.
ബാലപീഡന വാര്‍ത്തകളിലൂടെയാണ് എപ്സ്റ്റീന്‍ കുപ്രസിദ്ധി നേടുന്നത്. നിരവധി പെണ്‍കുട്ടികള്‍ ഇയാളുടെ രതി വൈകൃതങ്ങള്‍ക്ക് ഇരകളായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. അമേരിക്കയില്‍ ഏറെ കോളിളക്കം സൃഷ്ടിച്ചതാണ് ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ടുള്ള ലൈംഗിക കുറ്റങ്ങളും തുടര്‍ന്നുള്ള സംഭവങ്ങളും. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികത്തൊഴിലിനു പ്രേരിപ്പിച്ചുവെന്ന കുറ്റത്തിന് എപ്സ്റ്റീന്‍ 2008ല്‍ ശിക്ഷിക്കപ്പെട്ടു. ഇതിനുശേഷവും എപ്സ്റ്റീനും ചോംസ്‌കിയും തമ്മില്‍ ബന്ധം തുടര്‍ന്നിരുന്നതായി രേഖകള്‍ പറയുന്നു.
എപ്സ്റ്റീനുമായുള്ള തന്റെ ബന്ധം അക്കാദമികവും രാഷ്ട്രീയപരവുമായ ചര്‍ച്ചകളില്‍ മാത്രം ഒതുങ്ങുന്നതാണെന്ന് ചോംസ്‌കി നേരത്തെ അവകാശവാദമുന്നയിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ പുറത്തുവന്നിട്ടുള്ള വിവരങ്ങള്‍ ഈ വാദത്തെ കൂടുതല്‍ സങ്കീര്‍ണ്ണമാക്കുന്നതാണ്.
advertisement
ഈ മാസമാദ്യം അമേരിക്കന്‍ നിയമനിര്‍മ്മാതാക്കള്‍ പുറത്തുവിട്ട രേഖകളില്‍ ചോംസ്‌കി എഴുതിയതെന്നു പറയുന്ന ഒരു കത്തും ഉള്‍പ്പെടുന്നു. അതില്‍ എപ്സ്റ്റീനുമായി നടത്തിയ ചര്‍ച്ചകളെ വിലപ്പെട്ട അനുഭവം എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചിരിക്കുന്നത്.
എപ്സ്റ്റീനിന്റെ അറിവിനെയും വിലയിരുത്തലുകളെയും വീക്ഷണങ്ങളെയും പ്രശംസിച്ചുകൊണ്ടുള്ള പരാമര്‍ശങ്ങളും ചോംസ്‌കിയുടെ കത്തില്‍ ഉണ്ടായിരുന്നു. കൂടാതെ പ്രൊഫഷണല്‍ ജേണലുകള്‍ക്ക് കഴിയാത്ത വിധത്തില്‍ ആഗോള സാമ്പത്തിക വ്യവസ്ഥയുടെ സങ്കീര്‍ണതകളെക്കുറിച്ച് അറിവ് പകര്‍ന്നതിന് ചോംസ്‌കി എപ്സ്റ്റീനിനെ അഭിനന്ദിക്കുകയും ചെയ്തിട്ടുണ്ട്.
കൂടാതെ തന്റെ ആദ്യ വിവാഹത്തിന്റെ സാമ്പത്തിക കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന സമയത്ത് എപ്സ്റ്റീനുമായി ബന്ധപ്പെട്ട ഒരു എക്കൗണ്ടില്‍ നിന്നും ഏകദേശം 2,70,000 ഡോളര്‍ ലഭിച്ചതായി ചോംസ്‌കി സമ്മതിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഒരു പൈസ നേരിട്ട് എപ്സ്റ്റീനില്‍ നിന്ന് വാങ്ങിയിട്ടില്ലെന്നാണ് ചോംസ്‌കി തറപ്പിച്ചു പറഞ്ഞിരുന്നത്. എന്നാല്‍ ഈ ഇടപാട് സംബന്ധിച്ച തെളിവുകള്‍ ഇരുവരും തമ്മിലുണ്ടായിരുന്ന ശക്തമായ ബന്ധത്തിന്റെ തെളിവായാണ് കാണുന്നത്.
advertisement
ഇവര്‍ തമ്മിലുള്ള കൂടുതല്‍ വ്യക്തിപരമായ ബന്ധത്തെ കുറിച്ചും ഈ കത്തുകളില്‍ സൂചനയുണ്ട്. 2015ലെ ഒരു ഇമെയിലില്‍ ന്യൂയോര്‍ക്കിലെയും ന്യൂ മെക്‌സിക്കോയിലെയും തന്റെ ആഡംബര വസതികള്‍ ഉപയോഗിക്കാമെന്ന് എപ്സ്റ്റീന്‍ ചോംസ്‌കിയോട് നിര്‍ദ്ദേശിച്ചതായും രേഖകള്‍ പറയുന്നുണ്ട്.
2017ലെ മറ്റൊരു ഇമെയില്‍ ചോംസ്‌കിയുടെ ഭാര്യ വാലെറിയ വാസ്സെമാന്‍ എപ്സ്റ്റീനിനോട് ക്ഷമ ചോദിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ പിറന്നാളിന് സന്ദര്‍ശിക്കാന്‍ കഴിയാത്തതിനാണിത്. ഉടന്‍ തന്നെ ചോംസ്‌കിയും താനും എപ്സ്റ്റീനിനെ കാണുമെന്നും പിറന്നാളിനു വേണ്ടി അന്ന് ആഘോഷിക്കാമെന്നും അവര്‍ പറയുന്നുണ്ട്. എപ്സ്റ്റീനിന് ശിക്ഷ വിധിച്ച് ഏതാണ്ട് ഒരു പതിറ്റാണ്ടിനുശേഷമാണ് ഈ ആശയവിനിമയം നടന്നിട്ടുള്ളത്. അവരുടെ ബന്ധത്തിന്റെ ദൈര്‍ഘ്യവും അടുപ്പവും ഇത് വ്യക്തമാക്കുന്നു.
advertisement
സമൂഹത്തില്‍ വലിയ സ്വാധീനമുള്ള നിരവധി ആളുകളുമായി എപ്സ്റ്റീന്‍ ബന്ധം പുലര്‍ത്തിയിരുന്നുവെന്ന് രേഖകള്‍ വെളിപ്പെടുത്തുന്നുണ്ട്. ഇതില്‍ അക്കാദമിക്, രാഷ്ട്രീയം, ബിസിനസ് തുടങ്ങിയ മേഖലകളിലെ പ്രമുഖരും ഉള്‍പ്പെടുന്നു. ഹാര്‍വാര്‍ഡ് സര്‍വകലാശാലയുടെ മുന്‍ പ്രസിഡന്റായിരുന്ന ലാറി സമ്മേഴ്‌സ് എപ്സ്റ്റീനുമായുള്ള തന്റെ ഇമെയില്‍ ആശയവിനിമയങ്ങള്‍ പുറത്തുവന്നതിനെത്തുടര്‍ന്ന് അടുത്തിടെ അധ്യാപന പദവി ഒഴിഞ്ഞിരുന്നു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
November 24, 2025 11:46 AM IST
മലയാളം വാർത്തകൾ/ വാർത്ത/World/
ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനും ചിന്തകനായ നോം ചോംസ്‌കിയും തമ്മിൽ അടുത്ത ബന്ധമെന്ന് രേഖകള്‍


