• HOME
  • »
  • NEWS
  • »
  • world
  • »
  • COVID-19 | കോവിഡ് കേസുകൾ കുത്തനെ ഉയരുന്നു: ചൈനയിൽ വീണ്ടും ലോക്ക്ഡൗൺ

COVID-19 | കോവിഡ് കേസുകൾ കുത്തനെ ഉയരുന്നു: ചൈനയിൽ വീണ്ടും ലോക്ക്ഡൗൺ

ഉത്തര ചൈനയിലെ ഷാൻസി പ്രവിശ്യയിലുള്ള ഫെൻയാംഗ് നഗരത്തിലാണ് തിങ്കളാഴ്ച മുതൽ ലോക്ക്ഡൗൺ നടപ്പിലാക്കി തുടങ്ങിയത്.

  • Share this:
കോവിഡ് ആശങ്കയെ തുടർന്ന് ചൈനയിൽ വീണ്ടും ലോക്ക്ഡൗൺ നടപ്പാക്കി. ഒരാഴ്ച നീണ്ടു നിന്ന അവധിക്കാലത്തിന് ശേഷം ഓരോ ദിവസവും റിപ്പോർട്ട് ചെയ്യുന്ന കോവിഡ്-19 കേസുകളുടെ എണ്ണം മൂന്നിരട്ടിയായി വർദ്ധിച്ചതിനെ തുടർന്നാണ് വിവിധ നഗരങ്ങൾ അടച്ചിടലിലേക്ക് നീങ്ങിയത്.

ഉത്തര ചൈനയിലെ ഷാൻസി പ്രവിശ്യയിലുള്ള ഫെൻയാംഗ് നഗരത്തിലാണ് തിങ്കളാഴ്ച മുതൽ ലോക്ക്ഡൗൺ നടപ്പിലാക്കി തുടങ്ങിയത്. നഗരത്തിലുടനീളം കഴിഞ്ഞ ദിവസം നടത്തിയ പ്രാഥമിക പരിശോധനയിൽ പോസിറ്റീവ് കേസുകൾ കണ്ടെത്തിയതിനാലാണ് നടപടിയെന്ന് സർക്കാർ മാധ്യമമായ സിസിടിവി റിപ്പോർട്ട് ചെയ്തു.

അടുത്ത് തന്നെയുള്ള ഇന്നർ മംഗോളിയ പ്രദേശവും തലസ്ഥാനമായ ഹോഹോട്ട് നഗരത്തിലേക്ക് ചൊവ്വാഴ്ച മുതൽ പുറത്തു നിന്നുള്ള ആളുകളെയും വാഹനങ്ങളെയും കടത്തി വിടില്ലെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. 12 ദിവസത്തിനുള്ളിൽ ഈ നഗരത്തിൽ ഏതാണ്ട് 2000ത്തിൽ അധികം കൊറോണ കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

കോവിഡ് പടരാതിരിക്കാൻ ഇപ്പോഴും കടുത്ത നടപടികൾ കൈക്കൊള്ളുന്ന ലോകത്തെ ഏതാനും രാജ്യങ്ങളിൽ ഒന്നാണ് ചൈന. ഞായറാഴ്ചയാണ് അഞ്ച് വർഷത്തിൽ ഒരിക്കൽ നടക്കുന്ന ചൈനയിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പാർട്ടി കോൺഗ്രസ് ആരംഭിക്കാൻ പോകുന്നത്. ഇതിന് മുന്നോടിയായി ലോകത്തിനു മുൻപിൽ രാജ്യത്തെ കുറിച്ചുള്ള നല്ല ചിത്രം വരച്ചു കാട്ടാനുള്ള ശ്രമത്തിലാണ് വർഷങ്ങളായി ചൈന ഭരിക്കുന്ന കമ്മ്യൂണിസ്റ്റ് പാർട്ടി എന്നാണ് കരുതപ്പെടുന്നത്.

ഒക്ടോബർ 1-ന് തുടങ്ങിയ ദേശീയ ദിനത്തിൻ്റെ ഭാഗമായുള്ള അവധി മുതൽ തന്നെ യാത്രാനിരോധനം നിലവിലുണ്ടായിരുന്നു. പാർട്ടി കോൺഗ്രസിനിടയിൽ കോവിഡ് പൊട്ടിപ്പുറപ്പെടുന്ന സാഹചര്യം ഒഴിവാക്കാൻ വേണ്ടിയുള്ള നടപടിയായിരുന്നു ഇത്. എന്നാൽ ഇത് സാമ്പത്തിക മേഖലയെ ദോഷകരമായി ബാധിച്ചിട്ടുണ്ട്. പ്രത്യേകിച്ച് ചെറുകിട കച്ചവടക്കാർക്കും താൽക്കാലിക ജോലികൾ ചെയ്യുന്നവർക്കുമാണ് തീരുമാനം ഇരുട്ടടിയായി മാറിയത്. സമ്മേളനത്തിന് ശേഷം കോവിഡ് നയത്തിൽ മാറ്റം വരുമെന്നാണ് ചൈനയിലെ ജനങ്ങൾ കരുതുന്നത്.

Also read : 'റഷ്യൻ സൈന്യത്തിലെ ഏറ്റവും വലിയ ക്രൂരൻ'; ആരാണ് യുക്രൈനിൽ റഷ്യ നിയമിച്ച സൈനിക മേധാവി സെർജി സുറോവിക്ക്?

രാജ്യത്തുടനീളം കൊറോണ പൊട്ടിപ്പുറപ്പെടുന്ന സാഹചര്യം ഈ വർഷവും ഉണ്ടായിരുന്നു. ഇന്നർ മംഗോളിയയിലും ഷാംഗ്ഹായിലുമാണ് ഇത് ഏറ്റവും കൂടുതൽ അനുഭവപ്പെട്ടത്. ഈ രണ്ടു പ്രദേശങ്ങളിലും ഈ വർഷം തുടക്കത്തിൽ ഏറെക്കാലം ലോക്ക്ഡൗൺ നടപ്പാക്കിയിരുന്നു. രാജ്യ തലസ്ഥാനമായ ബീജിംഗിൽ എണ്ണം കുറവാണെങ്കിലും റിപ്പോർട്ട് ചെയ്യുന്ന കൊറോണ കേസുകളുടെ എണ്ണം കൂടിവരുന്ന സ്ഥിതി ഉണ്ടായിരുന്നു. ഷാംഗ്ഹായിലെ രണ്ട് ജില്ലകളിൽ സിനിമാ ശാലകളും മറ്റ് വിനോദ കേന്ദ്രങ്ങളും കൊറോണാ ഭീതി കാരണം അടച്ചിട്ടിരുന്നു.

ആഴ്ചയിലെ വിവിധ ദിവസങ്ങളിൽ സൗജന്യ കൊറോണാ പരിശോധനയ്ക്കായി വിവിധ പരിശോധനാ കേന്ദ്രങ്ങൾക്കു മുന്നിൽ ആളുകൾ നീണ്ട ക്യൂ നിൽക്കുന്നത് പല ചൈനീസ് നഗരങ്ങളിലെയും പതിവ് കാഴ്ചയാണ്. പല നഗരങ്ങളും ഇപ്പോഴും നെഗറ്റീവ് റിസൾട്ട് ഉള്ള പരിശോധനാ സർട്ടിഫിക്കറ്റ് ആവശ്യപ്പെടുന്നുണ്ട്. ബീജിംഗിലെയും മറ്റ് നഗരങ്ങളിലെയും പാർക്കുകൾ, ഓഫീസ് കെട്ടിടങ്ങൾ, കടകൾ, മറ്റ് പൊതു സ്ഥലങ്ങൾ എന്നിവിടങ്ങളിൽ പ്രവേശിക്കാൻ ഇപ്പോഴും 72 മണിക്കൂറിനുള്ളിൽ ഏടുത്ത കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ആവശ്യമാണ്.
Published by:Amal Surendran
First published: