• HOME
 • »
 • NEWS
 • »
 • world
 • »
 • 'റഷ്യൻ സൈന്യത്തിലെ ഏറ്റവും വലിയ ക്രൂരൻ'; ആരാണ് യുക്രൈനിൽ റഷ്യ നിയമിച്ച സൈനിക മേധാവി സെർജി സുറോവിക്ക്?

'റഷ്യൻ സൈന്യത്തിലെ ഏറ്റവും വലിയ ക്രൂരൻ'; ആരാണ് യുക്രൈനിൽ റഷ്യ നിയമിച്ച സൈനിക മേധാവി സെർജി സുറോവിക്ക്?

സിറിയയിലെ ആലപ്പോയുടെ ഭൂരിഭാഗവും നശിപ്പിച്ച ക്രൂരമായ ബോംബാക്രമണത്തിന് ഉത്തരവിട്ടതും സെർജി സുറോവികിൻ ആയിരുന്നു.

 • Share this:
  യുക്രൈനിൽ പുതിയ സൈനിക മേധാവിയെ നിയമിച്ചിരിക്കുകയാണ് റഷ്യ. നീണ്ട ഇടവേളയ്ക്ക് ശേഷം കീവിൽ റഷ്യ മിസൈൽ ആക്രമണവും നടത്തിയിരിക്കുകയാണ്. ആക്രമണത്തിൽ ഇതുവരെ എട്ടുപേർ കൊല്ലപ്പെട്ടെന്നാണ് റിപ്പോർട്ട്. ഈ പശ്ചാത്തലത്തിൽ പുതിയതായി നിയമിതനായ സൈനിക ജനറൽ സെർജി സുറോവിക്കിനെക്കുറിച്ചും ചർച്ചകൾ ഉയർന്നു വരികയാണ്.

  യുക്രൈനിൽ ഇടയ്ക്കിടെ റഷ്യ നേരിടുന്ന തിരിച്ചടികൾ മറികടക്കാനും റഷ്യൻ അധിനിവേശത്തിന് മേൽനോട്ടം വഹിക്കാനുമാണ് പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ ജനറൽ സെർജി സുറോവിക്കിനെ സൈനിക മേധാവിയായി നിയമിച്ചത്. ആഴ്ചകൾക്കിടെ ഉക്രെയ്നിന്റെ വടക്കുകിഴക്കും തെക്കും റഷ്യയ്ക്ക് നഷ്ടമാവുകയും വലിയ തിരിച്ചടി നേരിടേണ്ടി വരികയും ചെയ്തിരുന്നു. ഇതിനു പിന്നാലെയായിരുന്നു സെർജി സുറോവികിന്റെ നിയമനം.

  1966 ൽ സൈബീരിയൻ നഗരമായ നോവോസിബിർസ്‌കിൽ ആണ് സെർജി സുറോവികിന്റെ ജനനം. റഷ്യയുടെ തെക്കൻ സൈനിക ഗ്രൂപ്പിന്റെ തലവനായി അടുത്തിടെയാണ് അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടത്. റഷ്യയുടെ ഹീറോ എന്ന് വിശേഷിപ്പിക്കപ്പെട്ട സുറോവികിൻ, 2017 ൽ സിറിയയിലെ തന്റെ സേവനത്തിന് മെഡൽ കരസ്ഥമാക്കി. എയ്‌റോസ്‌പേസ് ഫോഴ്‌സിന്റെ കമാൻഡറായി സിറിയയിൽ അദ്ദേഹം റഷ്യൻ സൈന്യത്തിന് നേതൃത്വം നൽകി.

  സിറിയയിലെ ആലപ്പോയുടെ ഭൂരിഭാഗവും നശിപ്പിച്ച ക്രൂരമായ ബോംബാക്രമണത്തിന് ഉത്തരവിട്ടതും സെർജി സുറോവികിൻ ആയിരുന്നു. നിയമലംഘനങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുക്കുന്ന കമാൻഡർമാരിൽ ഒരാളായി ആണ് ഹ്യൂമൻ റൈറ്റ്‌സ് വാച്ച് അദ്ദേഹത്തെ 2020 ഒക്ടോബറിലെ റിപ്പോർട്ടിൽ വിശേഷിപ്പത്. 2019-2020 കാലഘട്ടത്തിൽ സിറിയയിലെ ഇദ്‌ലിബ് പ്രവിശ്യയിൽ നടന്ന ആക്രമണത്തിനിടെ ആയിരുന്നു ഇത്. വീടുകൾ, സ്‌കൂളുകൾ, ആരോഗ്യ സംരക്ഷണ കേന്ദ്രങ്ങൾ, മാർക്കറ്റുകൾ, ആളുകൾ താമസിക്കുന്നതും ജോലി ചെയ്യുന്നതും പഠിക്കുന്നതുമായ സ്ഥലങ്ങൾ എന്നിവയുൾപ്പെടെ ആളുകൾക്കും അടിസ്ഥാന സൗകര്യങ്ങൾക്കും നേരെയുള്ള ഡസൻ കണക്കിന് വ്യോമ ഭീകര ആക്രമണങ്ങൾക്ക് അദ്ദേഹം നിർദേശം നൽകിയിരുന്നു എന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

  Also read : ഇറാനിൽ ഹിജാബ് വിരുദ്ധ പ്രക്ഷോഭകരെ വേട്ടയാടി ഭരണകൂടം; നടുറോഡിൽ പ്രതിഷേധക്കാര്‍ക്ക് നേരെ വെടിവയ്പ്

  യുക്രെയ്‌നിലെ സമീപകാല പോരാട്ടങ്ങൾക്കും ജനറൽ മേൽനോട്ടം വഹിച്ചതായാണ് ഗാർഡിയന്റെ റിപ്പോർട്ടിൽ പറയുന്നത്. 'റഷ്യൻ സൈന്യത്തിലെ ഏറ്റവും വലിയ ക്രൂരൻ' എന്നാണ് അമേരിക്കയിലെ ജെയിംസ്‌ടൗൺ ഫൗണ്ടേഷന്റെ റിപ്പോർട്ടിൽ സെർജി സുറോവികിനെ വിശേഷിപ്പിക്കുന്നത്.

  ''കീവിൽ സംഭവിച്ചതിനെക്കുറിച്ച് എനിക്ക് അത്ഭുതം തോന്നുന്നില്ല. സുറോവികിൻ മനുഷ്യജീവനെ കാര്യമായി പരിഗണിക്കുന്ന ഒരാളല്ല. അയാളുടെ കൈകളിൽ യുക്രൈൻകാരുടെ രക്തം പുരളുമെന്ന് ഞാൻ ഭയപ്പെടുന്നു'', സുറോവിക്കിനൊപ്പം പ്രവർത്തിച്ച മുൻ പ്രതിരോധ മന്ത്രാലയ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഗാർഡിയൻ പറയുന്നു.

  2004-ൽ, അദ്ദേഹത്തിന്റെ കീഴിൽ സേവനമനുഷ്ഠിച്ച ഒരു കേണൽ സുറോവിക്കിന്റെ കടുത്ത ശാസനയെത്തുടർന്ന് ആത്മഹത്യ ചെയ്തുവെന്നും റഷ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

  അതേസമയം ജനറൽ സെർജി സുറോവിനെ സൈനിക മേധാവിയാക്കി പുടിൻ തിരികെ കൊണ്ടുവന്നിരിക്കുന്നത് യുക്രെയ്‌നെതിരായ ആക്രമണം കടുപ്പിക്കുന്നതിന്റെ നടപടിയായാണ് പലരും വിലയിരുത്തുന്നത്. ഇതിന് പിന്നാലെയാണ് ഇപ്പോൾ കീവിൽ റഷ്യ ആക്രമണം നടത്തിയിരിക്കുന്നത്. കീവ് ഉൾപ്പെടെ വിവിധ നഗരങ്ങളിലായി 75 മിസൈൽ പതിച്ചതായാണ് റിപ്പോർട്ട്.
  Published by:Amal Surendran
  First published: