ഡൊണാൾഡ് ട്രംപിനെതിരെ ക്രിമിനൽ കുറ്റം ചുമത്തിയത് എന്തുകൊണ്ട്? എന്താണ് പോൺ താരത്തിന് പണം നൽകിയ കേസ്?
- Published by:user_57
- news18-malayalam
Last Updated:
ക്രിമിനൽ കുറ്റം നേരിടുന്ന ആദ്യത്തെ മുൻ യുഎസ് പ്രസിഡന്റാണ് ട്രംപ്
2016 ലെ പ്രസിഡൻഷ്യൽ ക്യാംപെയ്നുമായി ബന്ധപ്പെട്ട് പോൺ താരത്തിന് പണം നൽകിയ കേസിൽ മുൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരെ (Donald Trump) ന്യൂയോര്‍ക്കിലെ കോടതി ക്രിമിനൽ കുറ്റം ചുമത്തി. ക്രിമിനൽ കുറ്റം നേരിടുന്ന ആദ്യത്തെ മുൻ യുഎസ് പ്രസിഡന്റാണ് ട്രംപ്. വിചാരണയ്ക്കായി ട്രംപ് ചൊവ്വാഴ്ച കോടതിയിൽ ഹാജരാകുമെന്നാണ് റിപ്പോർട്ടുകൾ. മാൻഹട്ടൻ കോടതിയിൽ ബിസിനസ് തട്ടിപ്പുമായി ബന്ധപ്പെട്ട മുപ്പതിലധികം കേസുകൾ ട്രംപിന്റെ പേരിലുണ്ട്.
ട്രംപിനെതിരെ ക്രിമിനൽ കുറ്റം ചുമത്തിയത് എന്തുകൊണ്ട്?
സ്റ്റോമി ഡാനിയൽസ് എന്ന പോൺ താരത്തിന് 2016 ലെ പ്രസിഡൻഷ്യൽ ക്യാംപെയ്നുമായി ബന്ധപ്പെട്ട് പണം നൽകിയതിനാണ് ന്യൂയോർക്കിലെ ഗ്രാൻഡ് ജൂറി ഡൊണാൾഡ് ട്രംപിനെതിരെ കുറ്റം ചുമത്തിയത്. സ്റ്റോമി ഡാനിയലുമായി ബന്ധം പുലർത്തിയിരുന്നതായും 2016ലെ തെരഞ്ഞെടുപ്പ് സമയത്ത് ഇക്കാര്യം പുറത്ത് പറയാതിരിക്കാനായി പ്രചാരണ ഫണ്ടില്‍ നിന്ന് 130,000 ഡോളര്‍ നല്‍കി എന്നുമാണ് കേസ്. ട്രംപിനെതിരെ ലൈംഗീകാരോപണമുന്നയിച്ച് സ്‌റ്റോമി ഡാനിയല്‍സ് നേരത്തേ രംഗത്തെത്തിയിരുന്നു. തിരഞ്ഞെടുപ്പിനു മുന്‍പ് ഇത് ഒത്തുതീര്‍ക്കാന്‍ വേണ്ടിയാണ് പണം കൈമാറിയതെന്നായിരുന്നു കേസ്.
advertisement
Also read: എട്ടു വയസുള്ള മംഗോളിയൻ ബാലനെ ബുദ്ധമതത്തിലെ മൂന്നാമത്തെ ഉന്നത നേതാവായി തിരഞ്ഞെടുത്ത് ദലൈലാമ
സ്റ്റെഫാനി ക്ലിഫോർഡ് എന്നാണ് ഈ പോൺ താരത്തിന്റെ യഥാർത്ഥ പേര്. ട്രംപിന്റെ അഭിഭാഷകൻ മൈക്കൽ കോഹനാണ് പണം നൽകിയത്. അമേരിക്കൻ മാധ്യമങ്ങൾ ഇക്കാര്യം കണ്ടെത്തുകയും വാർത്ത പ്രസിദ്ധീകരിക്കുകയും ചെയ്തതിനു പിന്നാലെ നികുതി നിയമങ്ങൾ ലംഘിച്ചതിനും, ബാങ്ക് തട്ടിപ്പ് നടത്തിയതിനും ഫെഡറൽ കാമ്പെയ്‌ൻ നിയമങ്ങൾ ലംഘിച്ചതിനും കോഹൻ 2018-ൽ കുറ്റം സമ്മതിച്ചു. താൻ സ്റ്റോമി ഡാനിയൽസിനു നൽകിയ പണം ട്രംപ് ഓർഗനൈസേഷൻ തിരികെ നൽകിയതായും കോഹൻ തുറന്നു പറഞ്ഞു. ഇത് തിരഞ്ഞെടുപ്പ് നിയമങ്ങളുടെ ലംഘനമാണെന്നായിരുന്നു പ്രോസിക്യൂഷന്റെ വിധി.
advertisement
ട്രംപിന്റെ പ്രതികരണം
കോടതി വിധിക്കെതിരെ ട്രംപ് രംഗത്തെത്തിക്കഴിഞ്ഞു. തനിക്കെതിരെയുള്ള കുറ്റം നിഷേധിച്ച ട്രംപ് ഇതിനെ ‘രാഷ്ട്രീയ പീഡനം’ എന്നാണ് വിശേഷിപ്പിച്ചത്. ട്രംപ് ഒരു കുറ്റവും ചെയ്തിട്ടില്ലെന്നും ഇതിനെതിരെ മേൽക്കോടതിയെ സമീപിക്കുമെന്നും അദ്ദേഹത്തിന്റെ അഭിഭാഷകരായ സൂസൻ നെച്ചെലസും ജോസഫ് ടാകോപിനയും അറിയിച്ചു.
2024-ലെ ട്രംപിന്റെ തിരഞ്ഞെടുപ്പു സാധ്യതകൾക്ക് മങ്ങലേൽക്കുമോ?
2024-ലെ അമേരിക്കൻ തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയാകാനുള്ള തയ്യാറെടുപ്പിലാണ് ട്രംപ്. ശനിയാഴ്ച ടെക്സാസിൽ അടുത്ത വർഷത്തേക്കുള്ള തന്റെ ആദ്യത്തെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചാരണ റാലി അദ്ദേഹം നടത്തിക്കഴിഞ്ഞു. ആയിരക്കണക്കിന് അനുയായികളെയാണ് ടെക്സാസിൽ ട്രംപ് അഭിസംബോധന ചെയ്തത്. പുതിയ സംഭവവികാസങ്ങൾ അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പ് സാധ്യതകൾക്ക് മങ്ങലേൽപ്പിക്കുമോ എന്ന് ഇപ്പോൾ പറയാനാകില്ല. ട്രംപിന്റെ വിമർശകരും എതിരാളികളും ഒരുപോലെ ഈ കേസിന്റെ നിയമ വശങ്ങളെക്കുറിച്ച് സംശയം പ്രകടിപ്പിക്കുന്നുണ്ട്. ട്രംപ് ഈ കേസിൽ നിന്നും കുറ്റവിമുക്തനാക്കപ്പെട്ടാൽ ഭാവിയിൽ ഇത്തരം ഏതൊരു കുറ്റാരോപണവും കേവലം രാഷ്ട്രീയ വേട്ടയാടൽ ആയി മുദ്ര കുത്തപ്പെടുമെന്നും വിമർശകർ പറയുന്നു.
advertisement
റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രതികരണം
കേസ് രാഷ്ട്രീയ ഗൂഢാലോചനയാണെന്നും 2024 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ ട്രംപിന്റെ സാധ്യതകൾ ഇല്ലാതാക്കാനുള്ള ശ്രമമാണെന്നുമാണ് റിപബ്ലിക്കൻ പാർട്ടിയുടെ പ്രതികരണം. പാർട്ടിയിലെ ട്രംപിന്റെ പ്രധാന എതിരാളിയായ ഫ്ലോറിഡ ഗവർണർ റോൺ ഡിസന്റിസ് ‘അൺ അമേരിക്കൻ’ എന്നാണ് വിധിയെ വിശേഷിപ്പിച്ചത്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
March 31, 2023 12:11 PM IST
മലയാളം വാർത്തകൾ/ വാർത്ത/World/
ഡൊണാൾഡ് ട്രംപിനെതിരെ ക്രിമിനൽ കുറ്റം ചുമത്തിയത് എന്തുകൊണ്ട്? എന്താണ് പോൺ താരത്തിന് പണം നൽകിയ കേസ്?