ബസ് ഡ്രൈവറിൽ നിന്ന് വെനസ്വലയുടെ പ്രസിഡന്റ് പദവിയിൽ; നിക്കോളാസ് മഡുറോ സായി ബാബയുടെ അനുയായി
- Published by:Nandu Krishnan
- news18-malayalam
Last Updated:
രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ക്കിടയിലും മഡുറോയെ മുന്നോട്ട് നയിക്കുന്നത് തികച്ചും വ്യത്യസ്തമായ ചില ആത്മീയ–രാഷ്ട്രീയ വിശ്വാസങ്ങളാണെന്ന് അദ്ദേഹത്തിന്റെ ജീവിതം സൂചിപ്പിക്കുന്നു
വെനസ്വലയില്‍ പുതുവര്‍ഷം പിറന്നത് സ്‌ഫോടനശബ്ദം കേട്ടുകൊണ്ടാണ്. അതീവ ഗുരുതരമായ സാഹചര്യത്തിലാണ് വെനസ്വേല എത്തിനില്‍ക്കുന്നത്. അമേരിക്കയുടെ കടുത്ത സാമ്പത്തിക ഉപരോധങ്ങളും കരീബിയന്‍ കടലിലെ സൈനിക നീക്കങ്ങളും രാജ്യത്തെ വരിഞ്ഞുമുറുക്കുമ്പോഴും, നിക്കോളാസ് മഡുറോ എന്ന ഭരണാധികാരി തന്റെ അധികാരം നിലനിര്‍ത്തുന്നത് ലോകത്തെ വിസ്മയിപ്പിക്കുന്ന കാഴ്ചയാണ്.
മഡുറോയെ പിടികൂടാന്‍ അമേരിക്ക കോടികള്‍ പാരിതോഷികം പ്രഖ്യാപിച്ചതും, ഡ്രോണ്‍ ആക്രമണ ശ്രമങ്ങളുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ വെനസ്വേലന്‍ ഭരണകൂടം ഉന്നയിക്കുന്നതും ഈ ഏറ്റുമുട്ടലിന്റെ തീവ്രത കൂട്ടുന്നു. എന്നാല്‍, ഈ രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ക്കിടയിലും മഡുറോയെ മുന്നോട്ട് നയിക്കുന്നത് തികച്ചും വ്യത്യസ്തമായ ചില ആത്മീയ–രാഷ്ട്രീയ വിശ്വാസങ്ങളാണെന്ന് അദ്ദേഹത്തിന്റെ ജീവിതം സൂചിപ്പിക്കുന്നു.
ആത്മീയ പാതയും സായി ഭക്തിയും
ഒരു കടുത്ത സോഷ്യലിസ്റ്റ് വിപ്ലവകാരി എന്നതിനപ്പുറം നിക്കോളാസ് മഡുറോ അറിയപ്പെടുന്നത് പുട്ടപര്‍ത്തിയിലെ ശ്രീ സത്യസായി ബാബയുടെ കടുത്ത അനുയായി എന്ന നിലയിലാണ്. ബാബയുടെ ദര്‍ശനങ്ങളായ 'സ്‌നേഹം, സേവനം, സമാധാനം' എന്നിവ തന്റെ ജീവിതത്തിന്റെ ഭാഗമാണെന്ന് അദ്ദേഹം വിശ്വസിക്കുന്നു. 2005ല്‍ ഭാര്യ സിലിയ ഫ്‌ലോറസിനൊപ്പം പുട്ടപര്‍ത്തിയില്‍ നേരിട്ടെത്തി ബാബയുടെ അനുഗ്രഹം വാങ്ങിയത് അദ്ദേഹത്തിന്റെ ജീവിതത്തിലെ വലിയൊരു വഴിത്തിരിവായിരുന്നു. ഇന്നും അദ്ദേഹത്തിന്റെ ഓഫീസില്‍ സായി ബാബയുടെ വലിയൊരു ഛായാചിത്രം കാണാം. 2025 നവംബറില്‍ ബാബയുടെ നൂറാം ജന്മദിനത്തോടനുബന്ധിച്ച് അദ്ദേഹം നടത്തിയ വികാരനിര്‍ഭരമായ അനുസ്മരണം, തന്റെ ആത്മീയ വേരുകള്‍ ഭാരതത്തിലാണെന്ന് ലോകത്തോട് വിളിച്ചുപറയുന്നതായിരുന്നു. ഈ ആത്മീയ വിശ്വാസമാണ് കടുത്ത അന്താരാഷ്ട്ര സമ്മര്‍ദ്ദങ്ങള്‍ക്കിടയിലും അദ്ദേഹത്തിന് മനക്കരുത്ത് നല്‍കുന്നത് എന്നുവേണമെങ്കില്‍ പറയാം.
advertisement
ബസ് സ്റ്റിയറിംഗില്‍ നിന്ന് രാജ്യത്തിന്റെ തലപ്പത്തേക്ക്
മഡുറോയുടെ രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത് കാരക്കാസിലെ തെരുവുകളില്‍ ഒരു ബസ് ഡ്രൈവറായാണ്. ഒരു സാധാരണ തൊഴിലാളിയായി ജോലി ചെയ്യുമ്പോഴും തൊഴിലാളികളുടെ അവകാശങ്ങള്‍ക്കായി ശബ്ദമുയര്‍ത്താന്‍ അദ്ദേഹം മറന്നില്ല. മെട്രോ ബസ് ഡ്രൈവര്‍മാരുടെ യൂണിയന്‍ നേതാവായി വളര്‍ന്ന അദ്ദേഹം, അടിച്ചമര്‍ത്തപ്പെട്ടവരുടെ പ്രതിനിധിയായാണ് രാഷ്ട്രീയത്തിലേക്ക് എത്തിയത്. 1992ല്‍ ഹ്യൂഗോ ഷാവേസ് നടത്തിയ വിപ്ലവ ശ്രമങ്ങള്‍ക്ക് ശേഷം അദ്ദേഹം ജയിലിലായപ്പോള്‍, ഷാവേസിന്റെ മോചനത്തിനായി തെരുവില്‍ പോരാടിയത് മഡുറോയായിരുന്നു. 2002ല്‍ ഹ്യൂഗോ ഷാവേസിനെ പുറത്താക്കാന്‍ അമേരിക്കയുടെ പിന്തുണയോടെ നടന്ന അട്ടിമറി ശ്രമത്തെ പരാജയപ്പെടുത്തുന്നതില്‍ മഡുറോ നിര്‍ണ്ണായക പങ്ക് വഹിച്ചു. അന്ന് ജനങ്ങളെ സംഘടിപ്പിക്കാനും ഷാവേസിനെ തിരികെ അധികാരത്തില്‍ എത്തിക്കാനും അദ്ദേഹം മുന്‍പന്തിയിലുണ്ടായിരുന്നു. ഈ വിശ്വസ്തതയാണ് ഷാവേസിന്റെ ഏറ്റവും അടുത്ത ആളായി മാറാന്‍ അദ്ദേഹത്തെ സഹായിച്ചത് ഷാവേസിന്റെ വിശ്വസ്തനായി മാറിയ അദ്ദേഹം പിന്നീട് വിദേശകാര്യ മന്ത്രിയായും വൈസ് പ്രസിഡന്റായും സേവനമനുഷ്ഠിച്ചു. 2013ല്‍ ഷാവേസിന്റെ മരണശേഷം വെനസ്വേലയുടെ പ്രസിഡന്റ് പദവിയിലേക്ക് അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു.
advertisement
അമേരിക്കന്‍ ആക്രമണങ്ങളും നിലവിലെ രാഷ്ട്രീയ കരുത്തും
അമേരിക്കയുടെ നേതൃത്വത്തിലുള്ള സാമ്രാജ്യത്വ ശക്തികള്‍ക്കെതിരെയുള്ള പോരാട്ടമാണ് മഡുറോയുടെ രാഷ്ട്രീയത്തിന്റെ കാതല്‍. വെനസ്വേലയുടെ എണ്ണസമ്പത്തിന് മേലുള്ള വിദേശാധിപത്യത്തെ അദ്ദേഹം ശക്തമായി എതിര്‍ക്കുന്നു. നിലവില്‍ 2026ല്‍, രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാണെങ്കിലും സൈന്യത്തിന്റെയും വലിയൊരു വിഭാഗം തൊഴിലാളി വര്‍ഗത്തിന്റെയും പിന്തുണ അദ്ദേഹത്തിനുണ്ട്.അമേരിക്കന്‍ സമ്മര്‍ദ്ദങ്ങളെ ചെറുക്കാന്‍ റഷ്യയും ചൈനയും പോലുള്ള രാജ്യങ്ങളുമായി സഖ്യങ്ങള്‍ ഊട്ടിയുറപ്പിക്കുന്നതോടൊപ്പം, ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളുമായി നയതന്ത്ര ബന്ധങ്ങള്‍ നിലനിര്‍ത്താനും അദ്ദേഹം ശ്രമിക്കുന്നു. തന്റെ ഭരണത്തിന് എതിരെ നില്‍ക്കുന്നവരെ 'സാമ്രാജ്യത്വത്തിന്റെ ചാരന്മാര്‍' എന്നായി വിശേഷിപ്പിക്കുന്ന മഡുറോ, വെനസ്വേലയുടെ പരമാധികാരം സംരക്ഷിക്കാനുള്ള ആത്മീയവും രാഷ്ട്രീയവുമായ പോരാട്ടം തുടരുകയാണെന്ന് അദ്ദേഹത്തിന്റെ അനുയായികള്‍ അവകാശപ്പെടുന്നു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
Jan 03, 2026 3:19 PM IST
മലയാളം വാർത്തകൾ/ വാർത്ത/World/
ബസ് ഡ്രൈവറിൽ നിന്ന് വെനസ്വലയുടെ പ്രസിഡന്റ് പദവിയിൽ; നിക്കോളാസ് മഡുറോ സായി ബാബയുടെ അനുയായി










