ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രിക്കെതിരെ മത്സരിക്കാന്‍ പത്തനംതിട്ടയില്‍ വേരുകളുള്ള ഹന്ന

Last Updated:

ഓസ്ട്രേലിയൻ പ്രധാനമന്ത്രി അന്റോണി ആല്‍ബനീസിനെതിരെയാണ് 30കാരിയായ ഹന്ന തോമസ് മത്സരിക്കുന്നത്.

News18
News18
ഓസ്‌ട്രേലിയന്‍ ഫെഡറല്‍ തിരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി അന്റോണി ആല്‍ബനീസിനെതിരെ അങ്കത്തിനൊരുങ്ങി കേരളത്തിലെ പത്തനംതിട്ട ജില്ലയില്‍ പൂര്‍വിക വേരുകളുള്ള ഹന്ന തോമസ്. മേയ് മൂന്നിനാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. അന്റോണി ആല്‍ബനീസിനെതിരെ ഗ്രേയ്ന്‍ഡ്‌ലര്‍ മണ്ഡലത്തില്‍ നിന്നാണ് ഹന്നയും മത്സരിക്കുന്നത്. ഗ്രീന്‍സ് പാര്‍ട്ടി ടിക്കറ്റിലാണ് ഹന്ന സ്ഥാനാര്‍ത്ഥിയായി എത്തിയിരിക്കുന്നത്.
സിഡ്‌നിക്കടുത്തുള്ള ഇന്നര്‍ വെസ്റ്റ് മേഖലയിലാണ് ഗ്രേയ്ന്‍ഡ്‌ലര്‍ മണ്ഡലം. 1996 മുതല്‍ ആല്‍ബനീസിന്റെ ഉറച്ച സീറ്റാണ് ഇത്. 62-കാരനായ ആല്‍ബനീസിനെതിരെ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനിറങ്ങുന്ന ഹന്ന ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാര്‍ത്ഥി കൂടിയാണ്. 30 വയസ്സാണ് ഹന്നയുടെ പ്രായം. മലേഷ്യയില്‍ ജനിച്ച ഹന്ന മുന്‍ അറ്റോര്‍ണി ജനറല്‍ ടോമി തോമസിന്റെ മകളാണ്. മലേഷ്യയില്‍ ഈ സ്ഥാനം വഹിക്കുന്ന ആദ്യ വിദേശിയായിരുന്നു ടോമി തോമസ്. മാത്രമല്ല, മുസ്ലീം സമുദായത്തില്‍ നിന്നല്ലാതെ ഈ പദവിയിലെത്തുന്ന ആദ്യ വ്യക്തി കൂടിയായിരുന്നു അദ്ദേഹം. ആനി ഐപ്പ് ആണ് ഹന്നയുടെ അമ്മ.
advertisement
രണ്ടാം ലോക മഹായുദ്ധത്തിനുശേഷം 1940കളുടെ അവസാനത്തിലാണ് ടോമി തോമസിന്റെ കുടുംബം മെച്ചപ്പെട്ട സാധ്യതകള്‍ തേടി പത്തനംതിട്ടയില്‍ നിന്നും മലേഷ്യയിലേക്ക് കുടിയേറിയതെന്ന് ഒരു കുടുംബ സുഹൃത്ത് പറയുന്നു. അന്ന് മധ്യതിരുവിതാംകൂറില്‍ നിന്നും മലേഷ്യയിലേക്കുള്ള കുടിയേറ്റ പ്രവണത ഗണ്യമായി വര്‍ധിച്ചിരുന്നു.
ഹന്നയുടെ മുത്തച്ഛന്‍ കെ തോമസ് കോഴഞ്ചേരിക്കടുത്ത് മാരമണ്‍ കേളുതറ കുടുംബാംഗമാണ്. മുത്തശ്ശി ഡോ. വിജയമ്മ തോമസ് തിരുവല്ലയ്ക്കടുത്ത് കുമ്പനാട് കുടുംബത്തിലും വേരുകളുള്ളയാളാണ്. പാരസൈറ്റോളജി വിഭാഗത്തില്‍ അസോസിയേറ്റ് പ്രൊഫസര്‍ ആയിരുന്നു ഡോ. വിജയമ്മ. റോയല്‍ സൊസൈറ്റി ഓഫ് ട്രോപ്പിക്കല്‍ മെഡിസിന്‍ ആന്‍ഡ് ഹൈജീന്‍, ഇന്ത്യന്‍ സൊസൈറ്റി ഓഫ് മലേറിയ ആന്‍ഡ് കമ്മ്യൂണിക്കബിള്‍ ഡീസിസസ് എന്നിവയുടെ ആജീവനാന്ത അംഗവുമായിരുന്നു അവര്‍.
advertisement
ഹന്നയുടെ അച്ഛന്‍ ടോമി തോമസ് ജനിക്കുന്നത് 1952-ല്‍ ക്വാലാലംപൂരിലാണ്. 2018ല്‍ അദ്ദേഹം അറ്റോര്‍ണി ജനറലായി നിയമിതനായി. 2020 ഫെബ്രുവരി 28-ന് മലേഷ്യയില്‍ ഉണ്ടായ രാഷ്ട്രീയ പ്രതിസന്ധിയെ തുടര്‍ന്ന് അദ്ദേഹം രാജിവെക്കുകയായിരുന്നു.
2009-ല്‍ വിദ്യാര്‍ത്ഥി വിസയിലാണ് ഹന്ന മലേഷ്യയില്‍ നിന്നും ഓസ്‌ട്രേലിയയില്‍ എത്തിയത്. ഓസ്‌ട്രേലിയയിലെ വിവിധ വിഷയങ്ങളിലും ഹന്നയുടെ ശബ്ദം ഉയര്‍ന്നുകേട്ടിരുന്നു. പലസ്തീന്‍-ഇസ്രയേല്‍ സംഘര്‍ഷം മുതല്‍ കുടിയേറ്റക്കാരുടെയും അഭയാര്‍ത്ഥികളുടെയും പ്രശ്‌നങ്ങളില്‍ വരെ ഹന്ന ശബ്ദമുയര്‍ത്തി. ലേബര്‍ സര്‍ക്കാരിന്റെ കുടിയേറ്റ വിരുദ്ധ നടപടികള്‍ക്കെതിരെയും ഹന്നയുടെ ശബ്ദം ഉയര്‍ന്നുകേട്ടു.
advertisement
ഗാസയില്‍ നടക്കുന്ന ഭീകരതകള്‍ക്കെതിരെ ആല്‍ബനീസ് നിലകൊള്ളാത്തതാണ് ഹന്നയെ തിരഞ്ഞെടുപ്പിലേക്ക് നയിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
16 വര്‍ഷങ്ങള്‍ക്ക് മുമ്പ് ആദ്യമായി ഓസ്‌ട്രേലിയയില്‍ എത്തിയ സമയത്ത് ഈ രാജ്യത്തിന്റെ പ്രധാനമന്ത്രിക്കെതിരെ മത്സരിക്കുമെന്ന് ആരെങ്കിലും തന്നോട് പറഞ്ഞിരുന്നെങ്കില്‍ അത് താന്‍ വിശ്വസിക്കുമായിരുന്നില്ലെന്ന് ഗ്രീന്‍സ് വെബ്‌സൈറ്റിലെ പ്രൊഫൈലിൽ ഹന്ന പറയുന്നു. ഓസ്‌ട്രേലിയയില്‍ ആദ്യമായി എത്തുമ്പോള്‍ വളരെ നാണം കുണുങ്ങിയ വിദ്യാര്‍ത്ഥിയായിരുന്നു താനെന്നും ഹന്ന പ്രൊഫൈലില്‍ പറയുന്നുണ്ട്.
ആല്‍ബനീസിനെതിരെ കടുത്ത വിമര്‍ശനങ്ങളാണ് ഹന്ന നടത്തിയിട്ടുള്ളത്. ഓസ്‌ട്രേലിയയില്‍ ഭവന, ജീവിതച്ചെലവ് പ്രതിസന്ധിക്ക് കാരണം തന്നെ പോലുള്ള കുടിയേറ്റക്കാരാണെന്ന് ആല്‍ബനീസ് കുറ്റപ്പെടുത്തിയത് ഒരു കുടിയേറ്റക്കാരി എന്ന നിലയില്‍ അരോചകമായി തോന്നിയെന്നും ഹന്ന വ്യക്തമാക്കി.
advertisement
തന്റെ കുടുംബ പശ്ചാത്തലത്തെ കുറിച്ചും പ്രൊഫൈലില്‍ ഹന്ന വിവരിച്ചിട്ടുണ്ട്. മലേഷ്യയില്‍ രാഷ്ട്രീയ പ്രവര്‍ത്തനവും സാമൂഹിക ഇടപെടലുകളും നടത്തിയിട്ടുള്ള പുരോഗമന മൂല്യത്തില്‍ അധിഷ്ഠിതമായിട്ടുള്ള ഒരു കുടുംബത്തില്‍ ജനിക്കാന്‍ കഴിഞ്ഞതില്‍ താന്‍ ഭാഗ്യവതിയാണെന്ന് ഹന്ന പറഞ്ഞു. ഓസ്‌ട്രേലിയയില്‍ ആയിരിക്കുമ്പോള്‍ ഗ്രീന്‍സ് പാര്‍ട്ടിയില്‍ അംഗമാകുകയെന്നത് അനിവാര്യമായിരുന്നുവെന്നും അവര്‍ പറയുന്നു.
48-ാമത് പാര്‍ലമെന്റിലേക്കാണ് ഓസ്‌ട്രേലിയന്‍ ഫെഡറല്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്. ജനപ്രതിനിധി സഭയിലെ 150 സീറ്റുകളിലേക്കും സെനറ്റിലെ 76 സീറ്റുകളില്‍ 40 എണ്ണത്തിലേക്കുമാണ് മത്സരം. ആല്‍ബനീസിന്റെ നേതൃത്വത്തിലുള്ള ലേബര്‍ സര്‍ക്കാര്‍ രണ്ടാം തവണയും അധികാരം പിടിക്കാനുള്ള തീവ്ര ശ്രമത്തിലാണ്. പ്രതിപക്ഷ നേതാവ് പീറ്റര്‍ ഡട്ടന്‍ നയിക്കുന്ന ലിബറല്‍/ നാഷണല്‍ സംഖ്യത്തിനെതിരെയാണ് മത്സരം. ഗ്രീന്‍സ് പാര്‍ട്ടി ഉള്‍പ്പെടെ നിരവധി ചെറുകിട പാര്‍ട്ടികളും സ്വതന്ത്രരും തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുണ്ട്.
മലയാളം വാർത്തകൾ/ വാർത്ത/World/
ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രിക്കെതിരെ മത്സരിക്കാന്‍ പത്തനംതിട്ടയില്‍ വേരുകളുള്ള ഹന്ന
Next Article
advertisement
കോടീശ്വരന്മാരാകുമെന്ന് ജോത്സ്യൻ; ഓസ്‌ട്രേലിയയില്‍ 53-കാരിയും മകളും തട്ടിയെടുത്തത് 588 കോടി രൂപ
കോടീശ്വരന്മാരാകുമെന്ന് ജോത്സ്യൻ; ഓസ്‌ട്രേലിയയില്‍ 53-കാരിയും മകളും തട്ടിയെടുത്തത് 588 കോടി രൂപ
  • ഓസ്‌ട്രേലിയയിൽ 53-കാരിയും മകളും 588 കോടി രൂപയുടെ തട്ടിപ്പിൽ അറസ്റ്റിൽ.

  • വ്യാജ വാഗ്ദാനങ്ങൾ നൽകി സാമ്പത്തികമായി ദുര്‍ബലരായ ഇരകളെ കബളിപ്പിച്ചെന്ന് പോലീസ്.

  • പ്രതികളുടെ 126 കോടി രൂപയുടെ ആസ്തികൾ മരവിപ്പിച്ചെന്നും 39 ക്രിമിനൽ കുറ്റങ്ങൾ ചുമത്തിയെന്നും പോലീസ്.

View All
advertisement