സമയോചിതമായ ഇടപെടലിലൂടെ യുദ്ധം ഒഴിവായെന്ന് ഇമ്രാൻ ഖാൻ
Last Updated:
കൃത്യ സമയത്തെ ഇടപെടലിലൂടെ ഇന്ത്യ - പാകിസ്ഥാൻ യുദ്ധം ഒഴിവാക്കാൻ കഴിഞ്ഞെന്ന് പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ.
ഇസ്ലാമബാദ്: കൃത്യ സമയത്തെ ഇടപെടലിലൂടെ ഇന്ത്യ - പാകിസ്ഥാൻ യുദ്ധം ഒഴിവാക്കാൻ കഴിഞ്ഞെന്ന് പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. കൃത്യസമയത്തെ ശരിയായ തീരുമാനത്തിലൂടെയാണ് യുദ്ധം ഒഴിവാക്കാൻ കഴിഞ്ഞത്. ബുധനാഴ്ച പാകിസ്ഥാൻ തെഹ് രീക്-ഇ-ഇൻസാഫ് പാർട്ടി യോഗത്തിൽ സംസാരിക്കവെയാണ് ഇമ്രാൻ ഖാൻ ഇങ്ങനെ പറഞ്ഞത്. ജിയോ ന്യൂസ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
അതേസമയം, പാകിസ്ഥാൻ അസംബ്ലിയിൽ സംസാരിക്കവെ ഇന്ത്യൻ എയർ ഫോഴ്സ് വിംഗ് കമാൻഡർ അഭിനന്ദൻ വർതമാനെ മോചിപ്പിച്ച സംഭവം പാകിസ്ഥാൻ വിദേശകാര്യമന്ത്രി ഷാ മഹ്മൂദ് ഖുറേഷി പരാമർശിച്ചു. അഭിനന്ദന്‍റെ വിഷയം പാകിസ്ഥാൻ ചർച്ച ചെയ്തിരുന്നു. പാകിസ്ഥാന്‍റെ താൽപര്യത്തിന് അനുസരിച്ചാണ് ഇത് ചെയ്തത്. ഇങ്ങനെ ചെയ്തതിലൂടെ പാകിസ്ഥാൻ നൽകിയ സന്ദേശം കൃത്യവും ശക്തവുമാണെന്നും അദ്ദേഹം പറഞ്ഞു.
പുൽവാമയിൽ പരിശീലനം കഴിഞ്ഞ് മടങ്ങുകയായിരുന്ന സി.ആർ.പി.എഫ് ജവാൻമാർക്ക് നേരെ ഭീകരാക്രമണം ഉണ്ടായതിനെ തുടർന്നാണ് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ബന്ധം വഷളായത്. ഭീകരാക്രമണത്തിന്‍റെ ഉത്തരവാദിത്തം ഭീകരസംഘനയായ ജെയ്ഷ്-ഇ-മുഹമ്മദ് ഏറ്റെടുത്തിരുന്നു. പുൽവാമയിലെ ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ ബാലാകോട്ടിലെ ജെയ്ഷ്-ഇ-മുഹമ്മദ് കേന്ദ്രങ്ങൾ ആക്രമിച്ചിരുന്നു.
advertisement
സംഘർഷം തുടരുന്നതിനിടയിൽ ഇന്ത്യൻ എയർഫോഴ്സ് പൈലറ്റ് അഭിനന്ദൻ പാക് സൈന്യത്തിന്‍റെ പിടിയിലായിരുന്നു. എന്നാൽ, ദിവസങ്ങൾക്കുള്ളിൽ തന്നെ അഭിനന്ദനെ പാകിസ്ഥാൻ വിട്ടയച്ചിരുന്നു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
March 07, 2019 11:47 AM IST