തായ്‌ലന്‍ഡ്-കംബോഡിയ സംഘർഷത്തിൽ പുരാതന ഹിന്ദു ക്ഷേത്രത്തിന് കേടുപാടുകള്‍ സംഭവിച്ചതില്‍ ആശങ്ക
- Published by:Nandu Krishnan
- news18-malayalam
Last Updated:
അതിര്‍ത്തി പ്രശ്‌നത്തില്‍ സംയമനം പാലിക്കാനും ശത്രുത അവസാനിപ്പിക്കാനും തായ്‌ലന്‍ഡിനോടും കംബോഡിയയോടും അഭ്യർത്ഥിച്ച് ഇന്ത്യ
തായ്‌ലന്‍ഡും കംബോഡിയയും തമ്മിലുള്ള അതിര്‍ത്തി തര്‍ക്കം കൂടുതല്‍ സംഘര്‍ഷഭരിതമായ സാഹചര്യത്തില്‍ ആശങ്ക അറിയിച്ച് ഇന്ത്യ. അതിര്‍ത്തി പ്രശ്‌നത്തില്‍ സംയമനം പാലിക്കാനും ശത്രുത അവസാനിപ്പിക്കാനും ഇന്ത്യ തായ്‌ലന്‍ഡിനോടും കംബോഡിയയോടും അഭ്യര്‍ത്ഥിച്ചു.
അതിര്‍ത്തിയിലെ പ്രധാന തര്‍ക്കം പുരാതന ഹിന്ദു ക്ഷേത്രമായ പ്രീഹ് വിഹാറിന്റെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ടതാണ്. തായ്‌ലന്‍ഡ്-കംബോഡിയന്‍ അതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന പ്രീഹ് വിഹാര്‍ ക്ഷേത്രം യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയില്‍ ഉള്‍പ്പെട്ട സ്ഥലമാണ്. 11-ാം നൂറ്റാണ്ടിലെ ഈ ഹിന്ദു ക്ഷേത്രത്തിന് ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷത്തില്‍ സാരമായ കേടുപാടുകള്‍ സംഭവിച്ചതായി റിപ്പോര്‍ട്ടുണ്ട്.
ക്ഷേത്രത്തിന് കേടുപാടുകള്‍ സംഭവിച്ചതിലാണ് ഇന്ത്യ ആശങ്ക അറിയിച്ചിരിക്കുന്നത്. സംരക്ഷിക്കപ്പെടേണ്ട സൗകര്യങ്ങള്‍ക്കുണ്ടാകുന്ന ഏതൊരു നാശനഷ്ടവും നിര്‍ഭാഗ്യകരവും ആശങ്കാജനകവുമാണെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിലൂടെ പറഞ്ഞു. യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയില്‍ ഉള്‍പ്പെട്ട പ്രീഹ് വിഹാര്‍ ക്ഷേത്രം സാംസ്‌കാരിക പൈതൃക സ്ഥലമാണെന്നും അതിന്റെ സംരക്ഷണത്തില്‍ ഇന്ത്യ അടുത്ത പങ്കാളിയാണെന്നും വിദേശകാര്യ വക്താവ് രണ്‍ദീര്‍ ജയ്‌സ്വാള്‍ പ്രസ്താവനയില്‍ പറഞ്ഞു.
advertisement
"ക്ഷേത്രവും പരിസരവും സംരക്ഷിക്കുന്നതിന് എല്ലാ നടപടികളും സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. സംയമനം പാലിക്കാനും ശത്രുത അവസാനിപ്പിക്കാനും സംഘര്‍ഷം തടയാനും ഇരു കക്ഷികളോടും അഭ്യര്‍ത്ഥിക്കുന്നു. സമാധാനത്തിന്റെ പാതയിലേക്ക് മടങ്ങണമെന്നും അഭ്യര്‍ത്ഥിക്കുന്നു", അദ്ദേഹം പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.
യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മധ്യസ്ഥതയില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിട്ടും തായ്‌ലന്‍ഡും കംബോഡിയയും തമ്മില്‍ വീണ്ടും അതിര്‍ത്തിയില്‍ ഏറ്റുമുട്ടല്‍ ആരംഭിച്ചതോടെയാണ് ഇന്ത്യയുടെ പ്രതികരണം. കംബോഡിയയുടെ സൈനിക ശേഷി തകര്‍ക്കാന്‍ ആഗ്രഹിക്കുന്നതായി തായ്‌ലന്‍ഡ് സൈന്യം വ്യക്തമാക്കിയിട്ടുണ്ട്. ദൗത്യം അവസാനിപ്പിക്കില്ലെന്ന് പ്രധാനമന്ത്രി അനുതിന്‍ ചാണ്‍വിരാകുല്‍ പറഞ്ഞു.
advertisement
അതേസമയം, സമാധാനം ആഗ്രഹിക്കുന്നതായും സ്വയം പ്രതിരോധത്തിനായി പ്രവര്‍ത്തിച്ചതായും ചര്‍ച്ചകള്‍ക്ക് തയ്യാറാണെന്നും കംബോഡിയന്‍ സര്‍ക്കാര്‍ അറിയിച്ചു.
സംഘര്‍ഷ ഭൂമിയിലുള്ള പ്രീഹ് വിഹാര്‍ ക്ഷേത്രം സംരക്ഷിക്കണമെന്ന് യുനെസ്‌കോയും ആവശ്യപ്പെട്ടിട്ടുണ്ട്. 11-ാം നൂറ്റാണ്ടില്‍ ഖെമര്‍ സാമ്രാജ്യത്തിന്റെ സുവര്‍ണ്ണ കാലഘട്ടത്തില്‍ നിര്‍മ്മിക്കപ്പെട്ടതാണ് ഈ ക്ഷേത്രം. ഈ പുരാതന ഹിന്ദു ക്ഷേത്രം തായ്‌ലന്‍ഡ്- കംബോഡിയന്‍ അതിര്‍ത്തിയില്‍ സ്ഥിതിചെയ്യുന്ന യുനെസ്‌കോയുടെ ലോക പൈതൃക സ്ഥലമാണ്. ഇരു രാജ്യങ്ങള്‍ക്കും ആത്മീയമായും സാംസ്‌കാരികമായും പ്രാധാന്യമുള്ള സ്ഥലമാണിത്.
തായ്‌ലന്‍ഡിന്റെ സൈന്യം പീരങ്കികളും വ്യോമാക്രമണങ്ങളും ഉപയോഗിച്ച് ക്ഷേത്ര സ്ഥലത്തിന് കാര്യമായ നാശനഷ്ടങ്ങള്‍ വരുത്തിയിട്ടുണ്ട്. ക്ഷേത്രത്തിന്റെ നിരവധി കവാടങ്ങള്‍, പ്രതിമകള്‍, വടക്കന്‍ പടിക്കെട്ടുകള്‍, സംരക്ഷണ കെട്ടിടങ്ങള്‍ എന്നിവ തകര്‍ത്തതായി റിപ്പോര്‍ട്ടുകള്‍ അവകാശപ്പെടുന്നു. സംഘര്‍ഷത്തില്‍ യുനെസ്‌കോ ഗുരുതരമായ ആശങ്കകള്‍ ഉന്നയിച്ചിട്ടുണ്ട്. സാംസ്‌കാരിക പൈതൃകത്തിന്റെ അടിയന്തര സംരക്ഷണം ഉറപ്പാക്കാനും അന്താരാഷ്ട്ര പ്രതിബദ്ധതകള്‍ ഉയര്‍ത്തിപ്പിടിക്കാനും ഇരു രാജ്യങ്ങളെയും പ്രേരിപ്പിക്കുകയും ചെയ്തു.
advertisement
1954ലെ ഹേഗ് ഉടമ്പടി, 1972ലെ ലോക പൈതൃക ഉടമ്പടി തുടങ്ങിയ അന്താരാഷ്ട്ര നിയമങ്ങള്‍ ഉപയോഗിച്ച് പ്രദേശത്തിന്റെ പൈതൃകം എല്ലാ രൂപത്തിലും സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത യുനെസ്‌കോ പ്രസ്താവനയില്‍ ഊന്നിപ്പറഞ്ഞു. സ്ഥിതിഗതികള്‍ നിരീക്ഷിക്കുന്നത് തുടരുമെന്നും സാഹചര്യങ്ങള്‍ മെച്ചപ്പെടുമ്പോള്‍ സാങ്കേതിക പിന്തുണയും അടിയന്തര സംരക്ഷണ നടപടികളും നല്‍കാന്‍ തയ്യാറാണെന്നും യുനെസ്‌കോ അറിയിച്ചു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
December 12, 2025 6:57 PM IST
മലയാളം വാർത്തകൾ/ വാർത്ത/World/
തായ്‌ലന്‍ഡ്-കംബോഡിയ സംഘർഷത്തിൽ പുരാതന ഹിന്ദു ക്ഷേത്രത്തിന് കേടുപാടുകള്‍ സംഭവിച്ചതില്‍ ആശങ്ക










