സൈന്യവും അർദ്ധസൈന്യവും തമ്മിൽ ഏറ്റുമുട്ടൽ രൂക്ഷമായ സുഡാൻ തലസ്ഥാനമായ ഖാർത്തൂമിൽ നിന്ന് ഇന്ത്യയുൾപ്പെടെ നിരവധി രാജ്യങ്ങൾ തങ്ങളുടെ നയതന്ത്രജ്ഞരെയും പൗരന്മാരെയും ഒഴിപ്പിച്ചു. 72 മണിക്കൂർ വെടിനിർത്തൽ പ്രഖ്യാപനം ചൊവ്വാഴ്ച മുതൽ പ്രാബല്യത്തിൽ വന്നതോടെ കഴിഞ്ഞ ദിവസങ്ങളിൽ രക്ഷാപ്രവർത്തനം ഊർജിതമാക്കിയിരുന്നു. സൈന്യവും അർദ്ധസൈനികരും തമ്മിലുള്ള പോരാട്ടം നൂറുകണക്കിന് ആളുകളുടെ ജീവൻ അപഹരിക്കുകയും വെള്ളം, ഭക്ഷണം, മരുന്നുകൾ, ഇന്ധനം എന്നിവയുടെ രൂക്ഷമായ ക്ഷാമത്തിലേക്ക് നയിക്കുകയും ചെയ്ത സുഡാനിൽ നിന്ന് റോഡ്, വ്യോമ, കടൽ മാർഗങ്ങളിലൂടെ തങ്ങളുടെ പൗരന്മാരെ രക്ഷിക്കാൻ വിദേശ രാജ്യങ്ങൾ ശ്രമിക്കുകയാണ്. സുഡാനിലെ ആരോഗ്യ മന്ത്രാലയം പറയുന്നതനുസരിച്ച് ഈ പോരാട്ടത്തിൽ ഇതുവരെ കുറഞ്ഞത് 512 പേർ കൊല്ലപ്പെടുകയും 4,000-ത്തിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. കൂടാതെ ഖാർത്തൂമിലെ ചില ജില്ലകൾ നാമാവശേഷമാവുകയും ചെയ്തു.
Also read-മലയാളിയടക്കം 97 പേർ കൊല്ലപ്പെട്ട സുഡാൻ കലാപത്തിന് കാരണമെന്ത്?
സംഘർഷം രൂക്ഷമായ സുഡാനിൽ നിന്ന് ആളുകളെ ഒഴിപ്പിക്കുന്നതിനെക്കുറിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങൾ അറിയാം.
- ഓപ്പറേഷൻ കാവേരിയുടെ കീഴിൽ ഇന്ത്യ സുഡാനിൽ നിന്ന് 1,100ലധികം പൗരന്മാരെ വിജയകരമായി ഒഴിപ്പിച്ചു. ആദ്യ ബാച്ചിൽ ഇന്ത്യ 278 പൗരന്മാരെയും രണ്ടാമത്തേതിൽ 121 പേരെയും, മൂന്നാമത്തേതിൽ 135 പേരെയും നാലാമത്തേതിൽ 136 പേരെയും അഞ്ചാമത്തേതിൽ 297 പേരെയും ആറാം റൗണ്ടിൽ 128 പേരേയുമാണ് ഒഴിപ്പിച്ചത്.
- ഏറ്റവും പുതിയ ഓപ്പറേഷനിൽ ഇന്ത്യൻ വ്യോമസേനയുടെ C-130J മിലിട്ടറി ട്രാൻസ്പോർട്ട് എയർക്രാഫ്റ്റ് വ്യാഴാഴ്ച 128 ഇന്ത്യക്കാരെ കൂടി പോർട്ട് സുഡാനിൽ നിന്ന് ജിദ്ദയിലേക്ക് കൊണ്ടുവന്നു. ഇതോടെ രക്ഷപ്പെടുത്തിയ ഇന്ത്യക്കാരുടെ എണ്ണം 1000 ആയി ഉയർന്നു.
- ചൊവ്വാഴ്ച വൈകുന്നേരം സിവിലിയൻ എയർലിഫ്റ്റ് ആരംഭിച്ചതിന് ശേഷം ഇതുവരെ 300 ലധികം ബ്രിട്ടീഷുകാരെയും മറ്റ് വിദേശ പൗരന്മാരെയും സുഡാനിലെ അക്രമത്തിൽ നിന്ന് ഒഴിപ്പിച്ചതായി യുകെ സർക്കാർ അറിയിച്ചു.
- സംഘർഷഭരിതമായ സുഡാനിൽ നിന്ന് പൗരന്മാരെ രക്ഷിക്കാൻ ചൈന നാവികസേനയെ വിന്യസിച്ചതായി ബീജിംഗിലെ പ്രതിരോധ മന്ത്രാലയം വ്യാഴാഴ്ച അറിയിച്ചു. ഏകദേശം 1,500 ചൈനീസ് പൗരന്മാർ സുഡാനിലുണ്ടെന്ന് കണക്കാക്കുന്നു എന്നും മന്ത്രാലയം പറഞ്ഞു. ഒരു സംഘത്തെ സുരക്ഷിതമായി ഒഴിപ്പിച്ചതായി ചൈന തിങ്കളാഴ്ച അറിയിച്ചു. ഏപ്രിൽ 25 മുതൽ 27 വരെ സുഡാനിൽ നിന്ന് 800 പൗരന്മാരെ കടൽ മാർഗം ഒഴിപ്പിക്കുമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.
- ഫിലിപ്പീൻസ് മുതൽ സിംബാബ്‌വെ വരെയും അയർലൻഡിൽ നിന്ന് നിക്കരാഗ്വ വരെയും കടൽമാർഗം ജിദ്ദയിലേക്ക് 1600-ലധികം സാധാരണക്കാരെ സൗദി അറേബ്യ ഇതിനകം ഒഴിപ്പിച്ചു. കഴിഞ്ഞ ശനിയാഴ്ച കടൽ വഴിയുള്ള ആദ്യത്തെ ഒഴിപ്പിക്കലിന് സൗദി അറേബ്യ നേതൃത്വം നൽകി. അതിനുശേഷം 20ലധികം രാജ്യങ്ങളിൽ നിന്നുള്ള നൂറുകണക്കിന് സൗദി സ്വദേശികളെയും വിദേശികളെയും തുറമുഖ നഗരമായ ജിദ്ദയിലേക്ക് കൊണ്ടുപോയിരുന്നു.
- ബുധനാഴ്ച ഒരു ഇന്തോനേഷ്യൻ സൈനിക വിമാനം 110 ഇന്തോനേഷ്യൻ പൗരന്മാരെ പോർട്ട് സുഡാനിൽ നിന്ന് സൗദി നഗരമായ ജിദ്ദയിലേക്ക് എത്തിച്ചതായി വിദേശകാര്യ മന്ത്രാലയം വ്യാഴാഴ്ച ട്വീറ്ററിലൂടെ അറിയിച്ചു.
- ദുർബലമായ വെടിനിർത്തലിനിടെ വിദേശികളെ പലായനം ചെയ്യാൻ അനുവദിച്ചതിനാൽ നൈജീരിയ ബുധനാഴ്ച 3,500 ഓളം പൗരന്മാരെ ഒഴിപ്പിച്ചെടുക്കാനുള്ള ശ്രമം തുടങ്ങി. ആദ്യത്തെ ബാച്ചിൽ കൂടുതലും വിദ്യാർത്ഥികളെയാണ് ഉൾപ്പെടുത്തുന്നത്. സുഡാനിൽ നിന്ന് അയൽരാജ്യമായ ഈജിപ്തിലേക്കാണ് നൈജീരിയ പൗരന്മാരെ ഒഴിപ്പിക്കുന്നത്.
- ഈജിപ്ത് തങ്ങളുടെ പൗരന്മാരിൽ 446 പേരെ ചൊവ്വാഴ്ച കരമാർഗം സുഡാനിൽ നിന്ന് ഒഴിപ്പിച്ചു എന്നും 189 പേരെ വിമാനമാർഗം ഒഴിപ്പിച്ചു എന്നും അറിയിച്ചു. ഇതോടെ ഇതുവരെ ഒഴിപ്പിച്ചവരുടെ മൊത്തം എണ്ണം 1,539 ആയി ഉയർന്നു. 10,000-ത്തിലധികം ഈജിപ്തുകാർ സുഡാനിൽ താമസിക്കുന്നുണ്ടെന്നാണ് കരുതപ്പെടുന്നത്.
- ഞായറാഴ്ച യുഎസ് സൈനിക ഹെലികോപ്റ്ററുകൾ ഖാർത്തൂമിന്റെ തെക്കേ അറ്റത്തുള്ള എംബസിയിൽ നിന്ന് 100-ൽ താഴെ ആളുകളെ ഒഴിപ്പിച്ചിരുന്നു. യുഎസ് പൗരന്മാർക്ക് സുഡാനിൽ നിന്ന് കരമാർഗം പുറത്തേക്ക് വരാനായുള്ള വഴികൾ ഉദ്യോഗസ്ഥർ മുഖേന പരിശോധിക്കുന്നുണ്ടെന്ന് പെന്റഗൺ തിങ്കളാഴ്ച പറഞ്ഞു.
- ഫ്രാൻസ് 538 പേരെ ഒഴിപ്പിച്ചതായി പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ പറഞ്ഞു. അവരിൽ മൂന്നിലൊന്നുപേർ ഫ്രഞ്ച് പൗരന്മാരാണ്. സൈനിക വിമാനത്തിൽ നയതന്ത്രജ്ഞർ ഉൾപ്പെടെ 45 പൗരന്മാരെ ജപ്പാൻ ജിബൂട്ടി വഴി ഒഴിപ്പിച്ചിരുന്നു.
നിങ്ങളുടെ നഗരത്തിൽ നിന്ന്(കണ്ണൂർ)
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.