'ദുഷ്ടശക്തികൾക്കെതിരെ ഇന്ത്യ നിശബ്ദത പാലിക്കില്ല': ഭീകരതയ്‌ക്കെതിരെ ആഗോളതലത്തിൽ പോരാടണമെന്ന് ശശി തരൂർ
- Published by:Nandu Krishnan
- news18-malayalam
Last Updated:
ഭീകരതയുടെ ഭീഷണിക്കെതിരെ പരസ്പര ഐക്യത്തോടെയും ശക്തിയോടെയും ആഗോള സമൂഹം ഒരുമിച്ച് നിൽക്കണമെന്നും തരൂർ
ദുഷ്ടശക്തികൾക്കെതിരെ ഇന്ത്യ നിശബ്ദമായി ഇരിക്കില്ലെന്നും ഭീകരവാദത്തിനെതിരെ ആഗോളതലത്തിൽ പോരാടണമെന്നും കോൺഗ്രസ് നേതാവും എം.പിയുമായ ശശി തരൂർ. തീവ്രവാദത്തിനെതിരെ ഇന്ത്യ ഉയര്‍ത്തുന്ന സന്ദേശം ലോകത്തിനുമുന്നില്‍ അവതരിപ്പിക്കാൻ കേന്ദ്രസർക്കാർ അയച്ച 7 സർവ കക്ഷി സംഘങ്ങളൽ ഒരു സംഘത്തെ നയിക്കുന്നത് തരൂരാണ്. സംഘത്തിന്റെ അമേരിക്ക സന്ദർശന വേളയിൽ ന്യൂയോർക്ക് നഗരത്തിലെ 9/11 സ്മാരകത്തിന് പുറത്ത് മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു ഭീകരതയുടെ ഭീഷണിക്കെതിരെ പരസ്പര ഐക്യദാർഢ്യത്തോടെയും ശക്തിയോടെയും ഒരുമിച്ച് നിൽക്കാൻ ആഗോള സമൂഹത്തോട് അദ്ദേഹം ആഹ്വാനം ചെയ്തത്. അമേരിക്കയെപ്പോലെ തന്നെ ഇന്ത്യയും എങ്ങനെയാണ് ഭീകരതയ്ക്ക് ഇരയായതെന്ന് യുഎസിലെ വേൾഡ് ട്രേഡ് സെന്റർ ആക്രമണത്തെ പരാമർശിച്ചുകൊണ്ട് തരൂർ പറഞ്ഞു. പ്രതിനിധി സംഘം ഗയാന, പനാമ, ബ്രസീൽ, കൊളംബിയ എന്നീ രാജ്യങ്ങളും സന്ദർശിക്കും.
"ഭീകരതയുടെ വിപത്തിനെതിരെ നാമെല്ലാവരും ഒരുമിച്ച് നിൽക്കേണ്ടത് എത്ര പ്രധാനമാണെന്ന് ലോകത്തിന് വിശദീകരിക്കാൻ കഴിയുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. 9/11 ന് ശേഷം അമേരിക്ക ദൃഢനിശ്ചയവും കാണിച്ചതുപോലെ, ഏപ്രിൽ 22 ന് ഇന്ത്യയെ ആക്രമിച്ച ദുഷ്ടശക്തികൾക്കെതിരെയും നമ്മുടെ രാജ്യം നിലകൊണ്ടു," അദ്ദേഹം പറഞ്ഞു.
"ഈ ആക്രമണം നടത്തിയവരും അവർക്ക് ധനസഹായം നൽകിയവരും പരിശീലനം നൽകിയവരും സജ്ജരാക്കിയവരും നേതൃത്വം നൽകിയവരും ഒരു പാഠം പഠിച്ചിട്ടുണ്ടാകുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു, പക്ഷേ ഇത് ആവർത്തിച്ചാൽ ഞങ്ങൾ നിശബ്ദരായി ഇരിക്കില്ലെന്ന് ലോകത്തോട് അറിയിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു." തരൂർ കൂട്ടിച്ചേർത്തു.
advertisement
നിസംഗമായി ഇരിക്കാനുള്ള സമയമല്ലിത്. മറിച്ച് പരസ്പര ശക്തിക്കും ഐക്യദാർഢ്യത്തിനും വേണ്ടിയുള്ള സമയമാണെന്ന് ലോകം മനസ്സിലാക്കണം. ജനാധിപത്യം, മനുഷ്യ സ്വാതന്ത്ര്യം, വൈവിധ്യം, വ്യത്യസ്ത സമുദായങ്ങളിലെ ആളുകളുടെ സഹവർത്തിത്വം എന്നീ മൂല്യങ്ങളെ അമേരിക്ക എപ്പോഴും വിലമതിച്ചിട്ടുള്ളതാണ്. എന്നാൽ ഭീകരവാദ അക്രമണങ്ങൾ നടത്തുന്നവരുടെ അജണ്ടയിൽ ഇത്തരം മൂല്യങ്ങളൊന്നുമില്ല.തരൂർ പറഞ്ഞു.
ഭീകരവാദം എന്നത് പൊതുവായ ഒരു പ്രശ്നമാണെന്ന് ഓർമ്മിപ്പിക്കാനും ഇന്ത്യക്കാർ ഉൾപ്പെടെയുള്ള ഇരകളോടുള്ള ഐക്യദാർഢ്യത്തിന്റെ ഭാഗവുമായാണ് ഞങ്ങൾ വന്നത്.ഇത് ഒരു ആഗോള പ്രശ്നമാണ്, ഐക്യത്തോടെ ഇതിനെതിരെ പോരാടണം. ന്യൂയോർക്കിലെ കോൺസുലേറ്റിലെ കോൺഗ്രസിൽ സംസാരിക്കവെ തരൂർ പറഞ്ഞു. ഭീകരവാദികളെ തീർച്ചയായും നിയമത്തിന് മുന്നിൽ കൊണ്ടുവരണം. ഭീകരർ എവിടെയാണ് താമസിക്കുന്നത്, അവർക്ക് സുരക്ഷിതമായ താവളങ്ങൾ ഒരുക്കുന്നതും പരിശീലനം നൽകുന്നതും ധനസഹായം നൽകുന്നതും മാർഗനിർദേശം നൽകുന്നതും ആയുധങ്ങൾ നൽകുന്നതും ആരാണെന്ന് ചിന്തിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
advertisement
ഭീകരവാദത്തിനെതിരെ അന്താരാഷ്ട്ര തലത്തിൽ പരാതികളടക്കം എല്ലാം പരീക്ഷിച്ചു. എന്നാൽ പാക്കിസ്ഥാൻ എല്ലാം നിഷേധിക്കുകയാണ്. ഭീകരവാദികളെ ശിക്ഷിക്കാനോ അവരുടെ താവളങ്ങൾ തകർക്കാനോ പാക്കിസ്ഥാൻ ശ്രമിച്ചിട്ടില്ലെന്നും തരൂർ ചൂണ്ടിക്കാട്ടി.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
May 25, 2025 2:20 PM IST
മലയാളം വാർത്തകൾ/ വാർത്ത/World/
'ദുഷ്ടശക്തികൾക്കെതിരെ ഇന്ത്യ നിശബ്ദത പാലിക്കില്ല': ഭീകരതയ്‌ക്കെതിരെ ആഗോളതലത്തിൽ പോരാടണമെന്ന് ശശി തരൂർ