വ്യാഴത്തിന്റെ മനോഹര ചിത്രങ്ങൾ പുറത്തുവിട്ട് നാസ; 'ജൂണോ' ഉപഗ്രഹം പകർത്തിയ ചിത്രങ്ങൾ വൈറൽ
- Published by:Vishnupriya S
- news18-malayalam
Last Updated:
ഈ ചിത്രം വ്യാഴത്തില്‍ നിന്ന് 14,600 കിലോമീറ്റര്‍ അകലെ നിന്നാണ് പകര്‍ത്തിയിരിക്കുന്നത്
വ്യാഴം ഗ്രഹത്തിന്റെയും . വ്യാഴത്തിനു ചുറ്റുമുള്ള അതിശക്തമായ കൊടുങ്കാറ്റുകളുടെ മനോഹരമായ ചിത്രങ്ങൾ പകര്‍ത്തി അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസയുടെ ഉപഗ്രഹമായ ജൂണോ. ജലഛായ ചിത്രം പോലെ അതിമനോഹരമായ ഈ ചിത്രം വ്യാഴത്തില്‍ നിന്ന് 14,600 കിലോമീറ്റര്‍ അകലെ നിന്നാണ് പകര്‍ത്തിയിരിക്കുന്നത്. 2019 ജൂലൈയില്‍ വ്യാഴത്തിന്റെ ചുറ്റും 24-ാമത്തെ തവണ വലം വെച്ചപ്പോഴാണ് ജൂണോ ഈ ചിത്രം പകര്‍ത്തിയതെന്ന് നാസ ഇന്‍സ്റ്റഗ്രാമില്‍ ചിത്രത്തോടൊപ്പം പങ്കുവെച്ച കുറിപ്പില്‍ വ്യക്തമാക്കി.
”2016-ലാണ് ജൂണോ വ്യാഴത്തില്‍ എത്തിയത്. സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹത്തെക്കുറിച്ചും അതിന്റെ ഉപഗ്രഹങ്ങളെക്കുറിച്ചും പഠിക്കുന്നതിനുവേണ്ടിയാണ് ജൂണോ വിക്ഷേപിച്ചത്. വ്യാഴത്തിലെ വാതകങ്ങളെക്കുറിച്ചും ഭൂമിക്ക് പുറത്ത് ജീവന്റെ സാന്നിധ്യമുണ്ടോയെന്ന് അറിയുന്നതിനും വേണ്ടിയാണ് ജൂണോ വിക്ഷേപിച്ചത്”, നാസ പറഞ്ഞു. വ്യാഴത്തിന്റെ ഉത്തരധ്രുവത്തില്‍ നിന്നുള്ള ദൃശ്യങ്ങളാണിതെന്നും നാസ വ്യക്തമാക്കി. നീലയും വെള്ളയും നിറങ്ങളിലാണ് ചുഴലിക്കാറ്റിനെ ചിത്രത്തില്‍ കാണിച്ചിരിക്കുന്നത്. വൃത്താകൃതിയില്‍ ഉയര്‍ന്നുവരുന്ന, വലിയ ചുഴികളുടെ രൂപത്തിലാണ് ഈ കാറ്റ് ഉള്ളത്.
advertisement
നാസ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ചിത്രം ഇതിനോടകം 8.33 ലക്ഷം ലൈക്കുകളാണ് നേടിയത്. ഒട്ടേറെപ്പേര്‍ ചിത്രം മനോഹരമായിരിക്കുന്നുവെന്ന് കമന്റ് ചെയ്തു. ഹൈഡ്രജന്‍, ഹീലിയം തുടങ്ങി ഒട്ടേറെ വാതകങ്ങള്‍ വ്യാഴത്തില്‍ കാണപ്പെടുന്നുണ്ട്. വ്യാഴത്തിലെ ചുഴലിക്കാറ്റുകളാണ് അതിന് മനോഹരമായ നിറം നല്‍കുന്നത്. സൂര്യനില്‍ നിന്ന് അഞ്ചാമതായി സ്ഥിതി ചെയ്യുന്ന വ്യാഴത്തിന് 88,850 മൈല്‍ (143000 കിലോമീറ്റര്‍) ആണ് വ്യാസം. 2016 മുതല്‍ വ്യാഴത്തെ ചുറ്റുകയാണ് ജൂണോ. വ്യാഴത്തിലെ അന്തരീക്ഷം, ആന്തരിക ഘടന, ആന്തരിക കാന്തികമണ്ഡലം, ആന്തരിക കാന്തിക മണ്ഡലത്താല്‍ സൃഷ്ടിക്കപ്പെട്ട ചുറ്റുമുള്ള പ്രദേശം എന്നിവയെക്കുറിച്ചെല്ലാം പഠിക്കുക എന്നതാണ് ജൂണോയുടെ ഉദ്ദേശ്യം.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
August 30, 2023 3:01 PM IST
മലയാളം വാർത്തകൾ/ വാർത്ത/World/
വ്യാഴത്തിന്റെ മനോഹര ചിത്രങ്ങൾ പുറത്തുവിട്ട് നാസ; 'ജൂണോ' ഉപഗ്രഹം പകർത്തിയ ചിത്രങ്ങൾ വൈറൽ