നേപ്പാളിലും ബംഗ്ലാദേശ് ? മന്ത്രിമാർ രാജിവെച്ചു; നാടുവിട്ടെന്ന അഭ്യൂഹങ്ങൾക്കിടെ സർവകക്ഷിയോഗം വിളിച്ച് പ്രധാനമന്ത്രി
- Published by:Rajesh V
- news18-malayalam
Last Updated:
പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ടുകൊണ്ട് പ്രകടനക്കാർ രംഗത്തെത്തി. അക്രമം രൂക്ഷമായതോടെ, പ്രതിസന്ധി പരിഹരിക്കുന്നതിനായി വൈകുന്നേരം 6ന് സ ർവകക്ഷി യോഗം വിളിച്ചതായി ഒലി പ്രഖ്യാപിച്ചു
കാഠ്മണ്ഡു: സോഷ്യൽ മീഡിയ വിലക്ക് പിൻവലിച്ചിട്ടും നേപ്പാളിലെ ജെൻ സി പ്രക്ഷോഭം ആളിക്കത്തുന്നു. യുവാക്കളുടെ പ്രക്ഷോഭത്തിൽ ആടി ഉലയുന്ന കെ പി ശർമ ഒലി സർക്കാരിൽ നിന്ന് നാലു മന്ത്രിമാർ രാജിവച്ചതായാണ് റിപ്പോർട്ട്. പ്രധാനമന്ത്രി ശർമ ഒലി നാടുവിട്ടുവെന്ന അഭ്യൂഹങ്ങളും പ്രചരിച്ചു. ഇതിന് പിന്നാലെ പ്രധാനമന്ത്രി സർവകക്ഷി യോഗം വിളിച്ചു. വാർത്ത വിനിമയ മന്ത്രിയുടെ വീടിന് പ്രക്ഷോഭകർ തീയിട്ടു. കാഠ്മണ്ഡുവിൽ അനിശ്ചിതകാലത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. നേപ്പാളിലെ ഇന്ത്യക്കാർ ജാഗ്രത പാലിക്കണമെന്ന് വിദേശകാര്യമന്ത്രാലയം. ബംഗ്ലാദേശിലുണ്ടായ പ്രക്ഷോഭത്തിന് സമാനമാണ് നേപ്പാളിലേതെന്നും റിപ്പോർട്ടുകൾ പറയുന്നു.
നേപ്പാൾ പ്രസിഡന്റിന്റെ വസതിക്ക് സമീപം വെടിവയ്പ്പ് ഉണ്ടായി. ഇതിൽ ഒരാൾക്ക് പരിക്കേറ്റു. സർക്കാർ വിരുദ്ധ പ്രതിഷേധങ്ങൾ തുടർച്ചയായ രണ്ടാം ദിവസത്തിലേക്ക് കടന്നതോടെ സംഘർഷം കൂടുതൽ രൂക്ഷമായിരിക്കുകയാണ്. പൊതുയോഗങ്ങൾക്കുള്ള നിയന്ത്രണങ്ങൾ പരസ്യമായി ലംഘിച്ച് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ വിവിധയിടങ്ങളിൽ തടിച്ചുകൂടി. പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ടുകൊണ്ട് പ്രകടനക്കാർ രംഗത്തെത്തി. അക്രമം രൂക്ഷമായതോടെ, പ്രതിസന്ധി പരിഹരിക്കുന്നതിനായി വൈകുന്നേരം 6 മണിക്ക് സർവകക്ഷി യോഗം വിളിച്ചതായി ഒലി പ്രഖ്യാപിച്ചു.
“സാഹചര്യം വിലയിരുത്തുന്നതിനും അർത്ഥവത്തായ ഒരു നിഗമനത്തിലെത്തുന്നതിനും ഞാൻ ബന്ധപ്പെട്ട കക്ഷികളുമായി ചർച്ചയിലാണ്. അതിനായി ഇന്ന് വൈകുന്നേരം 6 മണിക്ക് ഒരു സർവകക്ഷി യോഗവും ഞാൻ വിളിച്ചിട്ടുണ്ട്. ഈ ദുഷ്‌കരമായ സാഹചര്യത്തിൽ ശാന്തത പാലിക്കാൻ എല്ലാ സഹോദരീസഹോദരന്മാരെയും ഞാൻ താഴ്മയോടെ അഭ്യർത്ഥിക്കുന്നു,” പ്രധാനമന്ത്രി പറഞ്ഞു.
advertisement
കാഠ്മണ്ഡുവിലെ കലങ്കി, ബനേഷ്‌വോർ പ്രദേശങ്ങളിലും ലളിത്പൂർ ജില്ലയിലെ ചാപ്പഗൗൺ-തെച്ചോ ബെൽറ്റിലും ജനക്കൂട്ടം തടിച്ചുകൂടി. "വിദ്യാർത്ഥികളെ കൊല്ലരുത്", "കെ പി ചോർ, ദേശ് ഛോഡ്" (കെപി ശർമ ഒലി ഒരു കള്ളനാണ്, രാജ്യം വിടുക), "അഴിമതിക്കാരായ നേതാക്കൾക്കെതിരെ നടപടിയെടുക്കുക" തുടങ്ങിയ മുദ്രാവാക്യങ്ങൾ മുഴക്കിയും, ടയറുകൾ കത്തിച്ചും രാവിലെ മുതൽ തന്നെ കലങ്കിയിൽ പ്രകടനക്കാർ റോഡുകൾ ഉപരോധിച്ചതായി ദൃക്‌സാക്ഷികൾ റിപ്പോർട്ട് ചെയ്തു.
ലളിത്പൂരിലെ സുനകോത്തിയിൽ, സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ നിരോധിക്കാൻ നേരത്തെ ഉത്തരവിട്ട കമ്മ്യൂണിക്കേഷൻ മന്ത്രി പൃഥ്വി സുബ്ബ ഗുരുങ്ങിന്റെ വസതിക്ക് നേരെ പ്രക്ഷോഭകർ കല്ലെറിഞ്ഞു. ഖുമാൽത്തറിലെ മുൻ പ്രധാനമന്ത്രി പുഷ്പ കമാൽ ദഹൽ 'പ്രചണ്ഡ'യുടെ വീടും പ്രതിഷേധക്കാർ നശിപ്പിച്ചു, ബുധാനിൽകാന്തയിലെ മറ്റൊരു മുൻ പ്രധാനമന്ത്രിയായ ഷേർ ബഹാദൂർ ദ്യൂബയുടെ വസതിക്ക് പുറത്ത് പ്രകടനങ്ങൾ നടത്തി.
advertisement
നേപ്പാൾ തലസ്താനമായ കാഠ്മണ്ഡുവിലും മറ്റ് നഗരങ്ങളിലും രാജ്യത്തെ യുവജനങ്ങൾ നേതൃത്വം നൽകിയ പ്രതിഷേധങ്ങൾക്ക് നേരെ പൊലീസ് നടത്തിയ വെടിവെപ്പിൽ 19 പേർ കൊല്ലപ്പെട്ടിരുന്നു. നൂറിലധികം പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോട്ട്. സംഘർഷങ്ങളുടെ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് നേപ്പാൾ ആഭ്യന്തരമന്ത്രി രമേശ് ലേഖക് രാജിവെച്ചിരുന്നു.
സമൂഹമാധ്യമങ്ങൾ സർക്കാർ നിരോധിച്ചത് യുവാക്കളുടെ വ്യാപക പ്രതിഷേധത്തിനാണ് വഴിതെളിച്ചത്. സർക്കാരിൻ്റെ അഴിമതിയും കെടുകാര്യസ്ഥതയും മറച്ചുവെയ്ക്കാനാണ് സമൂഹമാധ്യമങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയതെന്നായിരുന്നു പ്രതിഷേധക്കാരുടെ ആരോപണം. ഈ കമ്പനികളെല്ലാം നേപ്പാളിൽ വന്ന് ഓഫീസ് തുറക്കുകയും രജിസ്റ്റർ ചെയ്യണമെന്നുമായിരുന്നു സർക്കാരിന്റെ ആവശ്യം. സംഘർഷത്തിനിടെ ഇന്ത്യ - നേപ്പാൾ അതിർത്തിയിൽ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
September 09, 2025 1:06 PM IST
മലയാളം വാർത്തകൾ/ വാർത്ത/World/
നേപ്പാളിലും ബംഗ്ലാദേശ് ? മന്ത്രിമാർ രാജിവെച്ചു; നാടുവിട്ടെന്ന അഭ്യൂഹങ്ങൾക്കിടെ സർവകക്ഷിയോഗം വിളിച്ച് പ്രധാനമന്ത്രി